അന്ന് രാവിലെ മുതൽ വീട്ടിൽ ഉള്ള രണ്ടു പേരും പിടിപ്പത് പണിയിൽ അടുക്കളയിൽ ആയിരിക്കും…

എഴുത്ത്: നൗഫു

=====================

ആഴ്ചയിൽ ഒരു ദിവസം എന്റെ വീട്ടിൽ നിന്നായിരുന്നു പള്ളിയിലെ ഉസ്താദിനുള്ള ചിലവ് (ഭക്ഷണം) കൊണ്ട് പോയിരുന്നത്…

ഭക്ഷണം കൊണ്ട് പോകുവാനായി പത്തോ പന്ത്രണ്ടോ വയസുള്ള രണ്ടു മൊയില്യാരു കുട്ടികൾ ഉച്ചക്കും രാത്രിയിലുമായി രണ്ടു നേരം വീട്ടിലേക് വരാറുണ്ട്..

അവർ പള്ളിയിൽ തന്നെ താമസിച്ചു മത വിദ്യഭ്യാസം പൂർത്തിയാക്കുന്നതിന് വേണ്ടി ദൂര സ്ഥലങ്ങളിൽ നിന്നും വന്നവർ ആയിരുന്നു.. പത്തു മുപ്പത്തിലേറെ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ടു അവരെ എല്ലാം ഒരു നേരത്തെ ഭക്ഷണത്തിനായി മഹല്ലിലെ ഓരോ വീട്ടുകാരും ഏറ്റെടുത്തിട്ട് ഉണ്ടായിരുന്നു… രാവിലെ ഒരു വീട്ടിലും ഉച്ചക്കത്തെതും രാത്രിയിലെതും മറ്റു രണ്ടിടങ്ങളിലുമായിരിക്കും സാധാരണ യായി ഉണ്ടാവുക..

അവരെല്ലാം കൂടി ഭക്ഷണം കഴിക്കാനായി വർത്തമാനം പറഞ്ഞു പോകുന്നത് തന്നെ കാണാൻ വല്ലാത്തൊരു ചേലായിരുന്നു…

മത വിദ്യഭ്യാസത്തിനു പുറമേ ഭൗതിക വിദ്യഭ്യാസവും നേടുന്നതിനായി തൊട്ടടുത്തു തന്നെ യുള്ള സർക്കാർ സ്കൂളിലും അവർ പോകുന്നുണ്ടായിരുന്നു…

പത്തു വയസ്സ് മുതൽ പതിനെട്ടോ വയസ്സ് പ്രായം ഉള്ളവർ വരെ അവരിൽ ഉണ്ട്…

സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് 2 വരെ പോകുന്നവർ..

കുറെ ദൂരെ നിന്ന് വന്നു ഇവിടെതെ പള്ളിയിൽ തന്നെ താമസിച്ചു പഠിക്കുന്നത് കൊണ്ടു നാട്ടുകാർക്ക്‌ എല്ലാം അവരോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു.

അങ്ങനെ ഒരു ദിവസം…

വീട്ടിൽ ഉമ്മയും ഞാനും എന്റെ ഭാര്യ യും അനിയനും മാത്രമേ ഉള്ളൂ…

ഞാൻ റഹ്മാൻ.. ഉമ്മ നബീസു.. പിന്നെ എന്റെ സ്വന്തം പൊണ്ടാട്ടി സുല്ഫത്… അനിയൻ റഹീമും…

കുട്ടികൾ ആയിട്ടില്ല.. കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം ആയിട്ടേ ഉള്ളൂ.. പ്രെഗ്നൻസ് ടെസ്റ്റർ വാങ്ങിക്കുന്നതിന് മുമ്പ് തന്നെ ഓള് ചുവപ്പ് കൊടി കാണിക്കും.. അതിനൊണ്ട് എന്താ ടെസ്റ്ററിനുള്ള നാൽപതി അഞ്ചു രൂപ എന്റെ പോക്കറ്റിൽ തന്നെ കിടന്നു എന്നോട് ചിരിക്കും…

പഹയാ.. ഒന്നും കൂടേ ഉഷാർ ആവാൻ നോക്ക് എന്നും പറഞ്ഞു കൊണ്ടു…

ഞാൻ രാവിലെ പണിക് പോയാൽ വൈകുന്നേരമായിരിക്കും തിരികെ വീട്ടിലേക് വരിക… ഈ ഫാബ്രിക്കേഷൻ വർക്ക്‌ എടുത്തു പല വീടുകളിലും പോയി സെറ്റ് ചെയ്യലാണ് പണി…

അനിയൻ റഹ്മാൻ … പ്ലസ് 2 കഴിഞ്ഞു ഡിഗ്രിയോ പ്രൊഫസണൽ കോഴ്സോ എന്നറിയാതെ തല ചൊറിഞ്ഞു നടക്കുകയാണ്…

ഏതേലും ഒന്നിൽ തല വെക്കും അടുത്ത് തന്നെ …

അവന് ചെറിയൊരു ബിസിനസ് കൂടേ ഉണ്ട്… വീടിന്റെ തൊട്ടടുത്തായി തന്നെ ഒരു വലിയ ഇരുമ്പ് കൂട് ഉണ്ടാക്കിയിട്ടുണ്ട്…അതിൽ പ്രാവിനെ വളർത്തൽ ലവ് ബേർഡ്സ്.. കുറെ ഏറെ അലങ്കാര പക്ഷികൾ.. ചെടികൾ നട്ടു വളർത്തുക…പച്ചക്കറി കൃഷി… അലങ്കാര മത്സ്യ കൃഷി.. അങ്ങനെ ലൊട്ട് ലൊടുക്കു തരികിട പണി എല്ലാമുണ്ട്…

ആളൊരു കൃഷിക്കാരൻ ആയിരുന്നു…

ആകെ ഇത്തിരിയോളം സ്ഥലത്തു അവൻ എങ്ങനെ ഇതെല്ലാം മേനെജു ചെയ്തു ഉണ്ടാകുന്നതെന്ന് എനിക്ക് എന്നും അത്ഭുതമാണ്…

കിളികളെ എല്ലാം വലിയൊരു കൂടുണ്ടാക്കി അതിനുള്ളിലായി അവർക്ക് പറന്നു കളിക്കാനുള്ള വിശ്ത്രിതിയോട് കൂടേ…

കള, കി, കൂ.. എന്നൊക്കെ പറഞ്ഞു അവ പാറി പറന്നു കളിക്കുന്നത് കാണാം…..

തൊട്ടടുത്തു തന്നെ പല തരം മീനുകൾ ഓരോ കുഞ്ഞു റിങ്ങുകൾ പോലെ കെട്ടി ഉയർത്തിയ കുളങ്ങളിൽ ഉണ്ടായിരുന്നു..

അതിലെ മീനുകളെ എല്ലാം അവൻ തന്നെ കണ്ടിട്ടുണ്ടോ എന്നത് എനിക്ക് സംശയമാണ്..അത്രക്ക് ഉണ്ടായിരുന്നു ഓരോ റിങ്ങിന് ഉള്ളിലും മീനുകൾ…

ഗപ്പി കൾ തന്നെ പല നിറത്തിലും വലിപ്പത്തിലുമുള്ളത് ഉണ്ട്…ഗോൾഡ് ഫിഷും.. അങ്ങനെ പല തരം മീനുകൾ.. എനിക്ക് അതിന്റെ എല്ലാം പേരുകൾ പോലും അറിയില്ല..

ദിവസവും പ്രസവിക്കുന്ന മീനുകളെ മാറ്റി ഇടാൻ തന്നെ വേണം അവന് അര മണിക്കൂർ സമയം… അവനതെല്ലാം പൊന്നു പോലെ ആയിരുന്നു കൊണ്ടു നടന്നിരുന്നത്..

എന്നും വീട്ടിൽ ഒരു പട കുട്ടികളെ കാണാം അവനിൽ നിന്നും അലങ്കാര മത്സ്യം വാങ്ങാനായി വന്നവർ… അവർക്കെല്ലാം അഞ്ചിനും പത്തിനും അന്പത്തിനും വിറ്റ് ആശാൻ അത്യാവശ്യം പോക്കറ്റ് മണിയും ഉണ്ടാകാറുണ്ട്..

ഉമ്മക്കും എന്റെ പൊണ്ടാട്ടിക്കും തന്നെ കാര്യം.. അവർ എന്ത് പറഞ്ഞാലും ആള് വാങ്ങി കൊണ്ടു വന്നു കൊടുക്കും…

ഞാൻ ഒരു പത്തോ നൂറോ ചോദിച്ചാൽ തരികയും ഇല്ല.. ഇല്ലന്നെ പറയൂ..

ഞാൻ പിന്നെ ചോദിക്കൽ നിർത്തി ഓന്റെ പോക്കറ്റിൽ നിന്നും എനിക്ക് ആവശ്യമുള്ളത് എടുക്കും.. അല്ല പിന്നെ ഞാൻ ഓന്റെ ഇക്കയല്ലേ.. പഹയൻ അതെങ്കിലും ഓർക്കണ്ടേ…

ഒരു ദിവസം നേരത്തെ പണി കഴിഞ്ഞത് കൊണ്ടു വീട്ടിലേക് വരിക യായിരുന്നു ഞാൻ..

വീട്ടിലേക് കയറുന്നതിനു മുമ്പ് തന്നെ അനിയന്റെ ഉച്ചത്തിലുള്ള ശബ്ദം റോട്ടിലേക് കേൾക്കാം..

“ആരാണ് എന്റെ റിങ്ങിലെ മീനിനെ എല്ലാം വിറ്റത്…

എന്നോട് ചോദിക്കാതെ നിങ്ങളോട് ആരാ അതൊക്കെ എടുത്തു വിക്കാൻ പറഞ്ഞത്…

എനിക്കിപ്പോ അറിയണം..”

മുന്നിൽ നിൽക്കുന്ന ഉമ്മയോടും പൊണ്ടാട്ടിയോടും ചാടി തുള്ളിയെന്ന പോലെ അവൻ ഒച്ചയിട്ട് സംസാരിക്കുന്നുണ്ട്…

മുറ്റത്ത്… ചില ചെടി ചട്ടികൾ എല്ലാം അവൻ തന്നെ എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട് ദേഷ്യം കൊണ്ട്…

ഉമ്മയും പൊണ്ടാട്ടിയും അവന്റെ ഉച്ചത്തിലുള്ള ശബ്ദത്തിൽ ഒരു വാക് പോലും മിണ്ടാൻ കഴിയാതെ നിൽക്കുന്നു.. അവനെ സമാധാനപ്പെടുത്താൻ നോക്കുന്നുണ്ട്…

ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടൂല.. ചിലപ്പോൾ കയ്യിൽ കിട്ടുന്നത് കൊണ്ടു വീക്കാറുമുണ്ട്.. ഞാൻ എന്റെ നെറ്റി തടത്തിൽ ഒന്ന് തടവി കൊണ്ടു ഓർത്തു പോയി..

സ്റ്റിച്ചിട്ട അടയാളം ഉണ്ടേ അവിടെ.. ഞങ്ങൾ തമ്മിൽ നടന്ന ഒരു പ്രശ്നം അവൻ തീർത്തതിന്റെ സ്മാരകം പോലെ…

“ഞാൻ പൊന്ന് പോലെ കൊണ്ടു നടക്കുന്ന മീൻ ആയിരുന്നു.. അതിനെയും കൊടുത്തിരിക്കുന്നു..

നിങ്ങൾക് അറിയോ ഉമ്മ അതിനെത്ര വിലയുണ്ടെന്ന്..”

അനിയൻ ഉമ്മയോടായി ചോദിച്ചു..

“ആകെ മീൻ കാരൻ കൊണ്ടു വരുന്ന മത്തി യുടെയും അയല യുടെയോ വില അറിയുന്ന ഉമ്മ..

അവൻ പറഞ്ഞത് മനസിലാകാതെ അവന്റെ വായയിലേക് തന്നെ നോക്കി നിൽക്കുന്നു..”

“എന്താടാ.. എന്താ പ്രശ്നം..”

ഇനിയും ഇട പെട്ടില്ലേൽ മൂന്നാമത്തെ വേൾഡ് വാർ ഉണ്ടാകുവാനുള്ള എല്ലാ സാധ്യത യും ഞാൻ കാണുന്നത് കൊണ്ടു തന്നെ അവനോട് ചോദിച്ചു..

“ഈ ഉമ്മയും ഇത്തയും കൂടേ എന്നോട് ചോദിക്കാതെ എന്റെ മീനുകൾ എടുത്തു വിറ്റിരിക്കുന്നു…”

അവൻ അവരുടെ നേരെ വിരൽ ചൂണ്ടി കൊണ്ടു പറഞ്ഞു..

“ഇവരൊ..?

കാര്യം ശരിയാണ് അനിയൻ ഇവിടെ ഇല്ലാത്ത സമയം അവൻ തന്നെ ഫോൺ ചെയ്തു പറയുമ്പോൾ എന്റെ പൊണ്ടാട്ടി ആയിരുന്നു മീൻ വാങ്ങാൻ വന്നവർക് കൊടുത്തിട്ടുണ്ടാവുക…

പക്ഷെ അവൻ പറയാതെ അവളോ ഉമ്മയോ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല..

ഇനി അങ്ങനെ ചെയ്താലും അതിന്റെ പൈസ എവിടെ.. അവർ വിറ്റ മീനിന്റെ…”

ഞാൻ അവരെ രണ്ടു പേരെയും നോക്കിയപ്പോൾ അവർ അല്ല എന്ന പോലെ കൈ മലർത്തി…

” ഇക്ക..

എനിക്ക് ഉറപ്പുണ്ട്.. രണ്ടാളും കൂടേ ഇപ്പൊ ഒന്നും അറിയാത്ത പോലെ നിൽക്കുകയാണ്.. എന്റെ പതിനായിരം രൂപ വിലയുള്ള അരാപൈമ യെയാണ് ഇവർ എടുത്തു കൊടുത്തത്…”

“പതിനായിരം രൂപയുടെ അരാപൈമേ.. അതെന്ത് സാധനം…”

ഇനി വല്ല കിളികളെയും പിടിച്ചു കൊടുത്തോ എന്നറിയാതെ ഞാൻ കിളിക്കൂട്ടിലേക് നോക്കി..

“അതൊരു മീനിന്റെ പേരാണ്…പത്തു പതിനയ്യായിരം വിലയുണ്ട് രണ്ടോ മൂന്നോ മാസം ആയതിനു തന്നെ…”

അവൻ എനിക്ക് മനസിലായില്ലെന്ന് മനസിലാക്കി കൊണ്ടു പറഞ്ഞു..

“ഹോ മിനിന്റെ പേരാണ്.. അരാപൈമ…

ഞാൻ വിചാരിച്ചു…

എന്താ പവറേ മീനിന്റെ പേരിനൊക്കെ “

കഴിഞ്ഞ ആഴ്ച ഒരു രസവും ഇല്ലാത്ത രണ്ടു മീനിനെ അവൻ കുളത്തിൽ കൊണ്ടു വന്നിടുന്നത് ഞാൻ കണ്ടിരുന്നു.

അതായിരിക്കും ഈ അരാപൈമ

“ആ മീനിന് എത്ര വിലയുണ്ടെന്ന പറഞ്ഞെ…”

ഇപ്പൊ അതിന് പത്തായിരം വില ഉണ്ടെന്ന് അവൻ പറഞ്ഞാൽ ആ പൈസ എവിടുന്ന് കിട്ടിയെന്നുള്ള ചോദ്യം വരുമെന്ന് അവന് നല്ലത് പോലെ അറിയുന്നത് കൊണ്ടു തന്നെ അവൻ വേഗത്തിൽ തന്നെ മാറ്റി പറഞ്ഞു..

“ആയിരം ..”

ആയിരം രൂപ കൊടുത്തൊന്നും അവൻ വാങ്ങിക്കാൻ സാധ്യത കാണാത്തതു കൊണ്ടും.. ഇവിടുത്തെ പ്രശ്നം അതല്ലാത്തത് കൊണ്ടും അവന്റെ വിശയത്തിൽ ഇടപെടാൻ ഞാൻ തീരുമാനിച്ചു..

സേതു രാമ അയ്യർ സിബിഐ പോലെ ഞാൻ അവരെ രണ്ടു പേരെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചു…

പക്ഷെ അവർക്ക് കൂടുതൽ ഒന്നും അറിയില്ല.. ആരെങ്കിലും മീനോ കിളികളെയോ വാങ്ങിയാലുള്ള പൈസ പോലും അനിയന്റെ ഗൂഗിൾ പേ യിലേക്ക് ആണ് വാങ്ങാൻ വരുന്നവർ ട്രാൻസ്ഫർ ചെയ്യാറുള്ളത്…

ട്ട ട്ട ട്ടടട്ടാ…

ട്ട ട്ട ട്ടടട്ടാ…..

സേതു രാമയ്യർ സിബിഐ പോലെ ഞാൻ ഒന്ന് രണ്ട് പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും നടന്നു..

“ഐഡിയ…”

എന്റെ തലയിൽ പെട്ടന്ന് തന്നെ ബൾബ് കത്തി…

“ട.. നമുക്ക് ഒരു cctv വെച്ചാലോ…”

അവന്റെ ചിലവിൽ ചുളുവിൽ വീടിന് ചുറ്റിലുമായി cctv സ്ഥാപിക്കാം എന്ന എന്റെ കുരുട്ടു ബുദ്ധി അവന് മനസിലായില്ല..

അതിന് വരുന്ന ചിലവ് മുഴുവൻ അവനേ കൊണ്ടു തന്നെ എടുപ്പിക്കണം എന്ന എന്റെ മോഹം ഉമ്മയും പൊണ്ടാട്ടിയും കൂടേ ചവിട്ടി മെതിച്ചു കൊണ്ടു പറഞ്ഞു…

“Cctv വേണ്ട ഞങ്ങള് നോക്കിക്കോളാം അവന്റെ മീനിനെയും എല്ലാത്തിനെയും…

ഞങ്ങൾ ഇവിടെ ഉണ്ടായിട്ടും മീൻ കൊണ്ടു പോയത് ആരാണെന്ന് അവർക്ക് അറിയണം പോൽ…

ബ്ലെടി ഗ്രാമവാസീസ്…

ഒരു നന്ദി ഇല്ലാത്ത സാധങ്ങൾ… ഉമ്മാന്റെ പോട്ടേ എന്ന് വെക്കാം എന്നാലും എന്റെ സ്വന്തം പൊണ്ടാട്ടി പോലും അവന് അനുകൂലമായാണ്…”

നന്ദി..

തിന്ന അൽഫാമിനും.. ബ്രോസ്റ്റിനുമുള്ള നന്ദി.. പൊണ്ടാട്ടിയും ഉമ്മയും കറക്റ്റ് സമയത്ത് തന്നെ കാണിച്ചു..

++++

പക്ഷെ വീണ്ടും മീനുകൾ കുറഞ്ഞു കൊണ്ടേ ഇരുന്നു….

വീട്ടിലെ യുദ്ധം കൂടിക്കൊണ്ടുമിരുന്നു..

അവസാനം എന്റെ അനിയൻ എന്റെ അടുത്തേക് തന്നെ വന്നു..

“ഇക്കാ ഒരു വഴി പറഞ്ഞു തരണം…”

ഞാൻ ഒന്ന് പോസ് ഇട്ടു നിന്നാലോ എന്ന് കരുതി.. പിന്നെ ചോദിക്കുമ്പോൾ പത്തോ അഞ്ഞൂറോ തിരിയാൻ തന്നില്ലെങ്കിലും പിണക്കണ്ടല്ലോ എന്ന് കരുതി ആളെ കണ്ടു പിടിച്ചു കൊടുക്കാമെന്നു ഏറ്റു…

കണ്ടു പിടിക്കാൻ ഒന്നുമില്ലായിരുന്നു.. വീടുമായി നല്ല ബന്ധമുള്ള ഒരാൾ.. അയാൾ ഇടക്കിടെ ഈ വീട്ടിൽ വരാറുണ്ട്.. ഒന്നോ രണ്ടോ ആഴ്ചയുടെ ഇടവേളകളിൽ..

“എന്റെ നിരീക്ഷണത്തിൽ വ്യാഴഴ്ച യാണ് മീനുകൾ മോഷണം പോയെന്ന് പറഞ്ഞു അനിയൻ യുദ്ധം ഉണ്ടാകുന്നത്..

അങ്ങനെ ആണേൽ ബുധനാഴ്ച ആയിരിക്കും മോഷണം പോകുന്നത്..”

“അന്നെന്താ ദിവസം..? ഞാൻ ഓർത്തു നോക്കി..

ഇയ്യെന്ത് പൊട്ടനാ ബലാലെ.. അന്നല്ലേ ബുധനാഴ്ച. എന്റെ ബുദ്ധിയിൽ ഞാൻ തന്നെ കുറച്ചു ഉയർന്നു പൊങ്ങി..

ബുധനാഴ്ച വീട്ടിൽ സ്ഥിരമായി വരുന്നവർ ആരൊക്കെ..

കിട്ടി… അന്നാണ് ഉസ്താദിനുള്ള ചിലവ്…

അന്ന് രാവിലെ മുതൽ വീട്ടിൽ ഉള്ള രണ്ടു പേരും പിടിപ്പത് പണിയിൽ അടുക്കളയിൽ ആയിരിക്കും…പണി എന്ന് പറഞ്ഞാൽ കുറച്ചു നേരം നീണ്ടു നിൽക്കും.. ഐറ്റംസ് കുറച്ചു ഏറെ ഉണ്ടാവാറുണ്ടോ.. അന്ന് അവർ തിരക്കിൽ ആണെന്ന് അറിയുന്ന ആരോ ആണ് അടിച്ചു മാറ്റുന്നത്..”

കുറെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല.. നാളെ ബുധനാഴ്ച യാണ് ഏതായാലും പണി ലീവാക്കി ആളെ നോക്കാം..

+++

“പിറ്റേന്ന് ഒരുമണി ആയിട്ടുണ്ടാവും ബുധനാഴ്ച വരാറുള്ള രണ്ടു പേര് വന്നു…ഉസ്താദിനുള്ള ചിലവിന് കൊണ്ടു പോകാനുള്ള സഞ്ചിയിൽ പാത്രങ്ങളുമായി..

അവർ വന്ന ഉടനെ തന്നെ കയറി ഇരിക്കാനായി പറഞ്ഞു ഉമ്മയും പൊണ്ടാട്ടിയും തിരക്കിട്ട പണി തുടങ്ങി.. പാത്രം കഴുകലും.. അടുപ്പത്തുള്ളത് വാങ്ങി വെക്കലും.. അങ്ങനെ അവരിങ്ങോട്ട് ഒന്ന് നോക്കുവാൻ പോലും സമയമില്ലാത്ത പണിയിൽ..

ആ സമയത്താണ് കള്ളനെ പിടിക്കാൻ ഒളിച്ചിരിക്കുന്ന എന്റെയും അനിയന്റെയും മുന്നിലൂടെ പമ്മി പമ്മി ഒരാൾ മീൻ കുളത്തിന്റെ അടുത്തേക് പോകുന്നത്.. മറ്റേ ആൾ സൂഷ്മ നിരീക്ഷണത്തിലാണ്.. ചുറ്റിലുമുള്ള ആരെങ്കിലും നോക്കുന്നുണ്ടോ എന്ന്..

മീനിന്റെ അടുത്ത് എത്തിയവൻ മറ്റവനോ ഒന്ന് നോക്കി.. അവൻ ഒരു തമ്പ്സ് അപ്പ്‌ സിഗിനൽ കൊടുത്തതോടെ കയ്യിലെ സഞ്ചിയിൽ ഉണ്ടായിരുന്ന അവസാനത്തെ പാത്രം പുറത്തു വന്നു…

അതിൽ കുറച്ചു വെള്ളം നിറച്ചു കൂടേ ആ വെള്ളത്തിന്റെ ഒപ്പം വന്ന മീനുകളെയും പാത്രത്തിലേക് ആക്കി അടച്ചു.. ഒന്നും സംഭവിക്കാത്ത പോലെ മുന്നിലേക്ക് വന്നു നിന്നു..”

എടാ ഭയങ്കരൻ മാരെ.. സംഭവം ചില്ലറ കേസിന്റെ മീനാണ് അടിച്ചു മാറ്റുന്നത് ഒരു പ്രശ്നം ആകണ്ട ആവശ്യമൊന്നുമില്ല..

എന്റെ കൂടേ ഉണ്ടായിരുന്ന അനിയൻ ആ സമയം തന്നെ അവരുടെ അടുത്തേക് പോകാനായി നിന്നെങ്കിലും ഞാൻ അവനേ തടഞ്ഞു..

“ഇക്കാക്ക ഇത് വെറുതെ വിടാൻ പറ്റില്ല.. കളവാണ് ചെയ്യുന്നത്.. നമ്മളുടെ വീട്ടിലേ പോലെ മറ്റു പലരുടെയും വീട്ടിൽ നിന്നും ഇവർ ഇങ്ങനെ ഒന്നും ചെയ്യുന്നില്ല ആര് കണ്ടു… രണ്ടിനെയും പിടിച്ചു ഇന്ന് പള്ളിയിൽ നിന്നും പുറത്താക്കണം…

കണ്ടിട്ടും നമ്മൾ ഒന്നും ചെയ്യാതെ വിട്ടാൽ നാളത്തെ വല്യ കള്ളന്മാർ ആയി തീരും ഇവർ…”

ഞാൻ അവന്റെ കയ്യിൽ പിടിച്ചു നിർത്തി..

അവൻ എന്താ എന്ന പോലെ എന്റെ മുഖത്തേക് നോക്കി…

“നിനക്ക് ഓർമ്മയുണ്ടോ പണ്ട് രാമേട്ടന്റെ കടയിൽ നിന്നും ക്രിക്കറ്റ് പന്ത് മോഷ്ടിച്ചത് … അത് കഴിഞ്ഞു ഒന്നിന് പകരം രണ്ടു മിടായി യും അങ്ങനെ പല സ്ഥലങ്ങളിൽ നിന്നും ചെറിയ ചെറിയ സാധനങ്ങൾ മോഷ്ടിച്ചത് വല്ലതും ഓർമ്മയുണ്ടോ…?

അവൻ ഞാൻ പറഞ്ഞത് കേട്ടു അവിടെ തന്നെ നിന്നു..

എന്നിട്ട് നീ ഇപ്പൊ നാട്ടിലെ ഇമ്മിണി ബല്യ കള്ളനൊന്നും ആയിട്ടില്ലല്ലോ .. ഇതൊക്കെ ചെറിയ പ്രായത്തിൽ സർവ്വ സാധാരണമാണ്.. നീ ഇതൊരു വിഷയം ആകണ്ട.. ഏതായാലും വാ നമുക്ക് പുറത്ത് റോട്ടിൽ പോയി നിൽക്കാം.. അവര് വരുമ്പോൾ ഒന്ന് കാണാം..”

ഞങ്ങൾ അടുക്കളയിലൂടെ പുറത്തേക് ഇറങ്ങുമ്പോൾ ഉമ്മ കണ്ടു.. ആ ഇങ്ങള് രണ്ടാളും ഇതിന്റെ ഉള്ളിൽ ഉണ്ടായിരുന്നോ.. എന്നിട്ടാണോ ഞങ്ങൾ ആ കുട്ടികൾ വന്ന സമയം മുതൽ മണ്ടി പായുന്നത്.. ഇതൊന്ന് അവിടെ കൊണ്ടു കൊടുതാണീ ആരെങ്കിലും ഒരാൾ..

ഞങ്ങൾ രണ്ടു പേരും അത് കേൾക്കാൻ സമയം ഇല്ലാത്തത് കൊണ്ടു വേഗം പുറത്തേക് ഇറങ്ങി അവരെ കാത്തു നിന്നു..

രണ്ടാളും നല്ല ഉഷാർ ആയി ചോറും കൊണ്ടു വരുന്ന സമയത്താണ് അവർ പ്രതീക്ഷിക്കാത്ത സമയത്ത് ഞങ്ങൾ രണ്ടു പേരും മുന്നിലേക്ക് ചാടി..

കള്ളം പിടിക്കപ്പെട്ടതിന്റെ ഞെട്ടിലിലോ മറ്റോ കയ്യിലുള്ള സഞ്ചി നിലത്തു വീണു.. അവർ രണ്ടു പേരും പേടിച്ചു കൊണ്ടു ഞങ്ങളെ തന്നെ നോക്കി നിന്നു..

എത്ര കാലമായി ഇത് തുടങ്ങിയിട്ട്…ഞാൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു..

കാര്യം അവർക്ക് മനസിലായത് കൊണ്ടു തന്നെ എല്ലാം മണി മണിയായി പറഞ്ഞു..

കൊണ്ടു പോയതിൽ ഒരൊറ്റ മീനും ഇന്ന് ജീവനോടെ ഇല്ല..

അതെങ്ങനെ എല്ലാത്തിനെയും പിടിച്ചു ഒരു തുള്ളി വായു പോലും കയറാത്ത ബോക്സിൽ അല്ലേ അടച്ചിരിക്കുന്നത് …. ഇപ്പൊ തന്നെ അവരുടെ കയ്യിലുള്ള ബോക്സ്‌ തുറന്നു നോക്കിയപ്പോൾ അതിനുള്ളിലെ ഗോൾഡ് ഫിഷുകൾ ചെരിഞ്ഞു നീന്തനായി തുടങ്ങിയിട്ടുണ്ട്..

പേടികൊണ്ട് ഇപ്പൊ കരയും അവസ്ഥയിൽ ആയിരുന്നു കുട്ടികൾ..

ഞാൻ അവരെ സമാധാനപ്പെടുത്തി കൊണ്ടു ചേർത്തു നിർത്തി എന്നിട്ട്..ചോദിച്ചു .. എന്തിനാ ഇങ്ങനെ ചോദിക്കാതെ എടുക്കുന്നത്.. പള്ളിയിലെ ഉസ്താദ് അറിഞ്ഞാൽ നിങ്ങളെക്കാൾ മോശം അദ്ദേഹത്തിന് അല്ലേ.. അദ്ദേഹത്തിന്റെ കുട്ടികൾ കള്ളന്മാർ ആണെന്ന് ആളുകൾ പറയുന്നത് സഹിക്കുമെന്ന് നിങ്ങൾക് തോന്നുന്നുണ്ടോ.

ഇക്കാ.. പറ്റി പോയി പൊരുത്ത പെട്ടു തരണം.. ഞങ്ങൾ കയ്യിൽ പൈസ ഉണ്ടാകുമ്പോൾ എന്നെങ്കിലും ഈ കടം വീട്ടിക്കോളാം..

അവരുടെ നിർത്തം കണ്ടിട്ട് അനിയനും വിഷമമായി..

അയ്യേ പൈസ ഒന്നും വേണ്ട.. നിങ്ങൾ നല്ല കുട്ടികൾ അല്ലേ.. മീനൊക്കെ കണ്ടാൽ ചിലപ്പോൾ എടുക്കാനൊക്കെ തോന്നും.. അങ്ങനെ പലതും പല വീട്ടിലും കാണും.. പക്ഷെ നമ്മുടേത് അല്ലാത്ത ഒരു സാധനം അവരോട് ചോദിച്ചിട്ടോ.. അവർ സമ്മതിക്കാതെയോ എടുക്കാൻ പാടില്ല..

നിങ്ങളെ ഞാൻ ഒരിക്കലും കുറ്റം പറയില്ല.. ഈ പ്രായം കഴിഞ്ഞാണ് ഞങ്ങളും വന്നത്.. ഇനി മീൻ വേണമെന്ന് തോന്നിയാൽ എന്നോട് പറഞ്ഞാൽ മതി ഞാൻ എടുത്തു തരണ്ട്..

ഞാൻ അവരെ ചേർത്ത് നിർത്തി തന്നെ പറഞ്ഞു…

അവർക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു മീനിനെ വളർത്താൻ.. പക്ഷെ വീട്ടിലെ സാഹചര്യം കൊണ്ടായിരുന്നു വീട് വിട്ട് അന്യ നാട്ടിൽ പഠിക്കാനായി വന്നത്… സ്വന്തം വീട്ടിൽ ഉച്ചക്ക് പോലും നല്ല മീൻ കറി കൂട്ടി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവർ എങ്ങനെ വീട്ടിലുള്ളവരോട് മീൻ വളർത്താൻ പൈസ വേണമെന്നോ മീനിനെ വാങ്ങി തരണമെന്നോ പറയുക…

അന്ന് തന്നെ നല്ലൊരു കവറിൽ എയർ കയറ്റി അവർ പിടിച്ച മീനിനെ അതിലേക് ആക്കി കൊടുത്തയച്ചു…

++++

കുറച്ചു ദിവസങ്ങൾക് ശേഷം.. വീട്ടിൽ ഞങ്ങൾ നാലു പേരും ഇരിക്കുന്നതിന് ഇടയിൽ ഉമ്മ ചോദിച്ചു..

അല്ല റഹീമേ ഇപ്പൊ മീനൊന്നും കളവ് പോകാറില്ലല്ലോ.. നിങ്ങൾ എന്താ അവിടെ ചെയ്തേ.. വല്ല ക്യാമറ യും വെച്ചോ..

അത് കേട്ടു ഞാൻ ഒന്ന് ചിരിച്ചു..

ഹേയ് ഇല്ലുമ്മ…ക്യാമറ യൊന്നും വെച്ചിട്ടില്ല… മീനിനെ കൊണ്ടു പോകാനായി വരുന്നവർ ഇനി വരില്ല..

ആ.. ഇങ്ങള് കള്ളന്മാരെ പിടിച്ചോ.. എന്നിട്ട് എന്തെ ഞങ്ങളോട് പറയാഞ്ഞത്..പൊണ്ടാട്ടി ഞാൻ പറയുന്നതിന് ഇടയിൽ ചോദിച്ചു..

ഹേയ് കള്ളന്മാർ ഒന്നുമല്ല.. അത് ഈ പൊട്ടൻ വിറ്റത് തന്നെയാ.. അവന് ഓർമ്മയില്ലാതെ കച്ചറ ഉണ്ടാക്കിയതാ…

ആണോടാ പൊട്ടാ.. അവൾ അനിയന്റെ തലക് ഒരു കിഴുക് കൊടുത്തു കൊണ്ടു ചോദിച്ചു..

അവൻ അതേ എന്ന പോലെ തലയാട്ടി എന്നേ നോക്കി ചിരിച്ചു…

++++

പാവം കുട്ടികളാണ് അവർ ഉമ്മാകും പൊണ്ടാട്ടിക്കുമെല്ലാം ഇഷ്ട്ടപെട്ട കുട്ടികൾ.. അവരാണ് ഇത് ചെയ്തതെന്ന് പറഞ്ഞാൽ ഇനി അവർ വീട്ടിലേക് വരുമ്പോൾ ചിലപ്പോൾ ആ കണ്ണിൽ ആയിരിക്കും ഇവർ അവരെ കാണുക..

അത് വേണ്ടന്ന് ഞാനും അനിയനും നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു…

☺️☺️☺️

എഴുതുന്നത് ഞാൻ ആണെങ്കിലും വായിക്കുന്ന നിങ്ങൾക് ഇഷ്ട്ടപെടുമെന്ന വിശ്വസത്തോടെ ഇഷ്ട്ടപെട്ടാൽ ലൈക് ചെയ്യണേ..

ബൈ

നൗഫു 😍😍😍