അമ്മ പറയുന്നത് കേട്ടിട്ടും ദേഷ്യം വന്നിരുന്നു കിച്ചുവിന് എന്ത് ചെയ്താലും ഇപ്പോൾ കുറ്റമാണ്.. പണ്ട് അമ്മ ഇങ്ങനെ ആയിരുന്നില്ല എല്ലാം ഈ മാമ വന്നതിനുശേഷം ആണ്……..

സ്റ്റോറി by നില

” കിച്ചു നിന്നോട് എത്ര തവണയായി അമ്മ പറയുന്നു ഇങ്ങനെ വികൃതി ഒന്നും കാട്ടരുതെന്ന്!! മാമയ്ക്ക് അതൊന്നും ഇഷ്ടമല്ല എന്ന് നിനക്കറിയില്ലേ? “

അമ്മ പറയുന്നത് കേട്ടിട്ടും ദേഷ്യം വന്നിരുന്നു കിച്ചുവിന് എന്ത് ചെയ്താലും ഇപ്പോൾ കുറ്റമാണ്.. പണ്ട് അമ്മ ഇങ്ങനെ ആയിരുന്നില്ല എല്ലാം ഈ മാമ വന്നതിനുശേഷം ആണ്

അവൻ ഓർത്തു. മാമയോട് ദേഷ്യം ആണോ എന്ന് ചോദിച്ചാൽ അറിയില്ല പക്ഷേ ഇഷ്ടമില്ല അത് അറിയാം..

തന്റെ ഭർത്താവും മകനും പരസ്പരം അംഗീകരിക്കുന്നില്ല എന്നതിൽ കാർത്തികയ്ക്ക് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു… ആദ്യവിവാഹം ഒരു പൂർണ്ണ പരാജയം ആയിരുന്നു ഒരു മുഴു കു ടിയൻ അയാൾക്ക് ഗവൺമെന്റ് ജോലിയുണ്ട് എന്നതുകൊണ്ട് മറ്റൊന്നും കാര്യമാക്കാതെ അയാളുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു പക്ഷേ ജീവിതത്തിൽ എങ്ങനെ നോക്കിയിട്ടും അയാളുമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല..

കുടിച്ച് ഡ്രൈവ് ചെയ്തു ഒരു ആക്സിഡന്റിൽ പെട്ട് അയാൾ മരിക്കുമ്പോൾ കിച്ചുവിന് വെറും അഞ്ചുമാസം മാത്രമായിരുന്നു പ്രായം..

ഇനി അയാൾ ജീവിതത്തിൽ ഇല്ല എന്ന് കരുതി പ്രത്യേകിച്ചൊന്നും തോന്നിയില്ല കാരണം ഞങ്ങൾ തമ്മിൽ മാനസികമായി ഒരു അടുപ്പം അതുവരേക്കും
ഉണ്ടായിട്ടുണ്ടായിരുന്നില്ല..

ജനിച്ച ഒരു വർഷം തികയുന്നതിന് മുമ്പ് അച്ഛൻ മരിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം അവരുടെ വീട്ടുകാർ എന്റെ മകന്റെ തലയിൽ ചാർത്തി കൊടുത്തു എനിക്കത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു നിഷ്കളങ്കമായി ചിരിക്കുന്ന കുഞ്ഞിനെ ഇങ്ങനെയൊക്കെ എങ്ങനെ പറയാൻ കഴിയുന്നു എന്നറിയാതെ അവനെയും കൊണ്ട് ഞാൻ ആ പടിയിറങ്ങി..

അയാളുടെ ജോലി എനിക്ക് കിട്ടി.. ആദ്യമായി ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും സമാധാനിച്ചതും അപ്പോഴായിരുന്നു..

കാരണം എരി തീയിൽ നിന്ന് വറ ചട്ടിയിലേക്ക് എന്നപോലെയായിരുന്നു അയാളുടെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്കുള്ള ഈ വരവ്.

ആദ്യമൊക്കെ ചിരിച്ച മുഖത്തോടു കണ്ട ആളുകൾ പതിയെ മുഖം തിരിക്കാനും മുറു മുറുക്കാനും തുടങ്ങി.. എനിക്കായി അച്ഛൻ അനുവദിച്ചു തന്ന വീടും സ്ഥലവും ഉണ്ടായിരുന്നു.. എന്റെ സ്വർണം വിറ്റ് ആ വീട് ഒന്ന് നേരാക്കി എടുത്തു..

കിച്ചുവിനെയും കൊണ്ട് അങ്ങോട്ട് മാറി..

പിന്നെ കിച്ചുവും ഞാനും മാത്രമായിരുന്നു എന്റെ ലോകം അതിനിടയിലേക്കാണ് സന്ദീപ് കയറിവന്നത്..

ഞാൻ ജോലി ചെയ്യുന്ന ഓഫീസിലെ ജോയിൻട് സെക്രട്ടറിയായിരുന്നു സന്ദീപ്..
ട്രാൻസ്ഫർ കിട്ടി ഇങ്ങോട്ടേക്ക് വന്നതായിരുന്നു.. . ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി പിന്നീടത് എപ്പോഴോ പ്രണയമായി തീരുകയായിരുന്നു..

ഒരു പങ്കാളിയിൽ നിന്ന് ഞാൻ ആഗ്രഹിച്ച സൗഹൃദവും കെയറിങ്ങും എല്ലാം സന്ദീപിൽ നിന്ന് അനുഭവിച്ചപ്പോൾ എന്നും അയാൾ കൂടെയുണ്ടാവണം എന്ന് മനസ് മോഹിച്ചു..

സന്ദീപിന്റെയും അനുഭവം ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു.. പ്രായമായി വയ്യാതെ കിടക്കുന്ന അമ്മയെ ഉപേക്ഷിച്ചു വരണം എന്നും പറഞ്ഞ് വാശിപിടിച്ച ഒരു ഭാര്യ..
ആവുന്ന കാലത്ത് തന്നെ പൊന്നുപോലെ നോക്കിയ അമ്മയെ വിട്ട് സന്ദീപിന് പോകാൻ കഴിയില്ലായിരുന്നു.

അത് തുറന്നു പറഞ്ഞപ്പോൾ അവൾ തന്നെയാണ് സന്ദീപിനെ ഉപേക്ഷിച്ചു പോയത് നിയമപരമായി തന്നെ.

തുല്യദുഃഖിതർ ഒന്നിച്ചു..

കിച്ചുവിനെ സ്വന്തം മകനെപ്പോലെ ഏറ്റെടുക്കാൻ സന്ദീപ് തയ്യാറായിരുന്നു പക്ഷേ സ്വന്തം അച്ഛന്റെ സ്ഥാനത്ത് സന്ദീപിനെ കാണാൻ അവനായിരുന്നു വിഷമം ഇത്രയും കാലം കിച്ചുവിന്റെ മാത്രമായിരുന്ന ഞാൻ സന്ദീപിന് കൂടി പങ്കുവെച്ചു പോകുന്നതിന്റെ വിഷമം…

എത്രയൊക്കെ പറഞ്ഞുകൊടുത്തിട്ടും സന്ദീപിനെ അവൻ അച്ഛാ എന്ന് വിളിച്ചില്ല പകരം മാമ എന്ന് വിളിച്ചു സന്ദീപ് തന്നെയാണ് പറഞ്ഞത് അങ്ങനെ വിളിക്കട്ടെ എന്ന്..

വെറും ആറു വയസ്സുകാരന്റെ വാശി വല്ലാത്തതായിരുന്നു സന്ദീപിനെ ഞാൻ വിവാഹം കഴിച്ചതിനുശേഷം അവന്റെ വാശി കൂടിക്കൂടി വന്നു..സന്ദീപ് ഒരിക്കൽപോലും അവനെ ഒന്ന് വഴക്ക് പറഞ്ഞിട്ടില്ല പകരം എപ്പോഴും ചേർത്തുനിർത്താൻ ശ്രമിക്കും അവനാണ് ഇടം തിരിഞ്ഞു നിൽക്കുന്നത്.

വല്ലാത്ത സങ്കടമാണ് അത് കാണുമ്പോൾ.. സന്ദീപ് കിച്ചുവിനെ ആത്മാർത്ഥമായി തന്നെയാണ് ഇഷ്ടപ്പെടുന്നത് എന്ന് എനിക്കറിയാം… കിച്ചു ഒന്ന് സഹകരിച്ചാൽ മാത്രം സന്ദീപ് അവനൊരു നല്ല അച്ഛനായിരിക്കും അതും കൂടി മുന്നിൽ കണ്ടതുകൊണ്ട് മാത്രമാണ് ഈ വിവാഹത്തിന് ഞാൻ സമ്മതം മൂളിയത് തന്നെ..

ഓരോ ദിവസം ചെല്ലുന്തോറും അവർ തമ്മിലുള്ള അകലം കൂടി വരികയാണ് അത് കണ്ട് എനിക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു എല്ലാം ഒന്ന് മനസ്സ് തുറന്നത് കൂടെ ജോലി ചെയ്യുന്ന രേവതി യോടാണ്..

“”എടോ അവർക്കിടയിൽ ഇപ്പോൾ നീയുണ്ട്.. അതുകൊണ്ടുതന്നെ അവർ പരസ്പരം അടുക്കാനും പണിയാണ് നീയൊന്നു മാറി നിന്നു നോക്ക് അവരെ കുറച്ച് ഒറ്റയ്ക്ക് നിർത്തി നോക്ക് നമുക്ക് കാണാലോ അവർക്ക് അടുക്കാൻ കഴിയുമോ ഇല്ലയോ എന്ന്!!”

രേവതി പറഞ്ഞപ്പോൾ അതൊരു നല്ല ആശയമാണ് എന്ന് എനിക്ക് തോന്നി..
എനിക്ക് ഏതായാലും ട്രെയിനിങ്ങിന്റെ സമയമായിട്ടുണ്ട് അതുകൊണ്ടുതന്നെ ആ സമയം അവർ ഒരുമിച്ച് നിൽക്കട്ടെ എന്ന് ഞാൻ കരുതി സാധാരണ ഇങ്ങനെ ഉണ്ടാകുമ്പോൾ കിച്ചുവിനെ എന്റെ വീട്ടിൽ കൊണ്ടുപോയി ആക്കാറാണ് പതിവ്.

ഇത്തവണയും കിച്ചു എന്നോട് ആവശ്യപ്പെട്ടത് അതുതന്നെയായിരുന്നു അവനെ എങ്ങനെയെങ്കിലും എന്റെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കണമെന്ന്..
ഇതുവരെ ഉള്ള പോലെയല്ല ഇപ്പോൾ നീ ഒന്നാം ക്ലാസിലാണ് തോന്നുമ്പോൾ ലീവ് എടുക്കാൻ പറ്റില്ല എന്ന് ഞാൻ ഉറപ്പിച്ചു തന്നെ പറഞ്ഞു വേറെ മാർഗ്ഗങ്ങളില്ല എന്ന് അവന് മനസ്സിലായത് കൊണ്ട് സന്ദീപിന്റെ കൂടെ ആ വീട്ടിൽ കഴിയാൻ അവൻ സമ്മതിച്ചു..

അവന് ഇഷ്ടപ്പെട്ടതെല്ലാം സന്ദീപ് ഉണ്ടാക്കിക്കൊടുത്തു അവനത് കഴിക്കും എന്നല്ലാതെ സന്ദീപ് മായി അടുക്കാൻ ശ്രമിച്ചില്ല പക്ഷേ രാത്രിയിൽ അവന് ആരെങ്കിലും കൂട്ട് വേണമായിരുന്നു ഒറ്റയ്ക്ക് കിടക്കാൻ ഭയമായിരുന്നു അതുകൊണ്ടുതന്നെ സന്ദീപ് കിടക്കുന്ന മുറിയുടെ അരികിൽ വന്ന് തലയും താഴ്ത്തി അങ്ങനെ നിൽക്കും സന്ദീപിന് അത് കാണുമ്പോൾ ചിരിവരും..

അയാൾ കിച്ചുവിനെ കൂട്ടിക്കൊണ്ടുവന്ന് തന്റെ അരികത്ത് കിടത്തും..

എങ്കിലും അവൻ വിട്ടു തന്നെയായിരുന്നു കിടന്നത് ഒരു ദിവസം രാത്രി വല്ലാത്ത ഇടിമിന്നൽ ഉണ്ടായിരുന്നു.

കിച്ചുവിന് അത് പേടിയാണ് ഇടിവെട്ടാൻ തുടങ്ങിയാൽ അപ്പോൾ അമ്മയുടെ ദേഹത്ത് കേറി പതുങ്ങിയിരിക്കുന്ന ആളാണ് ഇന്ന് അവന്റെ അരികിൽ സന്ദീപ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..പെട്ടെന്നൊരു ഇടിവെട്ടിയപ്പോൾ അവനോട് പോയി സന്ദീപിനെ കെട്ടിപ്പിടിച്ചു. സന്ദീപ് അവനെയും ചേർത്തുപിടിച്ച് കസേരയിലിരുന്നു ഇടി മാറുവോളം.. സന്ദീപിന്റെ നെഞ്ചിൽ സുരക്ഷിതമായി അവനിരുന്നു..
പേടിയൊന്നും കൂടാതെ.

ഈയൊരു സംഭവത്തോടെ അവന്റെ മനസ്സിൽ സന്ദീപിനെ പറ്റി വിചാരിച്ചു വച്ചിരിക്കുന്നത് ഒക്കെ തെറ്റാണെന്ന് അവന് മനസ്സിലായി.

മെല്ലെ മെല്ലെ അവൻ സന്ദീപ് മായി അടുക്കാൻ തുടങ്ങി.

കാർത്തിക തിരികെ വന്നപ്പോൾ കാണുന്നത് എന്തിനും ഏതിനും സന്ദീപിനെ വിളിക്കുന്ന തന്റെ കിച്ചുവിനെയാണ് ഇതാണ് താനൊരിക്കൽ ആഗ്രഹിച്ചത് അവൾ അവിടേക്ക് ചെന്നു അവർക്കിടയിലേക്ക് അവർ രണ്ടുപേരും അവളെ ഒരുമിച്ച് സ്വീകരിച്ചു…

കണ്ണീരോടെ തന്റെ പ്രിയപ്പെട്ടവരെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ കിച്ചു സന്ദീപിനെ അച്ഛാ എന്ന് ആത്മാർത്ഥമായി വിളിച്ചത് അവൾ കേട്ടിരുന്നു മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞൊഴുകുമ്പോൾ അച്ഛനും മകനും അവളെ ചേർത്തുപിടിച്ചിരുന്നു..