മറക്കാനാവാത്തത്
Story written by Ammu Santhosh
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“അമ്മയോടെന്താ ദേഷ്യം?”
കല്യാണത്തിന്റെ നാലാമത്തെ നാൾ ആയിരുന്നു അത്. കാർത്തിക് ആ ചോദ്യം കേട്ട് പാർവതിയേ നോക്കി
“ദേഷ്യം ഒന്നുമില്ലല്ലോ “അവൻ അലസമായി പറഞ്ഞു
ലവ് മാര്യേജ് ഒന്നുമായിരുന്നില്ല അവരുടെ. കല്യാണം തീരുമാനിച്ചു ഒരു മാസം കഴിഞ്ഞു കല്യാണം. അതിനിടയിൽ ചില്ലറ ഫോൺ വിളികൾ. അതിലെന്ത് പരസ്പരം മനസിലാക്കാൻ?
കാർത്തിക് ബാങ്കിലാണ്പാ ർവതി ടീച്ചറും
ഇരുപത്തിയേഴും ഇരുപത്തിനാലും വയസ്സുള്ള കുറച്ചു പക്വത എത്തിയവർ
കാർത്തിക്കിന്റെ വീട്ടിൽ അമ്മയുണ്ട്. അച്ഛൻ കോഴിക്കോട് ജോലി ചെയ്യുന്നു. ആഴ്ചയിൽ രണ്ടു ദിവസം വരും.കാർത്തിക് ഒറ്റമകൻ ആണ്.
പക്ഷെ അച്ഛനോടോ അമ്മയോടോ അത്രക്ക് ഒരു സൗഹൃദവും സ്നേഹവും അവനില്ല. പാർവതിയോടുണ്ടോ എന്ന് ചോദിച്ചാൽ അതവൾക്ക് ശരിക്കും മനസിലായിട്ടില്ല. ഇല്ലെ എന്ന് ചോദിച്ചാൽ സ്നേഹം ഉണ്ട് എന്ന് തോന്നും പക്ഷെ ഉണ്ടൊ എന്ന് ചോദിച്ചാൽ അത്രയ്ക്ക് ഉറപ്പില്ല താനും.
അമ്മയോട് എന്തായാലും തീരെ സ്നേഹം ഇല്ല എന്ന് പാർവതിക്ക് തോന്നി
അവൻ അവർ ഉള്ളിടത്ത് കഴിയുന്നതും വരാറില്ല
അവർ നിൽക്കുന്ന ഇടത്തു നില്ക്കാറുമില്ല.
അമ്മ പാവമാണ്മെ ലിഞ്ഞു വിളർത്ത ഒരു സ്ത്രീ
സദാസമയവും ജോലിയിൽ മുഴുകി അടുക്കളയിൽ ഒതുങ്ങും
അച്ഛനും അമ്മയും തമ്മിൽ നല്ല സ്നേഹമാണ്
ഇനി കാർത്തിക്കിന്റെ സ്വന്തം അമ്മയല്ലേ അവർ?
“അമ്മേ കാർത്തി എന്താ അമ്മയോട് സംസാരിക്കാത്തത്?”
ഒരു ദിവസം അവൾ ചോദിക്കുക തന്നെ ചെയ്തു
അവരുടെ മുഖം വിളറിപ്പോയി
“അവൻ കുഞ്ഞിലേ അങ്ങനെയാ മോളെ. ആരോടും വലിയ അടുപ്പം ഒന്നുമില്ല. എന്നോട് മാത്രം അല്ല. കൂട്ടുകാരും അവന് കുറവാ “
പാർവതിക്ക് അതെന്തോ വിശ്വാസം വന്നില്ല. കൂട്ടുകാരൊക്കെയുണ്ട് കാർത്തിക്ക്. തന്നോട് എല്ലാം വന്നു പറയാറു മുണ്ട്.
“ഞാൻ ശനിയാഴ്ച വീട്ടിൽ ഒന്ന് പോയി വരട്ടെ?”
കാണാതെ നിന്നാൽ അവനെ ന്തെങ്കിലും വിഷമം ഉണ്ടൊ എന്ന് അറിയാൻ ചോദിച്ചു നോക്കിയതായിരുന്നു അവൾ
കാർത്തി ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു
“ശനിയാഴ്ച പോയിട്ട്?”
“തിങ്കൾ വരാം ” അവൾ ആ മുഖം പഠിക്കാൻ എന്ന പോലെ നോക്കി
അവന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസം വന്നെങ്കിലും പെട്ടെന്ന് അവൻ തിരിഞ്ഞു നിന്നത് കൊണ്ട് അവൾക്ക് അത് വ്യക്തമായില്ല
“പാർവതിയ്ക്ക് ഇഷ്ടം പോലെ ചെയ്യാം ” അങ്ങനെ പറഞ്ഞിട്ട് അവൻ മൊബൈൽ എടുത്തു പുറത്തേക്ക് പോയി
അവൾക്ക് നേരിയ ഒരു സങ്കടം തോന്നി
എന്നിരുന്നാലും അവൾ രണ്ടു ദിവസത്തേക്ക് ഉള്ള തുണികൾ ബാഗിൽ അടുക്കി
“ഞാൻ കൊണ്ട് വിടണോ?” ആൾ അടുത്തു വന്നു
“എന്റെ കൂടെ അവിടെ നിൽക്കാമോ?എങ്കിൽ കൊണ്ട് വിട്ടാൽ മതി “
അവൾ മുഖത്തേക്ക് നോക്കി
ആ മുഖം പ്രകാശിക്കുന്നു
“എടുത്തു വെയ്ക്കട്ടെ ഷർട്ടും പാന്റ്സും?” അവൻ ഒന്ന് മൂളി അവൾ തന്നെ അവനുള്ളത് എടുത്തു വെച്ചു
“എന്റെ മുടിയിൽ ഈ ക്ലിപ്പ് ഒന്നിട്ടേ…”
അവൾ അവന്റെ മുന്നിൽ ചെന്നു നിന്നു
അവൻ അതു നോക്കി നിൽക്കുന്ന കണ്ടവൾക്ക് ചിരി വന്നു
“ഇങ്ങനെ ഇട്ടാ മതി.. കൈക്ക് ഒരു വേദന. തിരിക്കാൻ വയ്യ. ഇന്നലെ ഫുൾ ടൈം ബോർഡിൽ എഴുത്തായിരുന്നു. ഏഴു പീരിയഡ് ക്ലാസ്. ക്ഷീണിച്ചു “അവൾ കാണിച്ചു കൊടുത്തത് പോലെ അവൻ അത് ഇട്ടു കൊടുത്തു
“എവിടെയാണ് വേദന?” അവന്റെ കയ്യിൽ ബാം. പാർവതിക്ക് അതിശയം തോന്നി
“പറയ്… പുരട്ടി തരാം ” പാർവതി സാരീ മാറ്റി ചുമൽ കാട്ടി
“ഇന്നലെ പറയാഞ്ഞതെന്താ?” അവന്റെ മുഖം പിൻ കഴുത്തിൽ മെല്ലെ ഒന്നമർന്നു
പാർവതി ചൂളി ഒന്ന് നോക്കി
കണ്ണുകളിൽ സ്നേഹം നിറഞ്ഞിരിക്കുന്നു.
“പറയാതെങ്ങനെയാ അറിയുക?” അവൻ അവളുടെ കണ്ണിലേക്കു നോക്കി
“അത്രക്ക് തോന്നിയില്ല. ഇപ്പൊ നല്ല വേദന “അവൾ മെല്ലെ പറഞ്ഞു
“കുറച്ചു ചൂട് വെച്ചാൽ മാറും “അവൻ അവിടെയൊന്നുടെ തടവി.
ആൾ തന്നെ വാട്ടർ ബാഗിൽ വെള്ളം നിറച്ചു വെച്ചു തന്നു
“എന്തുണ്ടെങ്കിലും ഉള്ളിൽ വെയ്ക്കരുത് ട്ടോ “അവന്റെ പുഞ്ചിരി തൂകുന്ന മുഖം
പാർവതി ആ കൈ പിടിച്ചു നെഞ്ചിൽ ചേർത്ത് കണ്ണടച്ചിരുന്നു.
വേദന കുറഞ്ഞിരിക്കുന്നു
“പോകാം നമുക്ക്?”അവൻ തന്നെ ചോദിച്ചു
“അച്ഛൻ വരില്ലേ ഈ ആഴ്ച?”
“വരും..”
അമ്മ ഒറ്റയ്ക്കല്ലലോ എന്നറിയാൻ ആണ് അവനോട് അതവൾ ചോദിച്ചത്
അമ്മയോട് കാർത്തിക് യാത്ര പറഞ്ഞില്ല എന്നത് അവൾ ശ്രദ്ധിച്ചു കാറിൽ ഇരിക്കുമ്പോൾ അവളാ മുഖത്ത് നോക്കി. സാധാരണ പോലെ തന്നെ. കൂടെയുള്ള കൂട്ടുകാർ അവരുടെ ഭർത്താവിന്റെ കേയറിങ്, റൊമാൻസ് ഒക്കെ പറയുമ്പോൾ പാർവതി കാർത്തിക്കിനെ കുറിച്ച് ഓർക്കാറുണ്ട്. ആൾ അങ്ങനെ ഒന്നുമല്ല. ഒരു പ്രകടനവുമില്ല. ബാങ്കിൽ നിന്ന് സ്ഥിരമായി വിളികൾ ഒന്നും വരാറില്ല. ആവശ്യം ഉണ്ടെങ്കിൽ വിളിക്കും.അത്ര തന്നെ.
പക്ഷെ ഉള്ളിൽ സ്നേഹം ഉണ്ട്അ ത് മനസിലാകും. കാണിക്കണ്ട. ഒന്നാമത് പാർവതിക്ക് അവളെയെങ്ങനെ ഒത്തിരി പുന്നാരിക്കുന്നത് ഇഷ്ടം ഉള്ള ആളല്ല
ഭർത്താവ് ഭക്ഷണം വാരി കൊടുക്കുന്നത് കൂട്ടുകാരികൾ പറയുമ്പോൾ അവൾ ചോദിക്കും
“നിങ്ങൾക്ക് പിന്നെ സ്വന്തം കൈ എന്തിനാണ്? കൈക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഓക്കേ.. എനിക്ക് അത് ഇഷ്ടമല്ല”
താൻ ഒട്ടും റൊമാന്റിക് അല്ലാത്തത് കൊണ്ട് ആണത്രേ
അല്ല
എന്താപ്പോ ഈ റൊമാൻസ് ആവോ?
കാർത്തിക് ഏകദേശം തന്നെ പോലെ തന്നെ ആണ്. അത് കൊണ്ട് രക്ഷ പെട്ടു. അല്ലെങ്കിൽ തനിക്ക് വേറെ വല്ല അഫയറും ഉണ്ടായിട്ടാണെന്ന് കരുതിയേനെ..
അത് ഓർത്തപ്പോൾ അവൾ അവന്റെ കയ്യിൽ ഒന്ന് തൊട്ടു
“അഫയർ ഉണ്ടായിരുന്നോ?”
കാർത്തിക് അവളെയൊന്നു നോക്കി
“ഇല്ല “
പിന്നെ പാർവതി ഒന്നും ചോദിച്ചില്ല
ഇതല്ലേ സ്വഭാവം? അവൾ തന്നെ ഒന്ന് ചിരിച്ചു പിന്നെ പുറത്തേക്ക് നോക്കിയിരുന്നു
“വേദന കുറഞ്ഞോ?” അവൾ ഒന്ന് മൂളി
കുറച്ചു കഴിഞ്ഞു കൈയിൽ ഒരു തണുപ്പ് വന്നപ്പോൾ അവൾ നോക്കി
കാർത്തിക്കിന്റെ കൈ തന്റെ കൈയുടെ മുകളിൽ
“ഞാൻ വെറുതെ പറഞ്ഞതാണ് ” അവന്റെ മുഖത്ത് ഒരു നേർത്ത ചിരി
“എന്ത്?”
“അഫയർ ഇല്ലാന്ന് .. ഒരു അഫയർ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ കാർ ബ്രേക്ക് ഡൌണായി ഞാൻ ബസിൽ പോയ ഒരു ദിവസം.. അന്ന് നല്ല തിരക്കായിരുന്നു. എന്റെ മുന്നിൽ ഒരു പെൺകുട്ടി.കടും പച്ച നിറത്തിൽ ഉള്ള സാരീ ഉടുത്ത് നീളൻ മുടിയൊക്കെ ഉള്ള ഒരു പെൺകുട്ടി .മുഖം വ്യക്തമല്ല ബസ് ഒന്ന് സഡൻ ബ്രേക്ക് ഇട്ടപ്പോൾ അവളെന്റെ നെഞ്ചിൽ വന്നു വീണു.. അപ്പോഴാ ഞാൻ ആ മുഖം കണ്ടത്. ആ ഒരു നിമിഷത്തിൽ ആ വലിയ രണ്ടു കണ്ണുകൾ എന്റെ ഉള്ളിലേക്ക്…അവൾ എന്നെ ശ്രദ്ധിച്ചില്ല. വെപ്രാളത്തിൽ എഴുന്നേറ്റു മുന്നിലേക്ക് പോയി.പിന്നെ നോക്കിയിട്ടേ ഇല്ല. പിന്നെ പിന്നെ ഞാൻ ആ ബസിൽ പോകാൻ തുടങ്ങി.അവളെ കാണാൻ തന്നെ.കുറച്ചു നാൾ കഴിഞ്ഞു. ഒരു ദിവസം ആ പെൺകുട്ടി വന്നില്ല. പിന്നെ കുറച്ചു ദിവസങ്ങൾ.. കാണുന്നില്ല.അങ്ങനെ ആ കുട്ടി കയറുന്ന സ്റ്റോപ്പിൽ ഇറങ്ങി വെറുതെ ഒരു അന്വേഷണം നടത്തി. ഒരുത്തൻ വന്ന് ഒരു പെൺകുട്ടിയെ കുറിച്ച് അന്വേഷിച്ചാൽ ആരെങ്കിലും എന്തെങ്കിലും ഡീറ്റെയിൽസ് പറയുമോ? ഒന്നും കിട്ടിയില്ല.. പിന്നെ ഇറങ്ങുന്ന സ്റ്റോപ്പിൽ ഒരു അന്വേഷണം നടത്തി. ആർക്കും ഒന്നും അറിയില്ല. എനിക്ക് ടെൻഷൻ ആയി. കല്യാണം കഴിഞ്ഞു കാണുമോ എന്നൊക്കെ ഉള്ള ഒരു ടെൻഷൻ.. അങ്ങനെ ഇരിക്കെ എന്റെ നാട്ടിലെ ക്ഷേത്രത്തിൽ ഒരു ദിവസം ഈ പെൺകുട്ടി… കൂടെ അച്ഛൻ, അമ്മ,രണ്ടും കല്പിച്ചു അച്ഛനെ ഞാൻ പരിചയപ്പെട്ടു. അങ്ങനെ അറിഞ്ഞു കുട്ടിയുടെ പേര് പാർവതി, ടീച്ചർ ആണ് ഇപ്പൊ ട്രാൻസ്ഫർ ആയി എന്റെ നാട്ടിലേക്ക്…”
പാർവതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി
“കണ്ട നിമിഷത്തിൽ തന്നെ ഉള്ളിൽ കയറിയ ആ ആളാണ് ഇപ്പൊ എന്റെ അടുത്ത് ഇരിക്കുന്നത് “
പാർവതി ആ ചുമലിലേക്ക് തല ചേർത്ത് വെച്ചു
“ഞാൻ എന്ത് മാത്രം ഓർത്തിട്ടുണ്ടെന്നോ…? എങ്ങാനും മിസ്സ് ആയി പോയിരു ന്നെങ്കിൽ… ഓർക്കാൻ വയ്യ “അവൻ പറഞ്ഞു
അവൾ മുഖം ഉയർത്തി ആ കവിളിൽ മെല്ലെ ഒന്ന് ചുണ്ടമർത്തി
“താങ്ക്സ് ” അവൻ ഒന്ന് ചിരിച്ചു
“എനിക്കിതൊക്ക പറയാൻ ഭയങ്കര ചമ്മലാണ്… ഇപ്പൊ ചോദിച്ചപ്പോ
പറഞ്ഞുന്നേയുള്ളു. “
വീടെത്തും വരെ അവൾ പിന്നെ ഒന്നും മിണ്ടിയില്ല
ഉള്ളിൽ ഒരു സുഖം ഉള്ള കാറ്റ് വീശുംപോലെ
രാത്രി കിടക്കുമ്പോൾ അമ്മയെ വിളിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി അച്ഛൻ വന്നു കാണുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നും
“കാർത്തി?”
“ഉം “
“എന്നോട് പറയാൻ പറ്റുന്നതാണോ ഈ പിണക്കം? പിണക്കമില്ല എന്ന് മാത്രം പറയരുത് “
അവൻ ഒന്ന് നോക്കി
“പറയാം ഞാൻ അന്ന് ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയാണ്.. അച്ഛൻ ഇത് പോലെ ദൂരെ ജോലി.. ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ അവരുടെ ബെഡ്റൂമിൽ ഒരാൾ. അമ്മ അയാളുടെ നെഞ്ചിൽ.. പതിനാല് വയസ്സ് ഉള്ള ഒരാൾക്ക് അത് എന്താ എന്നൊക്കെ മനസിലാകും. അച്ഛൻ വന്നപ്പോൾ ഞാൻ എല്ലാം പറഞ്ഞു. അവർ തമ്മിൽ വഴക്കായി. അമ്മ കുറെ നാൾ അവരുടെ വീട്ടിൽ പോയി നിന്നു. പിന്നെ അച്ഛൻ അത് ക്ഷമിച്ചു കൂട്ടിക്കൊണ്ട് വന്നു. എനിക്ക് പിന്നെ അമ്മയെ സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല പാർവതി. അമ്മയോട് ക്ഷമിച്ച അച്ഛനോടും എനിക്ക് എന്തോ വെറുപ്പാണ്.. ച തി എനിക്ക് പൊറുക്കാൻ
വയ്യ “
പാർവതി എന്ത് പറയണം എന്നറിയാതെ ആ മുഖം നെഞ്ചിൽ ചേർത്ത് പിടിച്ചു കിടന്നു
ഉടഞ്ഞു പോയ ഹൃദയത്തിൽ എത്ര വേദന ഉണ്ടായിരുന്നു എന്ന് അവൾക്ക് മനസിലാകുമായിരുന്നു.ഒരു കുട്ടിയുടെ കാഴ്ചകൾ അവന്റെ ഹൃദയത്തെ എത്രയധികം സ്വാധീനിക്കും എന്നും അവൾക്ക് അറിയാമായിരുന്നു
“ക്ഷമിക്കുക ദൈവികമാണ് കാർത്തി.തെറ്റുകൾ മനുഷ്യ സഹജമാണ്… പോട്ടെ.. വിട്ടു കള.. ഞാൻ ഇല്ലെ ഇപ്പൊ കൂടെ? ഒരു പിണക്കവും മനസ്സിൽ വെയ്ക്കണ്ട…”
അവൾ ആ മുഖം തലോടി.തിരിച്ചു ചെല്ലുമ്പോൾ അമ്മ പൂമുഖത് തന്നെ ഉണ്ടായിരുന്നു.അവൾ പതിവ് പോലെ പുഞ്ചിരിച്ചു കൊണ്ട് കയ്യിൽ കരുതിയ പാക്കറ്റ് അമ്മയ്ക്ക് കൊടുത്തു
കാർത്തിക് പെട്ടെന്ന് ഒന്നും മാറിയില്ല
അത് പാർവതി പ്രതീക്ഷിച്ചുമില്ല
പക്ഷെ ഇടയ്ക്ക് ഒക്കെ അവൻ അവരുള്ളപ്പോൾ തന്നെ അടുക്കളയിൽ ചെല്ലുന്നതും ഭക്ഷണം എടുത്തു കഴിക്കുന്നതും കണ്ടു
അവർ നിൽക്കുന്നിടത്ത് നിൽക്കാനും അവർ ഇരിക്കുന്നിടത്ത് ഇരിക്കാനും അവന് കഴിയുന്നുണ്ടായിരുന്നു
പാർവതി ഗർഭിണി ആയപ്പോൾ,.പിന്നെ അവൾ ഒരു കുഞ്ഞിന്റെ അമ്മയായപ്പോൾ….
അപ്പോഴൊക്കെ കാർത്തി അവരോട് ക്ഷമിക്കാൻ ആരംഭിച്ചിരുന്നു
അല്ല ക്ഷമിച്ചു തുടങ്ങിയിരുന്നു
തെറ്റുകൾ ദീർഘ കാലം പൊറുക്കാതെ ഉള്ളിലിട്ട് നടക്കുന്നത് നമുക്ക് തന്നെ നല്ലതല്ല എന്ന് പാർവതി അവനോട് പറയും.
അമ്മ സ്നേഹിച്ച ഒരു കാലം ഓർക്കു കാർത്തി എന്ന് ഓർമ്മിപ്പിക്കും
അമ്മ പിന്നെ തെറ്റുകൾ ആവർത്തിച്ചില്ലല്ലോ എന്ന് തർക്കിക്കും
അച്ഛൻ ക്ഷമിച്ചല്ലോ കാർത്തിയും ക്ഷമിക്കണം. വർഷം ഇത്രയും കഴിഞ്ഞില്ലേ എന്ന് സ്നേഹത്തോടെ ഉപദേശിക്കും
കാർത്തി അത് ക്ഷമിച്ചു
പക്ഷെ
അമ്മേ എന്ന് വിളിച്ചില്ല എന്ന് മാത്രം
അവനാ കാഴ്ച മറക്കാൻ ചിലപ്പോൾ ഇനിയും കാലങ്ങൾ വേണ്ടി വന്നേക്കും
അപ്പൊ വിളിച്ചേക്കാം
കാലം അതും നടത്തും.
ഒന്നും സ്ഥിരമല്ലല്ലോ ഭൂമിയിൽ