അമ്മേ എന്ന വിളി കേട്ടത്കൊണ്ടോ എന്തോ അവരൊന്ന് തിരിഞ്ഞ് നോക്കി. ആ കണ്ണുകളിൽ എന്തെന്നില്ലാത്തൊരു…

അരികിൽ…

എഴുത്ത്: ഗൗതമി ഗീതു

~~~~~~~~~~~~

“എനിക്കവളെയൊന്ന് കണ്ടാൽ മതി. വെറുതെ…. വെറുതെയൊന്ന് കാണാൻ. ഇനിയും എത്രകാലമെന്ന് വെച്ചാ ഞാൻ…! വേറൊന്നും വേണ്ട. എനിക്കവളെയൊന്ന് കണ്ടാൽ മാത്രം മതി…”

ചുളിവുകൾ വീണ കവിളിൽ തടത്തിലേക്ക് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞ് വീണു..! ദിശയറിയാതെ അത് യാത്ര തുടങ്ങി..! എങ്ങെല്ലാമോ തെന്നി മാറി… ഇടക്കെല്ലാം നേർത്ത് പോയി… ഏറ്റവുമൊടുവിൽ വിറ ബാധിച്ച ആ കൈകളിലൊന്നിൽ വീണ് സ്വയം മരണം പുൽകി. ഒന്നുമാകാതെ എങ്ങോ മാഞ്ഞ വെറുമൊരു കണ്ണീർ തുള്ളി. കൊടിയ നിശബ്ദതക്ക് മുകളിൽ ഇടവിടാതെ ചിലച്ചുകൊണ്ടിരിക്കുന്ന ചീവിടുകളുടെ ശബ്ദം എന്തൊരു ദുസ്സഹമാണ്..! അരിച്ചെത്തുന്ന നിലാവിന് മേൽ മറ തീർക്കുന്ന ഇരുണ്ട മേഘകീറുകൾ എത്രമേൽ സ്വാർത്ഥരാണ്..! നിശബ്ദതയുടെ ജല്പനങ്ങൾക്ക് മേൽ അവ വിലക്ക് തീർക്കുന്നു.., നിലാവ് പകരുന്ന രഹസ്യങ്ങളെ അവ നമ്മിൽ നിന്നകറ്റുന്നു.., ചുറ്റുമുള്ളതെല്ലാം അർത്ഥ ശൂന്യമാകും പോലെ… അല്ലെങ്കിൽ അർത്ഥം ഗ്രഹിക്കുവാൻ ആകാത്ത വിധം അവ നമുക്ക് മുന്നിൽ വികൃത രൂപം പ്രാപിക്കുന്ന പോലെ..!

“എനിക്കവളെയൊന്ന് കണ്ടാൽ മതി… ഒന്ന് കണ്ടാൽ മാത്രം മതി.”

വീണ്ടും അതെ വിറയാർന്ന വാക്കുക്കൾ.

“ഞാൻ… ഞാൻ കൊണ്ടുവരാം പപ്പേ.”

ആകാശം വിണ്ട് കീറിയ മിന്നൽ പിണർപ്പുകൾ ഭൂമി കുലുങ്ങുമാർ അട്ടഹസിച്ചതും പിടച്ചിലോടെ അവൾ മിഴി തുറന്നു. ഏയ്….സ്വപ്നമായിരുന്നോ? യാത്ര പുറപെട്ടിട്ട് ഇപ്പോൾ നേരം ഒരുപാടായിരിക്കുന്നു. ഏറി വന്ന ഹൃദയമിടിപ്പിനെ ഒന്നടക്കി നിർത്തി നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന ആ കടലാസ് കഷ്ണത്തിലേക്കവൾ മിഴി പായിച്ചു.

“എഴുപതുകളുടെ പ്രണയകാവ്യം..! സേതു ലക്ഷ്മി ടീച്ചർ”

ചുകന്ന അക്ഷരങ്ങളിൽ കൊറിയിട്ട ആ തലകെട്ടിന് താഴെ നേർത്ത ചിരിയോടെ നിൽക്കുന്നൊരു വൃദ്ധ..!

“സേതു ലക്ഷ്മി കാത്തിരിപ്പിലാണ്. അറ്റമറിയാതെ നീണ്ടുപോകുന്ന കാത്തിരിപ്പ്. അന്നും ഞാൻ അവനായി കാത്തിരുന്നു. ഇന്നും ഞാൻ കാത്തിരിക്കുന്നു. അതെ… സേതു ലക്ഷ്മി ഒരു നീണ്ട കാത്തിരിപ്പിലാണ്..!”

ഡോക്യൂമെൻട്രിയുടെ അവസാന വരികൾ. ഇന്നലെ തുടങ്ങിയ യാത്രയിൽ ഉടനീളം തന്റെ കണ്ണുകളിൽ ഉടക്കിയത് ഈ വരികളിൽ മാത്രമായിരുന്നു. കുറച്ച് നേരം കൂടെ അവൾ മിഴികൾ പൂട്ടിയിരുന്നു. മനസ്സൊന്ന് ശാന്തമായതും കാറിൽ നിന്ന് പുറത്തിറങ്ങി. നീണ്ട് കിടക്കുന്ന പാടത്തിനക്കരെ ഒരു കൊച്ചു വീട് കാണുന്നുണ്ട്. കാർ മേഘം ഭൂമിയിൽ ഇരുൾ പടർത്തി തുടങ്ങിയതും അടുത്ത മഴക്ക് മുന്നേ അവൾ മുന്നോട്ട് നടന്നു. ലക്ഷ്യം അടുക്കും തോറും ഹൃദയം ദുർബലമാകും പോലെ..! ആരെന്ന ചോദ്യത്തിന് ഒരു മറുപടി കണ്ടെത്തുവാൻ ഉള്ളം വല്ലാതെ പണിപ്പെടും പോലെ…! വീട്ടുമുറ്റത്ത് എത്തിയതും അവൾ ചുറ്റുമോന്ന് നോക്കി. മുറ്റം നിറയെ പൂക്കളും മരങ്ങളുമാണ്. മാവിൽ തൂങ്ങി കിടക്കുന്ന ഊഞ്ഞാൽ കാറ്റിന്റെ താളത്തിൽ പതിയെ നീങ്ങുന്നുണ്ട്. കിളികളുടെ ശബ്ദം അവിടമാകെ നിറഞ്ഞ് നിൽക്കുന്നു .

“ആരാത്.?”

ആ വിറയാർന്ന ശബ്ദം കാതുകളിൽ പതിച്ചതും പിടപ്പോടെ അവൾ അകത്തേക്ക് നോക്കി. പാതി തുറന്ന വാതിലിനപ്പുറം പ്രതീക്ഷയോടെ നോക്കി നിൽക്കുന്നൊരു വൃദ്ധയെ അവൾ കണ്ടു. ആ കണ്ണുകൾ സൂഷ്മം തന്നെ നിരീക്ഷിക്കുകയാണെന്ന് തോന്നി. തന്നിൽ ആരെയൊക്കെയോ തേടും പോലെ !

“ആരാ?”

വീണ്ടും ആ ശബ്ദം ഉയർന്നതും നിറഞ്ഞ കണ്ണുകളെ മറച്ച് പിടിച്ച് അവൾ മുന്നോട്ട് നീങ്ങി.

“ഞാൻ കുറച്ച് ദൂരെന്ന.”

“മേ….. മേൽപ്പാടത്തൂന്ന്…. ആരേലും ആണോ?”

മങ്ങിയ മുഖത്തോടെ നിഷേധാർത്ഥത്തിൽ തലയാട്ടിയതും ആ വൃദ്ധയിൽ നിഴലിച്ചിരുന്ന അവസാന പ്രതീക്ഷയും നേർത്തില്ലാതായിരുന്നു. വല്ലാത്തൊരു ശൂന്യത അവിടം തറഞ്ഞ് നിൽക്കുന്നു.

“അകത്തൊട്ട് വാ കുട്ട്യേ. മഴ പെയ്ത് മുറ്റം ആകെ ചളിയാണ്. കാലില് അഴുക്ക് പറ്റണ്ട.”

ചിരിയോടെ ചെരുപ്പഴിച്ച് അവൾ അകത്ത് കയറി.

“എവടന്ന നീ വരണത്?”

“കൊച്ചി”

“ഇത്രേം ദൂരെന്ന് ന്നെ കാണാൻ വാരാൻ മാത്രം ആരാപ്പോ? വയസ്സായില്ലേ നിക്ക് മനസ്സിലാവണില്ലല്ലോ നിന്നെ. എന്താ നിന്റെ പേര്?”

“ന്നെ അറിയാൻ വഴിയില്ല. നമ്മൾ ആദ്യമായി കാണുവാ.”

ബാഗിൽ കരുതിയ ഒരു ന്യൂസ്‌ പേപ്പർ മുന്നോട്ട് നീട്ടി അവൾ പറഞ്ഞു. അവർ അത് കൈയിൽ എടുത്ത് കണ്ണട ശരിയാക്കി സൂക്ഷിച്ച് നോക്കി.

“എഴുപതുകളിലെ പ്രണയകാവ്യം”

പേപ്പറിലെ തലകെട്ട് വായിച്ചതും അവരൊന്ന് പുഞ്ചിരിച്ചു. കുറച്ച് മാസങ്ങൾക്ക് മുന്നേ അച്ചടിച്ച് വന്ന ഒരു ഡോക്യൂമെൻട്രി. എപ്പോഴെക്കെയോ എഴുതി കുറിച്ച ചില പ്രണയസൃഷ്ടികൾ എല്ലാം കൂടെ വായനശാല കമ്മിറ്റി പുറത്തിറക്കിയതാണ്.

“എഴുപതുകളിലെ ആ പ്രണയം തേടി വന്നതാണ്. വെറുതെ.., വെറുതെയൊന്ന് കാണാൻ. കഴിയുമെങ്കിൽ ചിലത് പറയാൻ..,ചിലത് ചോദിക്കാൻ”

സേതു ലക്ഷ്മി പതിയെ തിരിഞ്ഞ് അകത്തേക്ക് നടന്നു. പിറകിലായി തന്നെ അവളും.

“ന്താ നിന്റെ പേരെന്ന് പറഞ്ഞില്ല.”

“ദേവൂന്ന് വിളിച്ചോളൂ.”

“ഉം”

ഒന്ന് മൂളിക്കൊണ്ട് അവർ അടുക്കളയിലേക്ക് കയറി. അടുപ്പിൽ ചായക്ക് വെള്ളം വെച്ച് ഒരു പത്രത്തിൽ കുറച്ച് ബിസ്‌ക്കറ്റും ഒരു ബ്രെഡും എടുത്ത് വെച്ചു. ദേവു അവരുടെ പ്രവർത്തികൾ എല്ലാം കൗതുകത്തോടെ നോക്കുകയായിരുന്നു. സേതുവിന്റെ ഓരോ പ്രവർത്തികൾക്കും ഒരു പ്രത്യേക താളമായിരുന്നു. എല്ലാം വളരെ ചിട്ടയോടെ നോക്കി കാണുന്ന പ്രകൃതം.

“ഇത് കണ്ട് മുന്നേം കുറച്ച് പേര് വന്നിരുന്നു. ഇന്റർവ്യൂന്നോക്കെ പറഞ്ഞ്.”

ആ വാക്കുകളിൽ എന്തോ ഇഷ്ടക്കേട് ഉള്ളതായി അവൾക്ക് തോന്നിയി.

“ഞാൻ ഇന്റർവ്യൂ എടുക്കാനോന്നും വന്നതല്ലമ്മേ.”

അമ്മേ എന്ന വിളി കേട്ടത്കൊണ്ടോ എന്തോ അവരൊന്ന് തിരിഞ്ഞ് നോക്കി. ആ കണ്ണുകളിൽ എന്തെന്നില്ലാത്തൊരു തിളക്കം തങ്ങി നിൽക്കും പോലെ. ഒരു ഗ്ലാസിൽ ചായ പകർന്ന് അവൾക്ക് നൽകി അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു. പിറകിലായി ദേവുവും. ചെന്നെത്തിയത് ഒരു കൊച്ചു മുറിക്കകത്താണ്. തുറന്നിട്ട ജനൽ പാളികളിൽ നിന്ന് തണുത്ത കാറ്റ് മുറിക്കകത്തേക്ക് അരിച്ചെത്തുന്നു..! എന്തൊക്കെയോ രഹസ്യങ്ങൾ ചോർത്താനെന്ന വണ്ണം അവ മടക്കം കൊതിക്കാതെ അവിടമാകെ തണുപ്പ് പരത്തി തങ്ങി നിൽക്കുന്നു. അരികിലെ മേശയിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ.., ചിലതെല്ലാം ചട്ട മാറി പേജുകൾ വേർപ്പെടാൻ വെമ്പി നിൽക്കും പോലെ…!

അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ നോട്ടം മാറ്റിയത്. അടുക്കി വെച്ച വസ്ത്രങ്ങൾക്കിടയിൽ നിന്ന് ഒരു പഴയ ചിത്രം അവർ കൈയിലെടുത്തു. പൊടി തട്ടി മാറ്റി നേരിയതിന്റെ തുമ്പാൽ അത് തുടച്ചുകൊണ്ട് അവൾക്ക് നേരേ നീട്ടി. കാലത്തിന്റെ മുദ്രണം പല മുഖങ്ങളെയും മറച്ചിരിക്കുന്നു. അവ്യക്തമെങ്കിലും പ്രൗഢിയും പ്രതാപവും വിളിച്ചോതുനൊരു തറവാടും അതിന് മുന്നിൽ സന്തോഷത്തോടെ ഒരു കുടുംബവും അവൾ കണ്ടു.

“അമ്മയും അച്ഛനും അനിയത്തിമാരും ഒക്കെയാ..! ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഒന്നും അറിയില്ല.”

ശാന്തമെങ്കിലും ആ മനസ്സിലെ സങ്കർഷങ്ങൾ അവളും അറിയുന്നുണ്ടായിരുന്നു. എന്തൊക്കെയോ പറയുവാൻ അവർ കൊതുക്കുന്ന പോലെ. തുറന്നിട്ട ജനൽ പാളി വഴി അവർ ഇരുണ്ട് മൂടി നിൽക്കുന്ന മാനത്തേക്ക് നോക്കി.

“നീയാ കാർമേഘങ്ങളെ കാണുന്നില്ലേ… അത് പെയ്യുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?”

പുറത്തേക്ക് വിരൽ ചൂണ്ടി അവർ ചോദിച്ചതും ഉത്തരമില്ലാതെ അവൾ മൗനം പാലിച്ചു.

“ഇല്ല്യാ. അത് പെയ്യില്ല. കാറ്റ് വന്ന് അതിനെയും കട്ടെടുത്ത് പറക്കും. ചില ജന്മങ്ങളും അത് പോലെയാ..! പെയ്യാൻ എത്ര കൊതിച്ചാലും നടക്കില്ല. വിധി വിലങ്ങ് തടിയായി മുന്നിലങ്ങനെ നിക്കും.”

മയക്കം മുറുകിയ യൗവനത്തിന്റെ നേർത്ത പരിഭവങ്ങളെ അവൾ കാണുകയായിരുന്നു. പിന്നീട് അവളൊന്നും ചോദിച്ചില്ല. അല്ലെങ്കിൽ ഒരു കേൾവികാരിയുടെ പരിവേഷമണിഞ്ഞ് സ്വയം മൗനം പാലിച്ചു. ഈ നിമിഷം അവർ പെയ്യാൻ കൊതിക്കുന്നൊരു മഴ മേഘമാണെന്ന് തോന്നിയവൾക്ക്. പെയ്യട്ടെ. ഉള്ളിലുള്ളത് പെയ്ത് തോരട്ടെ…!

“അലക്സ്…! എന്റെ അലക്സ്…!”

ദൃടമായ ആ ശബ്ദത്തിന് ഒരു കാമുകിയുടെ ചാരുതയായിരുന്നു, പ്രണയത്തിന്റെ നിറയാമായിരുന്നു, എങ്ങോ പൊലിഞ്ഞൊരു സ്വപ്നത്തിന്റെ ഗന്ധമായിരുന്നു.

“പ്രണയമെന്തെന്ന് എന്നെ പഠിപ്പിച്ചവൻ… എന്റെ അലക്സ്. ഈ കാണുന്ന എഴുപതുകളുടെ പ്രണയകാവ്യമെല്ലാം അവന് വേണ്ടിയുള്ളതായിരുന്നു. എന്റെ ഓരോ രാവും പകലും അവനെ ഓർത്തുള്ളതായിരുന്നു. എന്റെ… എന്റെ അലക്സ്…!”

ആ വാക്കുകൾ ഇന്നും അവർക്കൊരു ഊർജമാണെന്ന് തോന്നി അവൾക്ക്. അത്രമേൽ തിളക്കാമായിരുന്നു ആ കണ്ണുകളിൽ. അത്രമേൽ ആവേശമായിരുന്നു ആ വാക്കുകളിൽ.

“പേരുകേട്ടൊരു തറവാട്ടിൽ പിറന്ന് അടക്കവും ഒതുക്കവും ചിട്ടയാക്കി വളർന്നൊരു പട്ടത്തി പെണ്ണിന് അനാഥനായ ക്രിസ്ത്യാനി പയ്യനോട് തോന്നിയ പ്രണയം… ഭ്രാന്തമായൊരു പ്രണയം.

എത്രയോ തവണ ഒഴിഞ്ഞ് മാറാൻ നോക്കി. നടിക്കില്ലെന്ന ഉത്തമ ബോധ്യം ഉള്ളിലുള്ളതുകൊണ്ട് തന്നെ വേണ്ടെന്ന് ആവും വിധം പറഞ്ഞ് നോക്കി. അവൻ കേട്ടില്ല. പോകെ പോകെ എന്റെ മനസ്സും. പ്രണയിച്ചു..! സ്വപ്‌നങ്ങൾ നെയ്തു..! കിനാക്കൾ കണ്ടു..! ഒടുവിൽ നാടാകെ പ്രേമം അറിഞ്ഞപ്പോൾ കാത്ത് നിൽക്കാതെ എന്നെ വിവാഹം ചെയ്യുമോ എന്ന് ചോദിച്ചു. ഒരുപാട് കൊതിയോടെ മോഹത്തോടെ ഇഷ്ടത്തോടെ അന്നൊരിക്കൽ അവന് വേണ്ടി റയിൽവേ സ്റ്റേഷനിൽ കാത്തിരുന്നവളാണ് ഞാൻ. വീട്ടീന്ന് ഒന്ന് പുറത്തിറങ്ങാൻ പോലും ഏട്ടന്മാരുടെ കൂട്ട് വേണ്ടവളാണ് നേരം ഇരുട്ടും വരെ അവനെയും കാത്തിരുന്നത്. അന്നും ഇത് പോലെ കാർ മൂടികെട്ടിയ ഒരു ദിവസമായിരുന്നു. മണിക്കൂറുകൾ ഓരോന്നും കൊഴിഞ്ഞ് വീഴുമ്പോൾ ഹൃദയം ആർത്തലച്ച് കരയുവാൻ തുടങ്ങി. നടന്ന് നീങ്ങുന്ന ഓരോ മുഖങ്ങളിലും മിഴികൾ അവന് വേണ്ടി അലയാൻ തുടങ്ങി. മഴയും പെയ്തില്ല, അവനും വന്നില്ല…

പ്രണയം എന്നിലേൽപ്പിച്ച ആദ്യപ്രഹരം..! തോറ്റവളെ പോൽ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അറിഞ്ഞിരുന്നു അച്ഛനും ഏട്ടന്മാരും കൂടെ അലക്സിനെ ഒരുപാട് ഉപദ്രവിച്ചെന്ന്. ഹോസ്പിറ്റലിൽ ആണെന്ന്. കരഞ്ഞ് പറഞ്ഞിട്ടും ഒന്ന് കാണാൻ പോലും ആരും സമ്മതിച്ചില്ല. എന്നെയും ഒരുപാട് തല്ലി. ഒരു മുറിയിൽ പൂട്ടിയിട്ടു. മാസങ്ങളോളം അവനെയും ഓർത്ത് ഊണും ഉറക്കവുമില്ലാതെ. കാണുന്നവർ പലരും പ്രാന്തിയെന്ന് പറഞ്ഞു. എതിർത്തില്ല. അല്ലെങ്കിലും എങ്ങനെ എതിർക്കാനാണ്…! കൈയിൽ തടയുന്ന ഓരോ കടലാസ് തുണ്ടുകളും അവനുള്ള പ്രണയകാവ്യങ്ങളായി മാറുകയായിരുന്നു. വരികളിലൂടെ അവനെന്നെ പുൽകാറുണ്ട്…. ആ നെഞ്ചിലേക്ക് ചേർത്ത് നിർത്തി സാന്ത്വനമേകാറുണ്ട്. ഉറക്കമില്ലാത്ത രാത്രികളിൽ എന്നെ തഴുകിയുറക്കാറുണ്ട്…. എന്നിലെ നിലാവും മഞ്ഞും മഴയും എല്ലാം അവൻ മാത്രമായി മാറാറുണ്ട്….! പ്രണയത്തിനല്ലാതെ മറ്റെന്തിനാണ് ഇത്രമേൽ ഒരുവളെ ഭ്രാന്തിയാക്കാൻ കഴിയുന്നത്..? ഭ്രാന്തിയെന്ന് മുദ്രകുത്തിയവർക്കിടയിൽ തന്നെ അതിലും ഭ്രാന്തമായി ഞാൻ അവനെ സ്നേഹിച്ചുകൊണ്ടിരുന്നു…!

ഏതോ ഒരാളുമായി എന്റെ വിവാഹം തീരുമാനിച്ചുവെന്ന് അറിഞ്ഞതിനു ശേഷവും അവിടെ നിൽക്കാൻ തോന്നിയില്ല. രാത്രിക്ക് രാത്രി അവരുടെയെല്ലാം കണ്ണ് വെട്ടിച്ച് ഒരിക്കൽ കൂടെ അവിടം വിട്ടിറങ്ങി. ചെന്ന് നിന്നത് അലക്സിന്റെ വീടിന് മുന്നിൽ. ആരെയും കണ്ടില്ല. ആഴ്ചകൾക്ക് മുന്നേ വീടും നാടും വിട്ട് പോയെന്ന് കേട്ടു. പിന്നെ എനിക്കും തിരികെ പോകാൻ തോന്നിയില്ല. ഒരുപാടലഞ്ഞു. അവനെയും തേടി. അവിടുന്ന് തുടങ്ങിയ കാത്തിരിപ്പാണ്. കൗമാരം കൊഴിഞ്ഞ് യൗവനം തളർന്ന് ഇന്നീ വാർദ്ധക്യത്തിൽ വന്ന് നിൽക്കുമ്പോഴും ആ കാത്തിരിപ്പിങ്ങനെ നിലക്കാതെ നീളുന്നു.”

നിറഞ്ഞ പുഞ്ചിരിയോടെ അവരത് പറഞ്ഞ് നിർത്തുമ്പോൾ ദേവുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. മറുപടി പറയാനാകാത്ത വിധം നാവുകൾ വരണ്ട പോലെ…! പതിയെ അവർക്കരികിലേക്ക് നടന്നടുക്കുമ്പോഴും സ്വയം തളർന്ന് പോവുന്ന പോലെ.

“നോവുന്നില്ലേ അമ്മക്ക്?”

അത്രമാത്രമാണ് ചോദിക്കാൻ തോന്നിയത്…!

“ഓർക്കുവാൻ ഒരു വന്തമെങ്കിലും വേണം കുട്ടീ…, എങ്കിലേ ഓരോ ശിശിരത്തിന്റെയും നോവറിയൂ…!”

ജാലകത്തിനപ്പുറം ഞെട്ടറ്റ് വീഴുന്ന മുല്ല പൂക്കളിൽ മിഴിയൂന്നി സേതു പറഞ്ഞു.
പക്ഷെ ആ വാക്കുകൾക്ക് അവരുടെ ജീവിതത്തിന്റെ ഗന്ധമായിരുന്നില്ലേ..!
അകലെയെങ്ങോ ഒരു വസന്തം കിനാവ് കണ്ട് സ്വയം ശിശിരമണിഞ്ഞ് നിൽക്കുന്നൊരു പൂമരം….!

“ഇത്രയും കാലം, ഒരു പ്രതീക്ഷയും ഇല്ലാതെ… എങ്ങന്യാ അമ്മേ?”

വാക്കുകളിലെ അത്ഭുതം അവൾക്ക് മറച്ചു വെക്കാൻ കഴിഞ്ഞിരുന്നില്ല. അത് മനസ്സിലായെന്നോണം അവർ തിരിഞ്ഞ് അവൾക്ക് അഭിമുഖമായി നിന്നു.

“അദ്ദേഹമെന്നേ ചേർത്ത് പിടിച്ചിട്ടില്ല, ചുംബിച്ചിട്ടില്ല, ഒരു കാമുകന്റെ ചെഷ്ടകളൊന്നും തന്നെ അയാളിൽ ഞാൻ കണ്ടിരുന്നില്ല. എങ്കിലും അദ്ദേഹത്തിനെന്നോട് പ്രണയമായിരുന്നു. ആ മിഴികൾക്ക് ഏറെ പ്രിയം എന്റെ മുഖമായിരുന്നു. ആ കാതുകൾക്ക് ഏറെ ഇമ്പം എന്റെ മൊഴികളായിരുന്നു. ആ ഹൃദയത്തിലെ ഏറിയ ഇടവും എനിക്കായ് മാത്രമായിരുന്നു. കാത്തിരിക്കാൻ ഇതിലുമപ്പുറത്തേക്കൊരു പ്രതീക്ഷ എന്ത് വേണമെനിക്ക്?”

ദേവു ഒന്ന് പുഞ്ചിരിച്ചു. മുന്നോട്ട് നീങ്ങി സേതുവിന്റെ കൈകൾ തന്റെ കൈകൾക്കുളിലാക്കി പൊതിഞ്ഞ് പിടിച്ചു.

“അമ്മക്ക് ആ പഴയ ഇടങ്ങളിലൊക്കെ ഒന്നൂടെ പോണം എന്നില്ലേ?”

അൽപ സമയത്തെ മൗനത്തിന് ശേഷം അവൾ ചോദിച്ചതും ആ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു . വിശ്വാസം വരാതെ സേതു അവളുടെ മുഖത്തേക്ക് ഉറ്റ് നോക്കി.

“കൊണ്ട് പോകാം ഞാൻ.”

ഒരു പുഞ്ചിരിയോടെ ആ കൈകളിൽ മുത്തമിട്ട് പറയുമ്പോൾ ഇരു കണ്ണുകളും സന്തോഷത്താൽ ഈറനവുന്നുണ്ടായിരുന്നു. വൈകാതെ തന്നെ അവർ സേതുവിന്റെ നാട്ടിലേക്ക് യാത്ര തിരിച്ചു. യാത്രക്കിടയിലും ദേവുവിന്റെ കണ്ണുകൾ സേതുവിനെ തേടി ചെല്ലുന്നുണ്ടായിരുന്നു. ആ കണ്ണുകളിലെ സന്തോഷം അവളിൽ വല്ലാത്തൊരു സംതൃപ്തി നിറക്കുകയായിരുന്നു.

മണിക്കൂറുകളുടെ യാത്രക്ക് ശേഷം ദേശമംഗലം ഗ്രാമത്തിലേക്ക് കാർ പ്രവേശിച്ചു. അമ്പതിലേറെ വർഷങ്ങൾക്ക് ശേഷം… പിന്നെയും..!

സേതു ലക്ഷ്മിയുടെ കണ്ണുകൾ ഓരോ മുക്കും മൂലയും സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. എല്ലാം മാറിയിരിക്കുന്നു. കവലയും തോടും പുഴയും… അങ്ങനെ അങ്ങനെ…പലതും മാറിയിരിക്കുന്നു. കവലക്കരികിൽ എത്തിയതും അവൾ വേഗത കുറച്ചു. പണിതുയർത്തിയ ബസ് സ്റ്റോപ്പിൽ ഒരുപാട് കുട്ടികൾ നില്പുണ്ട്.

“ഞാനും അലക്സും ദിവസവും കാണുന്നത് ഈ കവലയിൽ വെച്ചായിരുന്നു. അവിടെ ആ ഹോട്ടലിന് പകരം പണ്ട് കുമാരേട്ടന്റെ ചായക്കടയായിരുന്നു. അവിടെ നിന്ന് ഒരു ഗ്ലാസ്സ് കട്ടനും മൊത്തി കുടിച്ച് ഒരു ചിരിയോടെ എന്നെ നോക്കി നിൽക്കും.”

മറുത്തൊന്നും പറയാതെ അവൾ സേതുവിനെ കേൾക്കുക മാത്രമാണ് ചെയ്തത്. തുടർന്നുള്ള യാത്രയിലും ഓരോ ഇടങ്ങളിലും അലക്സ് മാത്രമായി നിറഞ്ഞ് നിന്നു. ആദ്യമായി അവർ കണ്ടുമുട്ടിയതും, പ്രണയലേഖനം കൈമാറിയതും, കിനാക്കൾ പങ്ക് വെച്ചതും… അങ്ങനെ അങ്ങനെ.., ഓർമ്മകളിൽ എങ്ങും അലക്സ് മാത്രം. കുറച്ച് കൂടെ മുന്നോട്ട് പോയതും കാർ ചെന്ന് നിന്നത് വലിയൊരു ഇരുനില വീടിന് മുന്നിലാണ്.

“മേൽപ്പാടത്ത്”

മുന്നിൽ കൊത്തി വെച്ച അക്ഷരങ്ങൾ പതിഞ്ഞ സ്വരത്തിൽ സേതു വായിച്ചു. പണ്ടത്തെ ആ നാലുകെട്ടല്ല ഇന്ന്…! പകരം ആധുനികത എടുത്തുകാട്ടുനൊരു ബംഗ്ലാവ്. മിഴികൾ മുറ്റത്ത് ഓടി കളിക്കുന്ന കുഞ്ഞുങ്ങളിലാണ് ചെന്ന് നിന്നത്. ആരെയും മനസിലാവുന്നില്ല. കാലം എങ്ങനെയെല്ലാമാണ് മനുഷ്യനെ മാറ്റി മറിക്കുന്നത്..! പണ്ടെന്നോ താൻ കഴിഞ്ഞിരുന്ന ലോകം..! തന്റേത് മാത്രമെന്ന് പറഞ്ഞ് ചേർത്ത് നിർത്തേണ്ട എന്തൊക്കെയോ… ആരൊക്കെയോ…! വ്യക്തമല്ലാത്ത ഒരുപിടി ചിത്രങ്ങൾ…

“അകത്തേക്ക് പോണോ?”

നിറഞ്ഞ മിഴികളെ ഇറുകെ പൂട്ടി വേണ്ടെന്ന് തലയാട്ടി സീറ്റിലേക്ക് ചാരി കിടന്നു. ഓർമ്മകളുടെ കൊതുമ്പുവള്ളം പിന്നെയും ദിശ തെന്നി കരയറിയാതെ കാതങ്ങൾ താണ്ടി തിരികെ മടങ്ങുന്നു..! കണ്ണീരിനിടയിലും സേതുവിൽ വരണ്ടൊരു ചിരി വിരിഞ്ഞു. അല്ലെങ്കിലും ഓർമ്മകൾ വഹിക്കുന്ന ജീവിതങ്ങൾ പലതും ചെന്നെത്തുന്നത് വരണ്ട പുഞ്ചിരികളുടെ തിരയില്ലാത്ത തീരങ്ങളിൽ ആയിരിക്കും…. തികച്ചും അർത്ഥശൂന്യം..! അടഞ്ഞ കണ്ണുകളെ പതിയെ മയക്കം തഴുകി തുടങ്ങിയതും കാർ എവിടെയോ നിൽക്കുന്നതറിഞ്ഞ് സേതു കണ്ണ് തുറന്നു.

“മുതുക്കി മല !”

ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. കണ്ണുകളെ വിശ്വസിക്കാനായില്ല സേതുവിന്. പിടച്ചിലോടെ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. മുന്നിൽ ഇന്നും ആ ആൽമരം മാറ്റങ്ങളില്ലാതെ തണൽ വിരിച്ച് നിൽക്കുന്നു. കാറ്റിൽ പാറുന്ന സാരി തുമ്പിനെ അടക്കി പിടിച്ച് അവർ ആലിന് ചുറ്റും നടന്ന് നീങ്ങി. പതിയെ കൈകളതിൽ തഴുകി. മിഴിനീർ കാഴ്ചയെ മറക്കുമെന്നായതും തളർച്ചയോടെ അവരാ ആലിന്റെ മാറിൽ തല ചായ്ച്ചു.

“എന്നെ.., എന്നെ, കൂടെ കൂട്ടുമോ അലക്സ്..!”

അവസാനമായി അവനോട് ആവശ്യപ്പെട്ടത് അത് മാത്രമായിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും അതെ വാക്കുകൾ..! കേൾക്കുവാൻ മറു തലക്കൽ ആരുമില്ലെന്നറിഞ്ഞിട്ടും..! വെറുതെ…വെറുതെയൊരു മോഹം…അരികിലെവിടെയോ അലക്സ് ഉണ്ടെന്ന തോന്നൽ…! അവൻ തന്നെ ചേർത്ത് പിടിക്കുന്നുണ്ടെന്നൊരു തോന്നൽ…! പൊട്ടി കരച്ചിലോടെ അവരാ മണ്ണിലിരുന്നു. മുഖം പൊത്തി ആർത്ത് കരഞ്ഞു.

“എന്നെ, കൂടെ കൂട്ടുമോ അലക്സ്…”

വീണ്ടും വീണ്ടും അത് മാത്രം..! ദേവു ഓടി വന്ന് സേതുവിനെ നെഞ്ചിലേക്ക് അണച്ച് പിടിച്ചു. ഒരു ആശ്രയം എന്നോണം അവരും അവളുടെ മാറിൽ പതിഞ്ഞ് കിടന്നു. ഒന്നും മിണ്ടിയില്ല. തീരട്ടെ…, ഉള്ളിലുള്ളത് കരഞ്ഞ് തീരട്ടെ. ഏറെ നേരത്തെ മൗനത്തിന് ശേഷം സേതു ചോദിച്ചത് ഒന്ന് മാത്രമാണ്…!

“ആരാണ് നീ?”

മറുപടി നൽകിയില്ല.

“ഇനിയും എന്നെ കളിപ്പിക്കാതെ കുട്ടി. പിന്നിട്ട ഓരോ വഴികളും ഇത്ര കൃത്യമായി നിനക്കറിയുന്നതെങ്ങനെ? എന്തിന് എന്നെ തേടി വന്നു?”

പതിയെ സേതുവിൽ നിന്ന് അവൾ വിട്ട് മാറി. നിറഞ്ഞ മുഴികൾ തുടച്ച് പുഞ്ചിരിക്കുവാൻ ശ്രമിച്ചു.

“അലക്സ് പാവമായിരുന്നമ്മേ. എന്നും എപ്പോഴും ഈ സേതു മാത്രമേ ആ നെഞ്ചിലുണ്ടായിരുന്നുള്ളു. ഓരോ നിമിഷവും ഈ മുഖം മാത്രമേ അദ്ദേഹം പ്രണയിച്ചിരുന്നുള്ളു. അമ്മയെ പോലെ അദ്ദേഹവും ഒരു പാവമായിരുന്നു.”

നിറഞ്ഞ മിഴികളോട് അവൾ പറയുന്നത് കേട്ട് സേതുവിന്റെ ഉള്ളം വിറകൊണ്ട്.

“അലക്സ്…. അലക്സിനെ നിനക്കെങ്ങനെ?”

“ദേവപ്രിയ അലക്സ്…! അമ്മേടെ അലക്സിന്റെ ദത്തുപുത്രി…!”

നിറഞ്ഞ ചിരിയോടെ സംതൃപ്തിയോടെ അവളത് പറഞ്ഞ് നിർത്തുമ്പോൾ ഉള്ളം വല്ലാതെ ദുർബലമായി പോയിരുന്നു.

“ദേവപ്രിയ.., തനിക്ക് ഏറെ പ്രിയമുള്ള പേര്.”

ആ കണ്ണുകളിൽ വാത്സല്യം നിറയുന്നത് അവൾ കൊതിയോടെ നോക്കി നിന്നു. ആ കൈകൾ തന്റെ നെറുകിൽ പതിയുന്നത് ഒരു സ്വപ്നത്തിലെന്ന പോൽ അവളറിയുകയായിരുന്നു.

“മോളെ…”

ഇടർച്ച വീണ ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ പതിച്ചു. ഇന്നോളം ഒരമ്മയുടെ ചൂടെന്തെന്ന് അറിഞ്ഞതല്ല. എന്നാൽ ഇന്ന് താൻ മനസിലാക്കുകയാണ്. വാക്കുകളാൽ പപ്പാ ഉള്ളിൽ കോറിയിട്ട അമ്മയുടെ ചിത്രത്തിന് ഈ നിറഞ്ഞ മിഴികളുടെ തിളക്കമായിരുനെന്ന്.

“കൊണ്ട് പൊക്കോട്ടെ ഞാൻ?പപ്പാ അവിടെ കാത്തിരിപ്പുണ്ട്.ഒന്ന് കാണാൻ. ഇട്ടിട്ട് പോയതല്ല.കല്യാണം കഴിഞ്ഞ് കുടുംബമായി കഴിയുവാണെന്ന് കരുതി. അവിടേക്ക് ഒരു വിള്ളൽ വീഴരുതെന്ന് കരുതി. അറിഞ്ഞില്ലല്ലോ തനിച്ചായിരുന്നു ഇത്രേം കാലമെന്ന്. കൊണ്ട് പോയേനെ ഞാൻ..!”

കരച്ചിലോടെ ദേവു പറയുന്നത് കേട്ട് ശരീരമാകെ മരവിക്കുന്നത് പോലെയാണ് സേതുവിന് തോന്നിയത്.

“അലക്സ്… ന്റെ അലക്സ്…”

ദേവു ചിരിയോടെ തലയാട്ടി ആ നെറുകിൽ ചുണ്ടുകൾ അമർത്തി.

അവിടെ നിന്നും യാത്ര തിരിക്കുമ്പോൾ മുന്നിൽ ഒരു വസന്തം പൂത്തുലഞ്ഞ് നിൽക്കുകയായിരുന്നു. അത്രമേൽ ആർദ്രമായി ഹൃദയം അവനിലേക്ക് ചുരുങ്ങി തുടങ്ങിയിരുന്നു. കണ്ണുകൾ അടച്ചിട്ടും ഉറങ്ങാനായില്ല..! എന്തൊക്കെയോ മോഹങ്ങൾ ഉള്ളിൽ തകിട്ടി വരുന്നു. വാർദ്ധക്യം പാടെ മറന്ന് പോയിരിക്കുന്നു. യൗവനം സിരകളിൽ അരിച്ച് കയറുന്നു. എന്തൊക്കെയാണ് തനിക്ക് സംഭവിക്കുന്നത്…, വല്ലാത്തൊരു പരവേശം. കണ്ണാടിയിലെ സ്വന്തം മുഖത്തേക്ക് പിന്നെയും പിന്നെയും കണ്ണുകൾ നീങ്ങുന്നു. ആദ്യമായി മുടിയിഴകളിലെ വെളുപ്പ് രേഖകളിൽ മുഖത്ത് വീണ ചുളിവുകളിൽ കണ്ണിൽ ബാധിച്ച കറുപ്പിൽ അവൾക്ക് വല്ലാത്ത പരിഭവം തോന്നി. വർഷങ്ങൾക്ക് പിന്നിലെ ആ പാവാടകാരി കാമുകി പെണ്ണിലേക്ക് തിരിഞ്ഞ് പോക്ക്. ഏറെ നേരത്തെ യാത്രക്ക് ശേഷം കാർ ചെന്നെത്തിയതൊരു ഇരുനില വീടുന് മുന്നിലാണ്. പുറത്തേക്കിറങ്ങിയതും കണ്ണുകൾ പൂക്കാൻ കാത്ത് നിൽക്കുന്ന നിശാഗന്ധി പൂക്കളിലുടക്കി.

നിശയോട് മാത്രം കൂട്ട് കൂടുന്നവൾ…! നിശയിൽ മാത്രം സുഗന്ധം പടർത്തുന്നവൾ..! അത്രമേൽ ആഴത്തിൽ നീ ഈ ഇരുളിനെ പ്രണയിക്കുന്നുണ്ടോ? പകലിനോട് പരിഭവങ്ങൾ പറഞ്ഞ് സന്ധ്യയോളം നീ അവനെ കാത്തിരിപ്പാണോ? നിമിഷങ്ങളെ പോലും സ്‌മൃതിയിലാഴ്ത്തി പ്രണയപൂർവം നീ അവനെ നോക്കി നിൽക്കാറുണ്ടോ? കണ്ണ് ചിമുന്ന താരകങ്ങളുടെയും ഉറ്റ് നോക്കുന്ന പൗർണ്ണമിയുടെയും കളി വാക്കിനാൽ നാണത്താൽ നീ മിഴി പോത്തിയിട്ടുണ്ടോ? ഏറ്റവുമൊടുവിൽ ഒരു മറുവിളിക്ക് കാത്തു നിൽക്കാതെ നിശയും മാഞ്ഞ് പോകുമ്പോൾ ഒരു തുള്ളി കണ്ണുനീർ നീയും പൊഴിക്കാറുണ്ടോ? ഉണ്ടായിരിക്കണം..! എത്ര മനോഹരമായൊരു പ്രണയമാണിത്? നിശയെ പ്രണയിക്കുന്ന നിശാഗന്ധികൾ..!

“വാ അമ്മേ..”

ദേവു വിളിച്ചപ്പോഴാണ് സേതു നോട്ടം മാറ്റിയത്. വർഷങ്ങൾ കാത്തിരുന്ന തനിക്കിന്ന് നിമിഷങ്ങൾ പോലും യുഗങ്ങളായി മാറുന്നു. ഒട്ടും ക്ഷമായില്ലാതായിരിക്കുന്നു..! ദേവുവിന്റെ പിറകെ ആ വീട്ടിലേക്ക് കയറുമ്പോഴും ഇനിയുള്ള ചുരുങ്ങിയ കാലമെങ്കിലും സന്തോഷമായൊരു ജീവിതം സ്വപ്നം കാണുകയായിരുന്നു സേതു. മുകളിൽ ബാൽക്കണിയിൽ എത്തിയതെ ദേവു ചിരിയോടെ മുന്നോട്ട് കൈ ചൂണ്ടി. വീൽ ചെയറിൽ പിന്തിരിഞ്ഞിരിക്കുനൊരു രൂപം. കണ്ണുകൾ കൊണ്ട് അടുത്തേക്ക് ചെല്ലാൻ അവൾ പറഞ്ഞതും വിറക്കുന്ന കാലടികളോടെ സേതു മുന്നോട്ട് നീങ്ങി. വയ്യാ…. ശക്തിയെല്ലാം ചോർന്ന് പോവുന്നു. അടുത്ത്… ഒരു കൈയകലത്തിൽ തന്റെ അലക്സ്. കണ്ണുകൾ നിറഞ്ഞു. കാലുകൾ പോലും തളർന്നു.

“അലക്സ്…!”

പതിഞ്ഞ സ്വരത്തോടെ വിറക്കുന്ന കൈകൾ ആതോളിൽ അമർത്തി അവൾ വിളിച്ചതും മുഖം ചെരിച്ചവൻ തിരിഞ്ഞ് നോക്കി. ആ കണ്ണുകളും നിറഞ്ഞ് തുളുമ്പിയിരിക്കുന്നു. പിടച്ചിലോടെ അവൾ അവനരികിലിരുന്നു. ആ കൈകൾക്ക് മുകളിൽ തന്റെ കൈ ചേർത്ത് മുഖത്തേക്ക് ഉറ്റ് നോക്കി. ഒഴികിയിറങ്ങുന്ന കണ്ണീർ പുറം കൈയാൽ തുടച്ച് നീക്കി.

“അലക്സ്…. എന്നെ… എന്നെ ഇനിയെങ്കിലുമൊന്ന് കൂടെ കൂട്ടിക്കൂടെ?”

നിറഞ്ഞ കണ്ണുകളോടെ അവൾ ചോദിച്ച് മുഴുവനാക്കും മുന്നേ ഒരു കൈയാൽ അലക്സ് അവളെ ചേർത്ത് പിടിച്ചിരുന്നു. വിട്ട് കൊടുക്കില്ലെന്ന വാശിയോടെ. കുറച്ച് മാറി എല്ലാം കണ്ട് നിന്ന ദേവുവിന്റെ കണ്ണുകളും ഈറനായി. ഇതിൽ പരം മറ്റൊരു സ്വർഗവും അവർക്കിനി ലഭിക്കുവാനില്ല.

“ഞാൻ… ഞാൻ നിന്നെ ഒത്തിരി വേദനിപ്പിച്ചോ സേതു?”

ആ ശബ്ദം കാലങ്ങൾക്ക് ശേഷം പിന്നെയും അവളെ തേടിയെത്തി.

“ഉവ്വ്… വേദനിച്ചിരുന്നു. ഓരോ ആൾക്കൂട്ടങ്ങളിലും നിനക്ക് വേണ്ടി തേടി അലഞ്ഞ് ഒടുക്കം കണ്ടെത്താൻ കഴിയാതെ പരാജയപ്പെടുമ്പോൾ ഞാൻ വേദനിച്ചിരുന്നു. ഓരോ പകലുകളും നിന്നെയും കാത്ത് പാതി തുറന്ന ജാലകത്തിനിപ്പുറം കണ്ണും നട്ടിരിക്കുമ്പോൾ… നേർത്തൊരു കാലൊച്ചയിൽ പോലും പ്രതീക്ഷയോടെ ഓടി പിടഞ്ഞ് ഉമ്മറ പടിയിൽ വന്ന് കിതപ്പടക്കി നിൽകുമ്പോൾ, ഒടുക്കം ഇരുൾ മൂടിയ രാവുകളിൽ ഉധിച്ച് നിൽക്കുന്ന നിലാവിനെ നോക്കി എങ്ങോ നീ എനിക്കായ് കാത്തിരിപ്പുണ്ടെന്ന വിശ്വാസത്തോടെ നിനക്കായ്‌ നൽകുവാൻ രഹസ്യങ്ങളോതുമ്പോൾ… എല്ലാം… എല്ലാം ഞാൻ വേദനച്ചിരുന്നു…”

അവന്റെ കര വലയത്തിൽ ഒതുങ്ങിയിരുന്നുകൊണ്ട് പരിഭവങ്ങൾ ഓരോന്നായി അവൾ പറഞ്ഞുകൊണ്ടിരുന്നു.

“അറഞ്ഞില്ലെടോ ഞാൻ…! തനിച്ചാണെന്ന് അറിഞ്ഞില്ല. എന്നെയും കാത്തിരിപ്പാണെന്ന് അറിഞ്ഞില്ല.”

ഒരു ക്ഷമാപണം പോലെ അലക്സ് തന്റെ ചുണ്ടുകൾ സേതുവിന്റെ നെറുകിൽ അമർത്തി. ആദ്യ ചുംബനം. എന്തൊരു ചൂടാണാ അധരങ്ങൾക്ക്…! സേതു മിഴികൾ ഇറുകെ പൂട്ടി ആ നെഞ്ചിലേക്ക് പതുങ്ങിയിരുന്നു. പിന്നിലായി എല്ലാം കണ്ടുകൊണ്ട് നിന്ന ദേവുവിന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു. അവരെ അവരുടെ ലോകത്തേക്ക് വിട്ട് തിരികെ പടികൾ ഇറങ്ങുമ്പോൾ സന്തോഷത്താൽ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി.

“അലക്സ്…. എനിക്കും നിനക്കും വയസായി. ഇനി എത്രകാലം എന്നൊന്നും അറിയില്ല. പോകുന്നിടം വരെ നീയെന്റെ കൂടെ വേണം. ഇനിയും പാതിയിൽ തനിച്ചാക്കി പോയേക്കല്ലേ നീയെന്നെ…!”

അലക്സ് അവളുടെ കൈകളിൽ തന്റെ വിരലുകൾ കോർത്തു.

“ജീവിക്കണം സേതു…! നമുക്കും ജീവിച്ച് തുടങ്ങണം.”

അവളെ അണച്ച് പിടിച്ചുകൊണ്ട് അവനും മൊഴിഞ്ഞു…!

“അരികിൽ നീയുണ്ടെങ്കിൽ വസന്തമെങ്ങനെ വഴി മാറി പോകാനാണ്…!”

പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞ് നിർത്തുമ്പോൾ പുറത്ത് നിശാഗന്ധികൾ പൂത്ത് നിൽപുണ്ടായിരുന്നു.

അല്ലെങ്കിലും നിശയരികിൽ ഉള്ളപ്പോൾ അവൾക്ക് വിരിയാതിരിക്കുവാൻ ആവില്ലല്ലോ….!

അവസാനിച്ചു