അയാൾ ആവേശത്തോടെ ചാടിയെഴുനേൽക്കാൻ ശ്രമിച്ചു .അനങ്ങാൻ കഴിയാതെ നിസ്സഹായതയോടെ കിടക്കുമ്പോൾ കണ്ണിൽ നിന്നും നീർച്ചാലുകൾ ഒഴുകി……

പുത്രൻ

Story written by Ammu Santhosh

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

അനിതേ വിഷ്ണു എത്തിയോ ? അടുക്കളയിൽ ചോറ് വാർത്തു വെച്ച് അനിത കൈയിലെ അഴുക്കു സാരി തുമ്പിൽ തുടച്ചു ജയദേവന്റെ അരികിലെത്തി .

” ഇല്ല ജയേട്ടാ .നേരം സന്ധ്യയാവുന്നതല്ലേ ഉള്ളു ? അടുത്ത നഗരത്തിൽ നിന്നുമുള്ള അവസാന ബസ് ഏഴരയ്ക്കല്ലേ ?അപ്പോളേക്കും എത്തും” ”

”സന്ധ്യയായില്ലെടി നീ ലൈറ്റ് ഇട്’

അനിത ദയനീയമായി അയാളെ ഒന്ന് നോക്കി .പണമടയ്ക്കാത്തതു കൊണ്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചതു അയാൾ ഇടയ്ക്കു മറന്നു പോകും .മണ്ണെണ്ണ റേഷൻ കടയിൽ പോലും കിട്ടാനില്ല.അവൾ ഒരു കുഴിവുള്ള പാത്രം എടുത്തു അല്പം എണ്ണ പകർന്നു ഒരു എള്ള് തിരി അതിൽ താഴ്ത്തി വെച്ച് കത്തിച്ചു .അൽപനേരം നിന്ന് കത്തും ..വേഗം ഉറങ്ങാം .കണ്ണടച്ചാൽ വേഗം ഇരുട്ടാവട്ടെ .അല്ലെങ്കിലും കണ്ണ് തുറന്നിരുന്നാലും ഇരുട്ട് തന്നെ .വെളിച്ചത്തിനു എന്ത് പ്രസക്തി ?വെളിച്ചം എന്തിനെന്നു തോന്നുന്ന ചില നിമിഷങ്ങൾ .പരസ്പരം കാണരുത്.കാണുമ്പോൾ കണ്ണിനുള്ളിലെ മഴപ്പെയ്ത്ത് കാണണം .’വേണ്ട”

‘എന്നെയൊന്നു നേരെയിരുത്തേടി “

ജയദേവൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു

മാർക്കറ്റിൽ ചുമടെടുക്കുന്ന ജോലിയായിരുന്നു ജയദേവന് .പനിയായിട്ടും അന്നയാൾ പോയത് വിഷ്ണുവിന് പരീക്ഷാഫീസ് അടയ്ക്കുന്നതിന് വേണ്ടിയാണു .ഭാരമേറിയ ചുമടു പനി പിടിച്ചു തളർന്ന ശരീരം താങ്ങിയില്ല.നട്ടെല്ല് തകർന്നു കിടപ്പിലായി . ഒരു അർത്ഥത്തിൽ തളർന്നത് ഒരു മനുഷ്യന്റെ നട്ടെല്ല് അല്ല .ഒരു കുടുംബത്തിന്റെ നട്ടെല്ല് .

‘പുരുഷൻ” എന്ന വാക്കിന് എന്തെല്ലാം അർത്ഥതലങ്ങൾ ഉണ്ടെന്നോ? അവനനുഭവിക്കാത്ത അഴലുകളില്ല .അവൻ ആടിത്തീർക്കാത്ത വേഷങ്ങളില്ല ജനിക്കുമ്പോൾ തുടങ്ങി ഓരോ അവസ്ഥയിലും അവൻ ഉരുകുന്നത് പോലെ സ്ത്രീ ഉരുകുന്നില്ല. കുടുംബത്തിനെ ഹൃദയത്തിൽ വഹിച്ചു അവൻ നടന്നു തീർക്കുന്ന കനൽ വഴികൾ എത്ര? പുരുഷൻ ആയി പോയത് കൊണ്ട് മാത്രം ഒന്ന് പൊട്ടിക്കരയാനാകാതെ നെഞ്ചുരുകി നിന്ന് പോകുന്ന അവസ്ഥകൾ എത്ര! ജീവിതം ചിലപ്പോൾ അതിന്റെ ഭയാനകത വെളിപ്പെടുത്തുമ്പോൾ ചിലപ്പോൾ എങ്കിലുംകൊടും കാട്ടിലെന്ന പോലെ വഴിയറിയാതെ നിന്ന് പോകുമ്പോൾ പുരുഷൻ മൗനമായി അവന്റെ കുടുംബത്തെ ചേർത്ത് പിടിക്കുന്നു .നെഞ്ചിൽ ഒരു തീകുണ്ഡം എരിയുമ്പോളും അവൻ പുഞ്ചിരിക്കുന്നു .ഒന്നുമില്ല എല്ലാം ശരിയാകും എന്ന് എല്ലാവരെയും ആശ്വസിപ്പിക്കുന്നു .

അപ്പോളാണ് സ്ത്രീക്ക് പുരുഷൻ ദൈവം ആകുന്നത് .അവളെ പൊതിഞ്ഞു പിടിക്കുന്ന പ്രണയിക്കുന്ന ലാളിക്കുന്ന അവളുടെയും കുഞ്ഞുങ്ങളുടെയും സ്വന്തം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഭാരം ഒറ്റയ്ക്ക് ചുമലിലേന്തുന്ന പുരുഷനെ ദൈവം എന്ന് തന്നെ വിളിക്കാം .കാരണം ദൈവത്തിനു നേരിട്ടു ചെയ്യാൻ ആകാത്ത ജോലികൾ അവൻ പുരുഷന്മാരെയാണ് ഏൽപ്പിക്കുന്നത് .

”നീ ഒന്ന് വെളിയിലിറങ്ങി നോക്ക് അവൻ വരുന്നൊന്നു”‘

ആകുലത നിറഞ്ഞ സ്വരത്തിലെ ആധി അനിതയുടെ ഹൃദയത്തിലുമുണ്ട് .എഞ്ചിനീയറിംഗ് അവസാനവര്ഷം വിഷ്ണുവിന് നഷ്ടമായത് ഈ അപകടം മൂലമായിരുന്നുന്നു.പിന്നീട് അവൻ അത് ജയിച്ചുവെങ്കിലും അവനതു ആദ്യമൊക്കെ വലിയ ആഘാതമായിരുന്നു .ആദ്യമൊക്കെ സഹായിക്കാൻ ധാരാളം പേര് .പിന്നെ പിന്നെ എണ്ണം കുറഞ്ഞു .സഹതാപങ്ങളുടെ കണ്ണുകൾക്ക് അങ്ങനെ ഒരു കുഴപ്പം ഉണ്ട് കാലദൈർഘ്യം കുറവായിരിക്കും . സന്തോഷ ങ്ങളിലേക്കു അവ വേഗം തെന്നിത്തെറിച്ചു പോകും .അത് പ്രകൃതിനിയമമാണ് .നമ്മളും അങ്ങനെ ഒക്കെ തന്നെ .ഭൂമിയിൽ ദുരിതം അനുഭവിക്കുന്നവ രിൽ ഭൂരിഭാഗവും ഏകരായിരിക്കും

ദൂരെ നിന്ന് വിഷ്ണു നടന്നുവരുന്നത് കണ്ടു അനിതയുടെ ഉള്ളിൽ ഒരു തണുപ്പ് വീണു .

”വന്നു ജയേട്ടാ ‘അവർ ഉറക്കെ വിളിച്ചു പറഞ്ഞു .

അയാൾ ആവേശത്തോടെ ചാടിയെഴുനേൽക്കാൻ ശ്രമിച്ചു .അനങ്ങാൻ കഴിയാതെ നിസ്സഹായതയോടെ കിടക്കുമ്പോൾ കണ്ണിൽ നിന്നും നീർച്ചാലുകൾ ഒഴുകി .

”അച്ഛന് നല്ല ചൂട് പരിപ്പുവട കൂടെ ഞാലിപ്പൂവൻ പഴവും’

വിഷ്ണു ചിരിയോടെ അയാൾക്കരികിൽ ഇരുന്നു

‘ജോലി കിട്ടിയോ മോനെ?’

‘പിന്നെ കിട്ടാതെ എനിക്ക് നല്ല മാർക്ക് ഇല്ലേ ?” അവൻ പരിപ്പ് വട പൊട്ടിച്ചു ഒരു കഷ്ണം അയാളുടെ വായിൽ വെച്ച് കൊടുത്തു.

”അമ്മെ ചോറ് വിളമ്പിക്കോ ഉച്ചക്ക് ഞാൻ കഴിച്ചില്ലാട്ടോ ”

വിഷ്ണു അടുക്കളയിലായിരുന്ന അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു

”ചെല്ല് പോയി കഴിക്കു മുഖമാകെ കരുവാളിച്ചു ഇരിക്കുന്നു വെയിൽ കൊണ്ടോ നീയ്?’

വിഷ്ണുവിണ്റ്റെ മുഖം ഒന്ന് വിളറി .അവനതു മറച്ചു വേഗം ചിരിച്ചു .

”അത് മുറിയിൽ വെട്ടം കുറവായതു കൊണ്ട് അച്ഛന് തോന്നുന്നത് ആണ് ‘

അവൻ വേഗം എഴുനേറ്റ് അടുക്കളയിലേക്കു പോയി . പ്ലേറ്റിൽ ചോറ് വിളമ്പി സാംബാർ ഒഴിച്ചു അനിത . ‘മീനൊന്നും വന്നില്ല മോനെ ‘

അവർ വിഷാദത്തോടെ പറഞ്ഞു ” ഇത് തന്നെ ധാരാളം ‘ ചോറിലേക്കു വിരലിട്ടു ഇളക്കവേ അതി കഠിനമായ വേദനയിൽ അവൻ ഒന്ന് പുളഞ്ഞു അയ്യോ എന്തായിത് ‘കൈവെള്ള ചുവന്നു പോയിരിക്കുന്നത് കണ്ടു നിലവിളിച്ച അനിതയുടെ വാ പൊത്തി വിഷ്ണു .

‘മിണ്ടരുത്! അച്ഛൻ കേൾക്കും’

ആ ശബ്ദം അപ്പോൾ സ്നേഹത്തിനു മുന്നിൽ എപ്പോളും ദുര്ബലനാക്കുന്ന മകന്റേതു അല്ലായിരുന്നു .കുടുംബത്തിന്റ ഭാരം ചുമലിലേറ്റിയ ആർജവമുള്ള ആണിന്റെ സ്വരം .

”അച്ഛൻ ചെയ്ത ജോലിയും മഹത്വമുളളത് തന്നെ .ഈ ജോലി ചെയ്തിട്ടല്ലേ നമ്മൾ ഇത്ര നാൾ ചോറുണ്ടത് ..എനിക്ക് ഒരു നാണക്കേടുമില്ല .എനിക്ക് മറ്റൊരു ജോലി കിട്ടും വരെ ഞാൻ ഇത് ചെയ്യും .ഈ നഗരത്തിൽ ചെയ്യാത്തത് എന്റെ അച്ഛൻ സങ്കടപ്പെടും എന്നോർത്ത് മാത്രമാണ് .എന്റെ അച്ഛൻ വേദനിക്കാതിരിക്കാൻ ഞാൻ എന്തും ചെയ്യും .’വിശപ്പല്ലേ അമ്മെ പ്രധാനം?’

അനിതയുടെ കണ്ണ് നീര് അവന്റ ശിരസ്സിൽ വീണു ചിതറി.

‘നോക്കി നിൽക്കാതെ ചോറ് വാരി തന്നെ എത്ര നാളായി അമ്മയുടെ ഒരു ഉരുള ചോറ് കഴിച്ചിട്ട് ‘

കണ്ണീരു വീണു നനഞ്ഞ ചോറ് ഉരുള ചവച്ചു ഇറക്കുമ്പോൾ വിഷ്ണു കൈ നീട്ടി ആ കവിൾത്തടം തുടച്ചു.’അമ്മ കരയാതിരിക്കാനും കൂടി വേണ്ടീട്ടാ അമ്മെ ഞാൻ ഇതൊക്കെ …”

അനിത അവളുടെ മുഖം മകന്റെ മൂർദ്ധാവിൽ അമർത്തി

പുത്രൻ എന്നാൽ പിതാവിനെ ത്രാണനം ചെയ്യുന്നവൻ അഥവാ പരിരക്ഷിക്കുന്നവൻ എന്നർത്ഥം .തന്റെ യൗവനം പിതാവിന് കൊടുത്തു വാർദ്ധക്യം ഏറ്റുവാങ്ങിയ പുത്രന്റെ പാരമ്പര്യം ഉണ്ട് ഭാരതത്തിനു .ഇന്നും നന്മയുടെ സ്നേഹത്തിന്റെ കിരണങ്ങൾ ഉള്ളിൽ കെടാതെ സൂക്ഷിക്കുന്ന പുത്രന്മാരുണ്ട് നമുക്കു ചുറ്റും .വൃദ്ധസദനങ്ങൾ പെരുകുന്നു എന്ന് കേൾക്കുമ്പോളും സ്നേഹത്തിന്റെ ഈ കൈത്താങ്ങുകൾ നമുക്കു പ്രത്യാശയുളവാക്കുന്നു ..പുത്രൻ എന്ന വാക്കിന് കരുതൽ എന്നും കൂടി അർഥം വരട്ടെ . സ്നേഹം നിറഞ്ഞ കരുതൽ .