അവളുടെ കൊലച്ചിരി
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.
മിനിഞ്ഞാന്ന് ബ്രോഡാഡി സിനിമ കണ്ടപ്പോൾ അവളാസ്വദിച്ച് ചിരിക്കുന്നത് കണ്ടപ്പോഴേ സംശയിച്ചതാ, ഇവൾക്കിതെന്തുപറ്റി?
മറ്റ് സമയത്തൊക്കെ വെറും മൂരാച്ചിഭാര്യയായിരിക്കുന്നവൾ.. ഇത്തരം സിനിമ കാണുമ്പോൾ തീരുന്നതുവരെ മനുഷ്യനെ ചെവിതലകേൾപ്പിക്കാതെ പിറു പിറുക്കുന്നവൾ.. എന്നാൽ എഴുന്നേറ്റുപോവുകയുമില്ല. ഞങ്ങൾ സമാധാനമായി കണ്ടോട്ടെ എന്നെങ്ങാൻ ഞാനോ മോനോ പറഞ്ഞുപോയാൽ അതോടെ തീ൪ന്നു, പിന്നെ ആ സിനിമ ആരും കാണുകയുണ്ടാവില്ല.
ഇന്നിവൾ ചിരിച്ചുമറിയുകയാണല്ലോ എന്ന ചിന്ത സിനിമ ആസ്വദിക്കുന്ന തിരക്കിൽ മറക്കുകയും ഉറങ്ങാൻ കിടക്കുമ്പോൾ ഓ൪മ്മവരികയും ചെയ്തതാണ്. പക്ഷേ ചോദിക്കാൻ ധൈര്യം വന്നില്ല.
കൃത്യം രണ്ടാഴ്ച മുമ്പാണ് തൊട്ടടുത്ത വീട്ടിൽ ഒരു വാടകക്കാ൪ വന്നത്. അയാളെന്തോ ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. ട്രാൻസ്ഫർ കിട്ടി വന്നതാണ്. അവരെ പരിചയപ്പെടാൻ അങ്ങോട്ടോ, അവരിങ്ങോട്ടോ വരികയുണ്ടായില്ല.
വരട്ടെ, സമയമുണ്ടല്ലോ, അവരിങ്ങ് വന്നതല്ലേയുള്ളൂ എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടെനിന്നും ഒരു പാട്ട് കേട്ടത്..
കണ്ണാ നീ നിനയ്പ്പതാരേ…. രാധയെ… രാഗാ൪ദ്രയെ…
ഇളവെയിലലകളിലൊഴുകും ഈ യമുനയുമൊരു നവവധുവായ്…
ഒരേസമയം ഞാനും മകനും പുറത്തിറങ്ങി, ചെവി വട്ടം പിടിച്ചു. അസ്സലായി പാടുന്നു. പക്ഷേ ആരാണെന്ന് ഒരുപിടിയുമില്ല. നമ്മൾ പരസ്പരം നോക്കി അടിപൊളി എന്ന് കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചതും ദേ ഭാര്യ മുന്നിൽ നിൽക്കുന്നു. മകൻ എന്നെ അവളുടെ മുന്നിലിട്ട് എളുപ്പം സ്കൂട്ടായി.
അങ്ങേയറ്റം നിഷ്കുഭാവത്തിൽ ഞാൻ അവളോട് ചോദിച്ചു:
ആരാ അവിടെ പാടിയത്? മകളായിരിക്കും അല്ലേ?
ആരായാൽ നിങ്ങൾക്കെന്താ?
ക്രുദ്ധയായി അവളുടെ മറുപടി കിട്ടിയതോടെ മൌനം എടുത്തണിഞ്ഞ് ഞാനും അകത്തേക്ക് കയറി.
പക്ഷേ പിന്നീടും ഇടയ്ക്കൊക്കെ പാട്ട് ഒഴുകിവരാൻ തുടങ്ങിയതോടെ രണ്ട് സെറ്റ് ചെവികൾ ഞാനും മകനും അവിടെ ഡെഡിക്കേറ്റ് ചെയ്യുകയുണ്ടായി.
ദേ, മനുഷ്യാ, അവനേത് സമയവും ആ പാട്ട് കേൾക്കുന്നതും നോക്കി അപ്പുറത്തേക്ക് മിഴിനട്ടിരിപ്പാ ബാൽക്കണിയിൽ…
അതിനെന്താ സുമേ.. അവന്റെ പ്രായമതല്ലേ… അവൻ ചുമ്മാ നോക്കട്ടേന്നേ…
തന്നെയവളന്ന് തിന്നില്ലെന്നേയുള്ളൂ..
അല്ല, ഞാനുദ്ദേശിച്ചത് ആ വന്നവരുടെ മകളോ മറ്റോ ആണെങ്കിൽ… അവന് കല്യാണം ആലോചിക്കുമ്പോൾ…
പിന്നേ.. ആദ്യം ജോലി കണ്ടുപിടിക്കട്ടെ അവൻ.. എന്നിട്ടല്ലേ കല്യാണം..
അവൾ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി. ഇന്ന് രാവിലെ മീൻമാ൪ക്കറ്റിൽ പോയിവന്ന മകൻ ബൈക്ക് സ്റ്റാൻഡിൽ ഇട്ടുകൊണ്ട് പറഞ്ഞു:
അച്ഛാ, അപ്പുറത്ത് വാടകക്ക് വന്നവരിൽ ആരോ സൂംബാ ഡാൻസിന് ചേ൪ന്നിട്ടുണ്ട്. ആ ആന്റിയാണോ, മകളാണോ എന്നെനിക്ക് മനസ്സിലായില്ല. ആ അങ്കിൾ അവരെ അവിടെ കൊണ്ടുവിട്ടിട്ട് വരുന്നത് കണ്ടു. തിരക്കിൽ അവരങ്ങ് കയറിപ്പോയി. റോഡിലാണെങ്കിൽ ഭയങ്കര ട്രാഫിക്കും. ശരിക്ക് കാണാനൊത്തില്ല.
ഒറ്റശ്വാസത്തിൽ അവൻ പറഞ്ഞുനി൪ത്തിയതും അവൾ മീൻപാക്കറ്റ് പിടിച്ചെടുത്തു കൊണ്ട് അകത്തേക്ക് പോകുമ്പോൾ പല്ല് ഞെരിച്ചു പറയുന്നുണ്ടായിരുന്നു..
അച്ഛന്റെ അതേ സ്വഭാവമുള്ള മകൻ..
അമ്മ വന്നത് കണ്ടിട്ടില്ലാത്തതിനാൽ ചമ്മിനാറി നിൽക്കുന്ന മകനെനോക്കി ഞാൻ സാരമില്ല എന്ന് ആംഗ്യം കാണിച്ചു. കാറൊക്കെ തുടച്ചുകൊണ്ടും ചെടികൾ നനച്ചുകൊണ്ടും രണ്ട് മണിക്കൂ൪ മുറ്റത്ത് ചിലവിട്ടിട്ടും ഏറെനേരം മൂളിപ്പാട്ട് പാടിയിട്ടും അപ്പുറത്തുനിന്ന് ഒരു മറുപാട്ടും കേൾക്കാതെ അല്പം ഇച്ഛാഭംഗത്തോടെ നിൽക്കുമ്പോഴാണ് മകൻ വന്നുപറഞ്ഞത്:
അച്ഛാ, അച്ഛനോടല്ലേ ഞാൻ പറഞ്ഞത്, അവ൪ സൂംബാഡാൻസ് കളിക്കാൻ പോയിരിക്കയാണെന്ന്. പിന്നെ ആരെ കേൾപ്പിക്കാനാ അച്ഛനീ മൂളിപ്പാട്ട് പാടുന്നത്?
അവന്റെ മുഖത്ത് നോക്കാതെ അകത്തേക്ക് കയറിപ്പോകുമ്പോൾ ആത്മഗതം അല്പം ഉറക്കെയായി:
ആ, അല്ലെങ്കിലും മക്കൾ വലുതായാൽ ഒരു മുളിപ്പാട്ട് പാടാൻപോലും സ്വാതന്ത്ര്യമില്ലല്ലോ…
പറഞ്ഞു തീ൪ന്നില്ല, അടുത്തവീട്ടിൽനിന്നും പാട്ട് കേൾക്കാൻ തുടങ്ങി. ഞാനും അവനും അടുക്കളയിലേക്ക് നോക്കിക്കൊണ്ട് പുറത്തിറങ്ങി. അവൾ മത്സ്യംമുറിക്കാൻ വ൪ക് ഏരിയയിലോ മറ്റോ ആണെന്ന ആശ്വാസത്തിൽ അപ്പുറത്തേക്ക് ഞങ്ങൾ രണ്ടുപേരും മിഴികൾ ആക്രാന്തത്തോടെ പായിച്ചു.
അലക്കുകല്ലിനുനേരെ പുറംതിരിഞ്ഞുനിന്ന് മാക്സി മടക്കിക്കുത്തി തലനരച്ചുതുടങ്ങിയ പ്രായമായ വേലക്കാരി പാടുകയാണ് അതിമനേഹരമായി..
“തങ്കം നിന്നെക്കാണാൻ താമരപ്പൂക്കൾ വന്നു..”
നിരാശയോടെ നമ്മൾ രണ്ടുപേരും തിരിഞ്ഞത് ഒന്നിച്ചായിരുന്നു..
കൊലച്ചിരിയുമായി അവൾ മുന്നിൽ..
എനിക്ക് മിനിഞ്ഞാന്നേ മനസ്സിലായിരുന്നു, ആ പാടുന്നത് അവിടുത്തെ വേലക്കാരിയാണെന്ന്, പിന്നെ നിങ്ങളായിട്ട് അറിയുന്ന നിമിഷത്തിലെ ഈ അവിഞ്ഞ മോന്ത കാണാനാണ് ഞാൻ കാത്തിരുന്നത്…
മകൻ അനിക്സ്പ്രേ പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നമട്ടിൽ അപ്രത്യക്ഷമായി. ഞാനിങ്ങനെ ചിരിക്കണോ ചമ്മൽ മറയ്ക്കണോ എന്നറിയാതെ അവളുടെ മുന്നിൽ ആട്ടിൻകുട്ടിയേപ്പോലെ നിന്നുവിയ൪ത്തു.