(രചന:ശാലിനി മുരളി)
കാലിന്റെ വേദന കൂടിവരുന്നു… കുറച്ച് മരുന്നുകൂടി പുരട്ടാൻ മെല്ലെ എഴുന്നേറ്റു.. ഇന്നലെ വൈദ്യരെ കണ്ടു വാങ്ങിച്ച മരുന്നാണ്… മുറ്റത്തെ ചെടികളെല്ലാം നനഞ്ഞു തോർന്നിരുന്നു.. ഇത് എത്ര പ്രാവശ്യത്തെ മഴയാണ്.. തുണിയും കൊണ്ട് ഓടിയോടി വയ്യാണ്ടായി..
വയസ്സ് എഴുപത്തി എട്ടായി…ഇനി പഴയതു പോലെ ഓടി നടക്കാൻ മനസ്സു വിചാരിച്ചാലും ശരീരം വഴങ്ങണ്ടെ.. മകനും മരുമകളും ജോലിക്കും, കൊച്ചുമകൻ സ്കൂളിലും പോയി കഴിഞ്ഞാൽ പിന്നെ ഒറ്റക്കാണ് മണിക്കൂറുകളോളം..
കൂടെയുണ്ടായിരുന്ന ആളും വിട്ടുപോയില്ലേ.. രാധേ കുറച്ച് വെള്ളം, അല്ലെങ്കിൽ ചായ ഇങ്ങനെ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കും.. പാവം, അച്ഛൻ പോയതോടെ തനിച്ചായില്ലേ…
ഇപ്പോൾ കൂട്ടിനു ഭാഗവതവും രാമായണവും മാത്രം !!വീണ്ടും പുറത്ത് വെയിൽ വന്നെത്തി നോക്കാൻ തുടങ്ങി.. ഇനി ഇരിപ്പുറക്കില്ല.. പതിയെ മുടന്തി കസേരകയ്യിൽ കിടന്ന നനഞ്ഞ തുണികളെല്ലാം വാരിയെടുത്തു പുറത്തേക്കിറങ്ങി…
മരുമകൾ രാവിലെ വിരിച്ചിട്ടു പോകുന്നതാണ്.. തിരിച്ചു വരുമ്പോൾ ഉണക്കി, മടക്കിവെച്ച തുണികൾ മുറിയിൽ കണ്ടില്ലെങ്കിൽ പിന്നെ ബഹളമാണ്.. അതും നല്ല പപ്പടം പോലെ ഉണങ്ങണം.. ഇല്ലെങ്കിൽ വീണ്ടും മുറ്റത്തെ അയയിൽ കൊണ്ടിടും..
എന്തിനാണ് വെറുതെ സ്വസ്ഥത കളയുന്നത്.. ഞാൻ ഇത്തിരി ബുദ്ദിമുട്ടിയാൽ മതിയല്ലോ..വയസ്സാം കാലത്ത് എല്ലാ അമ്മമാർക്കും ഗതി ഇതാണോ ഈശ്വരാ !ഇവൾക്ക് മുഖം ഒന്ന് തെളിച്ചു നടന്നൂടെ..എപ്പോഴും കുത്തി വീർത്തപോലെ.. അതോ ഇനി എന്നോട് മാത്രമാണോ ഇങ്ങനെ.
ഇങ്ങ് വരട്ടെ മകൻ.. ഒന്ന് ചോദിക്കുന്നുണ്ട്.. അവൾക്ക് ഇഷ്ടമില്ലാതെയാണോ ജോലിക്ക് പോകുന്നതെന്ന്.. അച്ഛന്റെ പെൻഷനും മകന്റെ ശമ്പളവും ഉണ്ട്.. അവൾക്ക് അത് പോരത്രേ.. പഠിത്തമുള്ള കുട്ടിയല്ലേ, വെറുതെ വീട്ടിൽ നിന്ന് എന്തിനാ ഭാവി കളയണെ.. പൊക്കോട്ടെ..പക്ഷേ ജോലിക്ക് പോകുന്ന കുട്ടിയോളുമാരെല്ലാം ഇങ്ങനാണോ.. എപ്പോഴും വലിഞ്ഞു മുറുകിയ മുഖവും, ഉയർന്ന ശബ്ദവും ..
പണ്ട് മക്കളോടുപോലും ശബ്ദം ഉയർത്താറില്ല.. തൊട്ടു ചേർന്നു അയല്പക്കമാണ്.. ഇപ്പോൾ അവളുടെ ശബ്ദം ഉയർന്നും മകന്റെത് വളരെ താഴ്ന്നും ആയിരിക്കുന്നു..
പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റു എല്ലാ ജോലിയും ചെയ്യും. എന്നും തറ വരെ തുടയ്ക്കും.. അമ്മക്ക് കാലിനു തണുപ്പ് കേറും മോളെ. എന്നും എന്തിനാണ് നീയിങ്ങനെ സമയം ഇല്ലാത്തിടത്തു തുടക്കുന്നതെന്നു ചോദിച്ചാൽ കേട്ട ഭാവം പോലുമില്ല..
ഞാൻ ആരോടാണ് ഒന്ന് സംസാരിക്കുക.. എന്റെ ദുഃഖങ്ങൾ പറയാൻ ആരുമില്ലല്ലോ..
ഒഴുകിയിറങ്ങിയ കണ്ണുനീർ നേര്യതിന്റെ തുമ്പുകൊണ്ടു തുടച്ചിട്ട് വാതിൽ ചേർത്തടച്ചു.. കൊച്ചുമോൻ വന്നാൽ വീടുണരും.. എങ്കിലും അവനും പേടിയാണ്.. അമ്മൂമ്മയുടെ അടുത്തിരിക്കാനും വിശേഷം പറയാനുമൊക്കെ..
ഇനി കുറച്ച് നേരം ടീവി യുടെ മുൻപിൽ ഇരിക്കാം.. വൈകിട്ട് ഇതൊക്കെനിഷേധിച്ചിരിക്കുകയല്ലേ..
അവൾ ഇതൊട്ട് കാണതുമില്ല .മറ്റുള്ളവർ കാണുന്നത് ഇഷ്ട്ടവുമല്ല .അടിച്ചു തളിച്ച് ഉമ്മറത്ത് വിളക്കും കൊളുത്തി അവൾ വരുമ്പോഴേക്കും, മുറിക്കുള്ളിൽ നാമവും ജപിച്ചിരിക്കുകയാണ് പതിവ്.. “ചേട്ടാ” എന്നുറക്കെ വിളിക്കുന്നുണ്ടോ എന്ന് ഇടയ്ക്കു കാതോർക്കും.. എന്തിനെന്നോ പകലത്തെ എന്തെങ്കിലും കുറ്റങ്ങൾ കണ്ടുപിടിച്ചിട്ടായിരിക്കും ആ വിളിയെന്ന് ഉറപ്പുണ്ട്..
ചിലപ്പോൾ പാത്രത്തിന്റ അടിയിൽ കുറച്ച് ബാക്കിയായ കരിയോ, മിച്ചം വന്ന ചോറോ, പിന്നെ അവൾക്ക് തോന്നുന്നതൊക്കെയും പറയാനല്ലേ ഞാനിവിടെ കിടക്കുന്നത്. പാവം മകൻ, ഒരു വഴക്ക് വേണ്ടെന്നു വെച്ച് ഒന്നും മിണ്ടണ്ടാന്നു ആംഗ്യം കാണിക്കും.. അവനെകുറിച്ചോർത്തു സഹതപിക്കാനല്ലേ പറ്റു..പാത്രങ്ങൾ കഴുകുമ്പോൾ ഇത്രയും ഒച്ചയുണ്ടാവുമോ..പാവം ക്ഷീണിച്ചു വരുന്നതല്ലേ എന്നോർത്ത് ആദ്യമൊക്കെ രണ്ടുപേർക്കും ചായ ചൂടോടെ ഇട്ടുവെച്ചിരുന്നു.. പക്ഷേ അതവിടെ തന്നെ ഇരുന്ന് പാട ചൂടികിടക്കുമ്പോൾ പിന്നെ അതിനു മിനക്കെടാൻ തോന്നിയില്ല..
മകന് ശീലമില്ലാത്ത കട്ടൻ ചായ ആണ് ഇപ്പോൾ അവൻ കുടിക്കാറ്.. എന്തൊക്കെ പരിഷ്കാരങ്ങളാണാവോ.. തെക്കേതിലെ രമണിയുടെ മരുമകളും ജോലിക്ക് പോകുന്നുണ്ട്.. അവൾ കുറച്ചു ദൂരെയൊരു സ്കൂളിലാണ് പഠിപ്പിക്കുന്നത്.. രാവിലെ ജോലിയെല്ലാം തീർത്തു കുട്ടികളെ സ്കൂളിൽ അയച്ചിട്ടാണ് രാജി പോകുന്നത്. എന്തൊരു തെളിച്ചമാണ് ആ കുട്ടിയുടെ മുഖത്ത്. കാണുമ്പോൾ ചിരിക്കാനും കുശലം പറയാനും ഒട്ടും മടിയുമില്ല.. അവർ രണ്ട് പേരും ഒന്നിച്ചാണ് അമ്പലത്തിൽ പോക്കും, ആഹാരം കഴിപ്പുമൊക്ക..
രമണിയുടെ ഭാഗ്യം.!! ഒരു നെടുവീർപ്പ് അറിയാതെ ഊർന്നുപോയി.. പുറത്ത് വീണ്ടും മഴയുടെ ബഹളങ്ങൾ തുടങ്ങി.. വയ്യ.. ഇനി തുണി അകത്തു തന്നെ കിടക്കട്ടെ.. മുറിയിലെ അയയിൽ എല്ലാം വിരിച്ചിട്ടു.. ഒറ്റക്കായതോടെ ഊണും വല്ലാണ്ടായി.. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി. ഇനി അവൾ വരുന്നതിനു മുൻപ് മുറ്റവും വീടും അടിച്ചുവാരി അടുക്കളയും പാത്രങ്ങളും വൃത്തിയാക്കി വെയ്ക്കണം .. അതിനു മുൻപ് ലേശം മയങ്ങാം..
അപ്പോഴും ടീവിയിലെ കഥാപാത്രങ്ങൾ ചിരിക്കുകയും കരയുകയും പാടുകയും നൃത്തം വെയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു…