അപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ഒരാൾ റീൽസ് ചെയ്യുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. ആസിഫ് തന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അയാൾക്ക് നേരെ നടന്നു….

എഴുത്ത് :- ഞാൻ ഗന്ധർവ്വൻ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ആർഭാടമായ ഒരു കല്യാണവീട്ടിൽ നിന്നും ഭക്ഷണവും കഴിച്ച് കുറച്ച് സൊറയൊക്ക പറഞ്ഞ് ഇറങ്ങുമ്പോഴാണ് ആസിഫ് ആ നടുക്കുന്ന കാഴ്ച്ച കണ്ടത്. അഞ്ഞൂറോളം പേർക്ക് കഴിക്കാനുള്ള ഭക്ഷണം ബാക്കി ആയത് ഒരു കുഴികുത്തി മൂടുന്നു. മട്ടൻ ബിരിയാണിയും, ബീഫ് വിരട്ടിയതും, ചിക്കൻ ലോലിപോപ്പും, പല വിധത്തിലുള്ള ഡിസേർട്ടുമൊക്കെ മണ്ണിട്ട് മൂടുന്നത് ദയനീയമായി നോക്കി നിൽക്കാനേ ആസിഫിനായുള്ളൂ.

അവിടെ നിന്നും ഇറങ്ങി അങ്ങാടിയിൽ ഉള്ള കടയിൽ നിന്നും സി ഗരറ്റ് മേടിക്കാൻ കയറിയപ്പോഴാണ് ആസിഫ് മറ്റൊരു കാഴ്ച്ച കണ്ടത്. രണ്ടുമൂന്ന് കുട്ടികൾ മാലിന്യം കൊണ്ട് തള്ളിയ ഓക്കാനിക്കാൻ തോന്നുന്ന ദുർഗന്ധമുള്ള ഒരു വേസ്റ്റ് ബോക്സിൽ നിന്നും പഴകി ഈച്ച ആർക്കുന്ന ഭക്ഷണാവശിഷ്ടം ആർത്തിയോടെ കഴിക്കുന്നു. അവന്റെ ഹൃദയം തകരുന്ന പോലെ തോന്നി ആ ദയനീയമായ കാഴ്ച്ച കണ്ടപ്പോൾ.

അപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ഒരാൾ റീൽസ് ചെയ്യുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. ആസിഫ് തന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അയാൾക്ക് നേരെ നടന്നു.

“എന്റെ പൊന്നാര സുഹൃത്തേ, നാല് ലൈക്കിന് വേണ്ടിയാണോ നിങ്ങൾ ഇങ്ങനെ കിടന്ന് തുള്ളുന്നത്. കഷ്ടം”

അയാൾ ഒന്നും മനസിലാവാതെ ക്യാമറ ആസിഫിന്റെ നേരെ തിരിച്ചു. ക്യാമറ റെക്കോർഡ് ആയിരുന്നു. ആസിഫ് അയാളെ നോക്കി ആ കുട്ടികൾക്ക് നേരെ വിരൽചൂണ്ടി

“നിങ്ങൾ നമ്മുടെ കണ്ണിന് തൊട്ടടുത്തുള്ള ഇങ്ങനെയുള്ള പാവങ്ങളെ കുറിച്ച് പറയൂ. നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടത് അത്യാവശ്യമാണ്. നമ്മുടെ അനാവശ്യ ചിലവിന്റെ ഒരു ചെറിയ ഭാഗം മാറ്റിവെച്ചാൽ തന്നെ ഒരു ദിവസം നമുക്ക് ഒരാളുടെ പട്ടിണി മാറ്റാന്‍ സാധിക്കും. ഒരു മാസം മുപ്പത് പേരുടെ പട്ടിണി മാറ്റാന്‍ സാധിക്കും. ഒരു വര്‍ഷം മുന്നൂറ്റി അറുപത്തഞ്ചു പേരുടെ പട്ടിണി മാറ്റാന്‍ സാധിക്കും. അങ്ങനെ ഓരോ പൗരൻമാരും കരുതിയാൽ ഈ നാട്ടിൽ പട്ടിണി എന്നൊന്ന് ഉണ്ടാവില്ല”

ആസിഫ് ക്യാമറക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇതെല്ലാം റെക്കോർഡ് ചെയ്തുകൊണ്ടിരുന്ന സോഷ്യൽ മീഡിയ പ്രമുഖൻ തന്റെ കണ്ണില്‍ നിന്നും തുരുതുരാ ഒഴുകിയ കണ്ണുനീര്‍ തുള്ളികൾ ആരും കാണാതെ തുവ്വാലകൊണ്ട് തുടച്ചു മാറ്റി. ആസിഫ് അവസാനമായി തന്റെ കൈകൾ കൂപ്പി അപേക്ഷിച്ചു

“ഞാന്‍ ഇത്രയേ ഉദ്ദേശിച്ചൊള്ളൂ… നമ്മുടെ നാട്ടിൽ പട്ടിണി ഒഴിയണം എന്ന ഒറ്റ ആഗ്രഹം മാത്രമേ എനിക്കൊള്ളൂ… അല്ലാതെ ഫേമസ് ആവാനൊന്നും അല്ല ഞാനീ പറയുന്നേ. ഞാൻ ഇപ്പോൾ ഭക്ഷണം കഴിച്ച് വന്ന കല്യാണവീട്ടിൽ അഞ്ഞൂറ് ആൾക്കുള്ള ഭക്ഷണം എങ്കിലും വേസ്റ്റ് ആയിട്ടുണ്ടാവും. അവർ അത് പൊതികളിലാക്കി ഇതുപോലുള്ള പാവങ്ങൾക്ക് കൊടുത്താൽ വല്ലാത്തൊരു പുണ്യം അല്ലേ, പക്ഷേ അവരെന്താ ചെയ്തേ, ആ ബാക്കി ഭക്ഷണം മുഴുവൻ കുഴികുത്തി മൂടി. കഷ്ടം, അത് കണ്ടപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു”

ഇതും പറഞ്ഞ് കരഞ്ഞുകൊണ്ട് ആസിഫ് തിരിഞ്ഞ് നടന്നു. പ്രമുഖൻ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. വീഡിയോ വൈറലായി. കൈകൾ കൂപ്പി നിറകണ്ണുകളോടെ ആസിഫ് നിൽക്കുന്ന പിക് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി. മാധ്യമങ്ങൾ ദിവസങ്ങളോളം ഈ വിഷയം ചർച്ച ചെയ്തു. അന്ന് ആസിഫ് പങ്കെടുത്ത കല്യാണത്തിലെ ചെക്കനും പെണ്ണിനും നേരെ സൈബർ അറ്റാക്ക് നടന്നു. അങ്ങനെ ചുരുക്കി പറഞ്ഞാൽ കുറച്ച് ദിവസം ഇതുതന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച.

മൂന്ന് വർഷങ്ങൾക്ക് ശേഷം…

അടുത്ത ആഴ്ച്ച ആസിഫിന്റെ കല്യാണമാണ്. ഫുഡിന്റെ കാര്യം പറഞ്ഞ് പണ്ടാരി(കുക്ക്) വിളിച്ചപ്പോൾ തന്റെ കയ്യിൽ കത്തിയെരിയുന്ന സി ഗരറ്റ് ചുണ്ടിലേക്ക് വെച്ച് ആഞ്ഞൊരു വലി വലിച്ച് പുക ഉള്ളിലോട്ട് വലിച്ച് പതുക്കെ പുറത്തേക്ക് ഊതി ആസിഫ് സംസാരിച്ചു

“ഇക്കാ, ഫുഡ്‌ വേറെ ലെവൽ ആവണം. എല്ലാം വേണം… ചിക്കൻ മട്ടൻ, ബീഫ്, ഫിഷ്… അങ്ങനെ എല്ലാം”

“അല്ലാമോനെ, എത്ര ആൾക്കാർ ഉണ്ടാകും…? ന്നാ അതിനനുസരിച്ച് ഉണ്ടാക്കിയാൽ മതിയല്ലോ”

“ആൾക്കാരെ കണക്കൊക്കെ ഞാൻ തരാം. പക്ഷേ ഒരുകാരണവശാലും ഫുഡ്‌ തികയാതെരിക്കരുത്. ഇങ്ങള് പത്തഞ്ഞൂറ് ആൾക്ക് ഉള്ളത് കൂട്ടി ഉണ്ടാക്കിക്കോളി. ന്റെ അമ്മായിന്റെ മോന്റെ കല്യാണം കഴിഞ്ഞ മാസായിരുന്നു. അതിനേക്കാൾ ഗംഭീരമാവണം എന്റെ കല്യാണത്തിന്റെ ഫുഡ്‌. ഇത് ഞങ്ങൾ വീട്ടുകാരുടെ അഭിമാനത്തിന്റെ കാര്യാണ്”

“അല്ല മോനേ, ഫുഡ്‌ വെറുതേ കൂടുതൽ ഉണ്ടാക്കണോ…? നമുക്ക് ആളുകളുടെ എണ്ണം നോക്കീട്ട് അതിനനുസരിച്ച് പോരേ”

ഇത് കേട്ടപ്പോൾ ആസിഫിന് ശരിക്കും ദേഷ്യം വന്നു

“ഇന്റെ കാക്കാ, ഇങ്ങള് കൂടുതൽ ഉണ്ടാക്കിക്കോളീ, സാധനം എന്റെ പൈസക്കല്ലേ മെടുക്കുന്നേ. ഞാൻ പറഞ്ഞില്ലേ ഇത് ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനത്തിന്റെ കാര്യാണ്. ഫുഡ്‌ ബാക്കി ഉണ്ടേൽ നമുക്ക് കുഴികുത്തി മൂടാലോ…”

ഇതും പറഞ്ഞ് ആസിഫ് ഫോൺ കട്ട് ചെയ്തു

“പറഞ്ഞാൽ മനസിലാവാത്തൊരൂ കാക്കാ ₹#@₹%&&#”

എന്താലേ…