അധിരൻ
Story written by Navas Amandoor
“ഒരു പതിനഞ്ച് വയസ്സുകാരന്റെ പ്രണയത്തിന് എത്ര മാത്രം തിവ്രതയുണ്ടാവും. ചിന്തിച്ചുണ്ടോ….?
“അറിയില്ല…ആ വഴിക്ക് എന്റെ ചിന്ത പോയിട്ടില്ല “
“എന്നാ ഈ നോവൽ വായിച്ചു നോക്ക്..”
സിസ്റ്റർ ടെസ്സി അഴുക്കും പൊടിയും പിടിച്ചത് പോലെയുള്ള കൈകൊണ്ട് കുറേ പേജുകൾ തുന്നികെട്ടിയ ബുക്ക് എന്റെ നേരെ നീട്ടി.
“ഇത് ആരാ എഴുതിയത്…?”
“ഇത് എഴുതിയ ആൾ തന്നെ മനോഹരമായി വരച്ച കവർ ഫോട്ടോയിൽ നോക്കിയാൽ കാണാം അവന്റെ പേര്.”
നിറങ്ങൾ മങ്ങിയ കവർ ഫോട്ടോയിൽ ഒരു പെണ്ണിന്റെ പകുതി ബാക്കി പകുതി ഭൂമിയാണ്.. പച്ചപ്പും പുഴയും കടലുമുള്ള ഭൂമി. അതിൽ താഴെ ഒരു പേര്.
‘അധിരൻ ‘
“ഞാൻ നാളെ വരാം. ഇന്ന് തന്നെ വായിക്കാൻ പറ്റുമെങ്കിൽ..”
“തീർച്ചയായും..”
സിസ്റ്റർ ടെസ്സി ആ ബുക്ക് എന്നെ ഏല്പിച്ചു തിരിച്ചു പോയി. ഞാൻ വെറുതെ പേജുകൾ മറിച്ചു നോക്കി. എല്ലാ പേജിലും അഴുക്കും പൊടിയും തുടച്ചു മാറ്റിയ പാടുകൾ.
ഞാൻ വായിക്കാനിരുന്നു. വായന തുടങ്ങിയാൽ വായിച്ചു തീർക്കാതെ സമാധാനം കിട്ടില്ല.സമയമെടുത്തു വായിച്ചു തീർക്കാൻ തന്നെ ഞാൻ ഉറപ്പിച്ചു
ഓരോ അദ്ധ്യായത്തിലും കഥയുടെ സന്ദർഭം മനോഹരമായി വരച്ചു ചേർത്തിട്ടുണ്ട്.
വായന തുടങ്ങിയപ്പോൾ മുതൽ വായന കഴിയുന്നതുവരെ ഒരു വാക്കിൽ നിന്നും അടുത്ത വാക്കിലേക്കും വരികളിൽ നിന്നും അടുത്ത വരികളിലേക്കും ഒരു പേജിൽ നിന്നും അടുത്ത പേജിലേക്കും സമയത്തെ പോലും മറന്ന് കൂടെ പോയികൊണ്ടിരുന്നു.
രാത്രി കുറച്ചു വൈകിയെങ്കിലും അധിരന്റെ ഭാവനയുടെ അത്ഭുതത്തെ അവന്റെ അക്ഷരങ്ങളിൽ നിന്നും തൊട്ടറിഞ്ഞതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്. വർണ്ണിക്കാൻ കഴിയാത്ത വായന അനുഭവം. ഉറങ്ങാൻ കിടന്നിട്ടും മനസ്സിൽ നിന്നും ഇറങ്ങി പോകാൻ മടിക്കുന്ന കഥയും കഥാപാത്രങ്ങളും.
രാവിലെ പത്ത് മണിക്ക് മുൻപേ സിസ്റ്റർ എത്തി. എന്നെ കണ്ടപ്പോൾ തന്നെ എങ്ങനെ യുണ്ട്.. എന്നായിരുന്നു ചോദ്യം
“അയാൾ ശെരിക്കുമൊരു അത്ഭുതമാണല്ലോ..കണ്ണെടുക്കാൻ തോന്നിയില്ല അക്ഷരങ്ങളിൽ നിന്ന്.”
ടെസ്സിയോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല അധിരൻ.അവന്റെ ഇഷ്ടങ്ങളെയല്ലാം ഒരു ഗ്രമത്തിലെ മുഴുവൻ ആളുകളുടെയും ഇടയിൽ അവളെ നായികയാക്കി അവൻ എഴുതി തീർത്തു നോവൽ.
അധിരൻ അവന്റെ കഥ പറയാൻ ഒരു ഗ്രാമത്തെ ഉണ്ടാക്കി.അവൻ അറിയുന്ന പലരെയും അവൻ കണ്ട പല കാഴ്ചകളും കഥയും കഥാപാത്രങ്ങളുമായി.
ടെസ്സിയെ സാറയാക്കി അവൻ എഴുതി വെച്ചിട്ടും ഒരിക്കൽ പോലും അവളോട്, അവനുള്ള ഇഷ്ടം നേരിട്ട് പറയാനും കഴിഞ്ഞില്ല. പതിനാല് വയസ്സുള്ള ടെസ്സിയും അവനെ പ്രണയിച്ചിരുന്നു..
“നീ വായിച്ചോ ടെസ്സി..?”
“വായിച്ചു.. ഒരുപാട് ഇഷ്ടായി ട്ടാ.”
“എന്ത് തോന്നി.. വായിച്ചു കഴിഞ്ഞപ്പോൾ..”
അവനൊരു കള്ളച്ചിരിയോടെ ടെസ്സിയെ നോക്കി.
“എനിക്ക് ഒന്നും തോന്നിയില്ല.”
അവൻ കേൾക്കാൻ കൊതിച്ചത് ടെസ്സി പറഞ്ഞില്ല. എങ്കിലും അവരുടെ മനസ്സുകൾ പരസ്പരം അറിയുന്നുണ്ട് ഉള്ളിലെ പ്രണയം.
വായിക്കുന്നവർ ആരും പാതിയിൽ നിർത്താതെ ആകാംഷയോടെ വായിച്ചിരുന്നു പോകുന്ന അവതരണ മികവിന്റെ മാസ്മരികതയാണ് അധിരന്റെ നോവൽ.
“ഞാൻ സിസ്റ്റർക്ക് എന്ത് സഹായമാണ് ചെയ്യണ്ടത്..?”
“ഞാനിത് പുറത്തിറക്കാൻ പോകുന്നു അവതാരിക സാർ എഴുതണം..പിന്നെ എന്റെ കൂടെ തന്നെ ഉണ്ടാവണം ഈ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കാൻ “
“ഞാനോ…കൂടെ നിക്കാം പക്ഷെ..നാളെ ഈ ബുക്ക് മലയാളസാഹിത്യത്തിന്റെ കയ്യൊപ്പ് ആവാം.. അങ്ങനെ ഒരു സൃഷ്ടിക്ക് ഞാൻ മതിയോ..?.
“സാർ.. മതി.”
“എനിക്ക് അധിരനെ ഒന്ന് കാണണം.അയാൾ പിന്നെ ഒന്നും എഴുതിയില്ലേ…?”
“സാർ നാളെ കുന്നിൻ മുകളിലെ പള്ളിയിൽ വാ.. ഞാൻ അവിടെ ഉണ്ടാവും.”
അന്നത്തെ ദിവസം മുഴുവൻ അധിരന്റെ കഥയായിരുന്നു മനസ്സിൽ.കഥയെക്കാൾ മനസ്സിനെ സ്പർശിക്കുന്ന അവതരണ മികവ്.ഉന്നതങ്ങളിൽ എത്താനുള്ള കഴിവുണ്ട് അവന്റെ അക്ഷരങ്ങൾക്ക്.
പിറ്റേന്ന് അധിരനെ കാണാനും പരിചയപ്പെടാനുമുള്ള ഇഷ്ടത്തിൽ ഞാൻ സിസ്റ്റർ പറഞ്ഞ പള്ളിയിലെത്തി.
സിസ്റ്റർ എന്നെയും കൂട്ടി പള്ളി സെമിത്തിരിയിലേക്ക് നടന്നു.സിസ്റ്റർ ഒരു കല്ലറയുടെ മുൻപിൽ നിന്ന് എന്നെ നോക്കി.
“അധിരൻ ഇവിടെയാ..”
മൗനത്തോടെ അവിടെ നിന്ന് അവന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചു.
“‘ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല.പപ്പയുടെ ഒപ്പം തമിഴ് നാട്ടിൽ ആയിരുന്നു.വന്നപ്പോൾ ഒരു മാസത്തിൽ കൂടുതലായി അവൻ പോയിട്ട്…സൈക്കിളിൽ പോകവേ.. ഏതോ വണ്ടി.”
അധിരന്റെ മരണം എല്ലാവർക്കും ഷോക്കായിരുന്നു.പതിഞ്ച് വയസ്സിനെക്കാൾ വകതിരിവ് ഉണ്ടായിരുന്നു.എല്ലാവരെയും സ്‌നേഹിച്ചു.സ്‌നേഹം അവനിലൂടെ വാചാലമായപ്പോൾ അവൻ ഇല്ലാതായിട്ടും ഇന്നും അവനെ ഓർക്കുന്നു.
“സിസ്റ്റർക്ക് എങ്ങനെ കിട്ടി ഈ ബുക്ക്.”
“ഞാൻ ഇടക്കൊക്കെ അവന്റെ വീട്ടിൽ പോകും അമ്മയെ കാണും.. അങ്ങനെ ഒരിക്കൽ പോയപ്പോൾ പുറത്ത് മണ്ണിൽ വലിച്ചെറിഞ്ഞ പോലെ ഈ ബുക്ക്.. എനിക്കത് കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല.. എന്റെ അധിരന്റെ ആത്മാവ് ഈ പേജുകളിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.. അന്ന് ഞാൻ അതെടുത്തു എന്റെ ഒപ്പം കൂട്ടി… എനിക്ക് കൂട്ടായി.”
“അവൻ ബാക്കി വെച്ചു പോയ ഒരു ചടങ്ങ് ഉണ്ട്…”
അത് എന്താണ് എന്ന അർത്ഥത്തിൽ ടെസ്സി എന്നെ നോക്കി.
“നോവലിനു ഒരു പേര് വേണ്ടേ..”
“വേണം… അത് ഞാൻ കണ്ട് വെച്ചിട്ടുണ്ട്.”
“എന്താണ്…?”
“പ്രണയം പൂത്ത മണ്ണ്.”
ഇനി ചെയ്യാനുള്ള കാര്യങ്ങൾ തീർത്തു അധിരന്റെ പേരിൽ അവന്റെ നോവൽ ടെസ്സി പുറത്തിറക്കും.എന്നെ കൊണ്ട് ചെയ്തു കൊടുക്കാൻ കഴിയുന്ന സഹായങ്ങൾ ഞാനും ചെയ്തു.അങ്ങനെ പതിനഞ്ചാം വയസ്സിൽ അവൻ എഴുതിയ അക്ഷരങ്ങളിലൂടെ വർഷങ്ങൾക്ക് ശേഷം വായനക്കാർ അവനെ അറിയും.
“മരിച്ചു മണ്ണായിപ്പോയാലും എഴുതിയ അക്ഷരങ്ങൾ എഴുത്തുകാരനെ വായനക്കാരുടെ മനസ്സിൽ ജീവിപ്പിക്കും അല്ലെ സിസ്റ്ററേ.”
“അതെ.. ആ നിയോഗത്തിന് കർത്താവ് എന്നെയാണ് കണ്ടത്.. അത് ഞാൻ പൂർത്തീകരിക്കും.”
ഞാൻ അവതരിക എഴുതി കൊടുത്തു.രണ്ട് മാസത്തിന് ശേഷം വലിയൊരു സദസ്സിനെ സാക്ഷിയാക്കി അധിരന്റെ നോവൽ ‘പ്രണയം പൂത്ത മണ്ണ് ‘പ്രകാശനം ചെയ്തു..വായനക്കാരിൽ വലിയ ചർച്ചയായി.ലക്ഷക്കണക്കിന് അക്ഷരപ്രേമികൾ പ്രണയം പൂത്ത മണ്ണിനെ സ്വീകരിച്ചു.
പുസ്തകപ്രകാശനത്തിന് ശേഷം ഒരിക്കൽ കൂടി കാണാൻ ഞാൻ സിസ്റ്റർ ടെസ്സിയുടെ അടുത്ത് ചെന്നു.
എന്റെ കൈയ്യിൽ രണ്ട് ചുമന്ന റോസ് ഉണ്ടായിരുന്നു.
ഒന്ന് അധിരന്റെ കല്ലറയിൽ വെച്ചു.
വേറെ ഒരണ്ണം ടെസ്സിയുടെ കല്ലറയിലും.
“ടെസ്സി… ഇത് നിന്റെയും കൂടി വിജയമാണ്.നിങ്ങളുടെ രണ്ടാളുടെയും ആത്മാവിനെ കർത്താവ് അനുഗ്രഹിക്കട്ടെ.”
പുസ്തകം പ്രകാശനം കഴിഞ്ഞു മൂന്നാമത്തെ ദിവസം രാത്രിയാണ് ടെസ്സി മരിച്ചത്.
കർത്താവിൽ നിദ്രപൂകിയ ആ രണ്ട് ആത്മക്കളുടെ സ്‌നേഹം പോലെ സെമിത്തെരിയിൽ നിന്നും ഞാൻ പുറത്തേക്ക് നടക്കും നേരം മഴ പെയ്യാൻ തുടങ്ങി.
നവാസ് ആമണ്ടൂർ