അമ്മാവനിപ്പോ എന്നെ കാണാൻ വന്നതാണോ അതോ, പട്ടിടെ കുറ്റം പറയാൻ വന്നതാണോ……

തെരുവ് പട്ടി

Story written by Murali Ramachandran

“ഛേ, പോ പട്ടി.. പോവാനല്ലേ പറഞ്ഞത്. ഇവറ്റകളെയൊക്കെ വിഷം വെച്ചു കൊല്ലണം. എങ്ങാനും നമ്മളെ കടിച്ചാൽ അതിന്റെ പുറകെ നടക്കേണ്ടിവരും.”

അമ്മാവൻ കൈയിൽ കരുതിയ ആ വടി പട്ടിക്ക്‌ നേരെ വീശി. അതു പേടിച്ചു മാറി കൊണ്ടു അമ്മാവന് നേരെ ഉറക്കെ കുരച്ചു.

“കണ്ടോ.. അതിന്റെ ദേഷ്യം. പേപട്ടി വെല്ലോം ആണോടാ..? ഇതിനെയൊന്നും ഈ പരിസരത്ത് അടുപ്പിച്ചെക്കരുത്, നമുക്ക് വിനയാണ്‌.”

അമ്മാവൻ എന്നോട് അതു പറയുമ്പോൾ ഞാൻ ആ കസേരയിൽ പ്ലാസ്റ്റർ ഇട്ട കാലും വെച്ച് നീട്ടിയിരിപ്പുണ്ടായിരുന്നു. ഞാൻ ഉടനെ ചോദിച്ചു.

“അമ്മാവനിപ്പോ എന്നെ കാണാൻ വന്നതാണോ അതോ, പട്ടിടെ കുറ്റം പറയാൻ വന്നതാണോ..?”

“അല്ല, ഞാൻ അത് മറന്നു. ഇപ്പോ എങ്ങനെ ഉണ്ട് നിന്റെ കാലിന്. എന്താ പറ്റിയെ..? നിനക്ക് വേദന വെല്ലോം ഉണ്ടോടാ..?”

“വേദനക്ക് കുറവുണ്ട്, എന്നും രാവിലെ ഓടാൻ പോകാറുള്ളതാണ്. ഇന്നലെ പിന്നിൽ നിന്നും ഒരു കാർ ഇടിച്ചിട്ടു നിർത്താതെ പോയി.”

“എന്നിട്ട് നീയവരെ കണ്ടോ..? അത് ആരാന്നു വെല്ലോം അറിയുവോ..?”

“ഇല്ല, വീണ വീഴ്ചയിൽ അതൊന്നും നോക്കാൻ പറ്റിയില്ല. അവര് എന്നെ ഇടിച്ചിട്ടേച്ചും വേഗത്തിൽ പോയി. കുറേ നേരം വേദന സഹിച്ചു അവിടെ കിടന്നു. അപ്പോഴാ ഈ പട്ടി എന്നെ നോക്കി കുരക്കാൻ തുടങ്ങിയത്. ഏറെ നേരം കുരച്ച് കുരച്ചു ആളെ കൂട്ടി. എന്നിട്ട് അവിടെ കൂടിയ ആളുകളാണ് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.”

അതുവരെ എന്നെ നോക്കിയ അമ്മാവൻ ആ പട്ടിയെക്കുറിച്ച് അപ്പോഴാണ് മനസിലാക്കിയത്. കൈയിൽ കരുതിയിരുന്ന ആ വടി താഴത്തേക്ക് ഇട്ടു. എന്നിട്ട് പട്ടിയെ വീണ്ടും ഒന്നു നോക്കി, പിന്നീട് ഒന്നും അതിനെക്കുറിച്ച് പറയാൻ നിന്നില്ല. അമ്മാവൻ വീട്ടിലേക്ക് കയറി ചെന്നു.

( ഒരു പത്രവാർത്തയാണ് ഈ കഥയെഴുതാൻ പ്രേരിപ്പിച്ചത്. )