എഴുത്ത്:-സൽമാൻ സാലി
ഞാൻ ബെല്യ ബിസൻസ് കാരനാവും ന്ന് ഉമ്മ എപ്പളും പറയും… ന്റെ ബിസൻസ് ആദ്യം കണ്ടു പിടിച്ചതും ന്റുമ്മയാണ് …..
അന്ന് അയിന് കൊറേ തല്ലും കിട്ടീക്ക്ണ്..
ഉസ്കൂൾ പൂട്ടിയാൽ പിന്നെ അറഞ്ചം പുറഞ്ചം ക്രിക്കറ്റ് കളിയാണ്… രാവിലെ പാടത്ത് കളിക്കാൻ പോയാൽ പിന്നെ വെയിൽ ഉച്ചിയിൽ അടിച്ചാൽ ഞാൻ പോരേൽ എത്തുള്ളു…
ന്റുമ്മ എപ്പളും പറയും… ഇയ്യ് ചെറുപ്പത്തിൽ നല്ല വെളുത്തിട്ടയിനു… കളിക്കാൻ പോയിട്ടാ ഇങ്ങനെ കരിങ്കോഴിന്റെ മുട്ട പോലെ ആയി പോയെ ന്ന്….
പണ്ട് എന്നേ ഗർഭത്തിൽ ഉപ്പ ഗൾഫിന്ന് കൊണ്ടോന്ന കുങ്കുമ പൂവിട്ട പാല് കുടിച്ചിട്ട് വെളുപ്പിച്ചതാ ന്നെ… ആ ഞാനാണ് വെയിലത്ത്ന്ന് കളിച്ചിറ്റ് പുകയില തണ്ട് പോലെ ആയെ ന്നൊക്കെ…
ന്നാലും ക്രിക്കറ്റ് കളി ഞാൻ ബിടൂല…
ഒരീസം കളിക്കാൻ പോയപ്പോൾ പന്ത് പൊട്ടിപ്പോയി… ആരെ കയ്യിലും നയാ പൈസ ഇല്ല…
പോരേൽ പോയി ഉമ്മ ചില്ലറ ഇട്ട് വെക്കുന്ന സകല സ്ഥലത്തും അരിച്ചു പെറുക്കിയിട്ടും ഒരഞ്ചിന്റെ പൈസ കിട്ടീല…
അല്ലെങ്കിൽ മുട്ട വിറ്റ പൈസ അടുകളേൽ പഞ്ചാര കുപ്പീന്റെ ചോട്ടിലും ഉമ്മാന്റെ നിസ്കാര കൂട്ടയിലുമൊക്കെ തപ്പിയാൽ എന്തെങ്കിലും തടയുന്നതായിരുന്നു…
പൈസ കിട്ടാണ്ട് നട്ടം തിരിയുമ്പോളാണ് ഉമ്മ കടയിൽ പോയി സാധനം വാങ്ങാൻ പറയുന്നത് ..
അപ്പൊ എന്റെ ഉള്ളിലെ ബിസിനസ്സ്മാൻ ഉണർന്നു ..
ഉമ്മാനോട് കടയിൽ നിന്നും വാങ്ങിക്കാനുള്ള സാധനത്തിന്റെ ലിസ്റ്റും വാങ്ങിച്ചു കടയിലേക്ക് പോയി…
പഞ്ചാര, ഉള്ളി തക്കാളി, വെളിച്ചെണ്ണ, ഉപ്പ്.. അങ്ങനെ വാങ്ങിച്ച സാധനത്തിന് എല്ലാം ഓരോ രൂപ കൂട്ടി വാങ്ങിച്ചു ബോൾ മേടിക്കാൻ ഉള്ള പൈസ ഞാൻ ഒപ്പിച്ചു …
അപ്പൊ നിങ്ങള് കരുതും ഞാൻ അടിച്ചു മാറ്റിയതാണെന്ന്.. അല്ല…
കടക്കാരന്റെ കടയിൽ നിന്നും ഞാൻ സാധങ്ങൾ വാങ്ങിച്ചു എന്റെ ലാഭം എടുത്തു ഉമ്മാക് വിറ്റാതാണ് ഞാൻ…
മുതൽ മുടക്ക് ഇല്ലാതെ ലാഭം ഉണ്ടാകുന്ന ബിസിനസ്സ്… ഇപ്പൊ പലരും ഓൺലൈനിൽ ഇത് ചെയ്യുന്നുണ്ട്..ഓരൊക്കെ ട്രൗസർ ഇട്ടോണ്ട് അജന്തെന്ന് ആധിപാപം കണ്ടോണ്ടിരിക്കുമ്പോക് ഞാൻ ആ സീൻ വിട്ടതാ..
പിന്നീട് ആവശ്യങ്ങളുടെ വലിപ്പം അനുസരിച്ചു ലാഭത്തിന്റെ ശതമാനം കൂട്ടിക്കൊണ്ടിരുന്നു സിനിമക്കൊക്കെ പോകണം എങ്കിൽ അന്ന് സാധങ്ങൾക്ക് ഒക്കെ തീ വില ആയിരിക്കും…
അങ്ങനെ ആവശ്യം അനുസരണം ബിസിനസ്സ് നടത്തികൊണ്ട് മുന്നോട്ട് പോകുമ്പോളാണ് ഒരീസം ഉമ്മയും ഞാനും കടയിൽ കേറിയത്…
സാധനങ്ങൾ ഒക്കെ വാങ്ങിച്ചു ബില്ല് നോക്കിയപ്പോൾ നല്ല കുറവ്….
കടക്കാരനോട് സാധനങ്ങൾക്ക് ഒക്കെ വില കുറഞ്ഞല്ലോ.. എന്ന് ചോദിച്ചപ്പോ അയാൾ പറയുവാ കഴിഞ്ഞ പ്രവശ്യത്തെക്കാൾ കൂടുതൽ ആണെന്ന്…
അത് കേട്ടതും ഉമ്മ എന്ന് ഒരു നോട്ടം നോക്കി…
അതോടെ എന്റെ മുതൽ മുടക്കില്ലാതെ ഉള്ള ബിസിനസ് പൊളിഞ്ഞു പാളീസായി…
അന്ന് ഉമ്മ കൊറേ തല്ലിയെങ്കിലും ഞാൻ ബെല്യ ബിസിനസ്സ് കാരൻ ആവും എന്നൊക്കെ കരുതിയാണ് 50 രൂപ തന്നു കച്ചോടം ചെയ്യാൻ പറഞ്ഞത് ..
പാച്ചൂനേം കൂട്ടി മുരുകൻ അണ്ണന്റെ കടയിൽ പോയി പുളിയച്ചാറും ജാമും ജോക്കര മിട്ടായിയും ശർക്കര മിട്ടായിയും വാങ്ങി വന്നു റോഡ് വക്കിൽ രണ്ട് ഓല കുത്തി ഞാൻ ന്റെ സ്വന്തം ബിസ്നസ് തുടങ്ങി ..
പിറ്റേ ദിവസം വൈകിട്ടോടെ അയൽവക്കത്തുള്ള അടുക്കളയിലെയും അലമാരയിലെയും ചില്ലറ തുട്ടുകൾ ന്റെ പണപെട്ടിയിൽ സ്ഥാനം പിടിച്ചു ..
വാങ്ങിച്ച മിട്ടായികൾ ഏറെയും തീർന്നപ്പോൾ പൈസ എണ്ണി നോക്കിയത് നാല്പത്തി ഏഴ് രൂപ ..
പൈസ വാങ്ങിച്ചു ഉമ്മ ന്നെ ഒരു നോട്ടം ..
അല്ലെങ്കിലും ചങ്ങായിമാർ മിട്ടായി തിന്നുമ്പോൾ നോക്കി നീക്കാനുള്ള മനക്കട്ടിയൊന്നും എനിക്കില്ല ….അതുകൊണ്ട് അവർ ഓരോ മിട്ടായി വാങ്ങുമ്പോളും ഞാനും ഓരോന്ന് തിന്നും അയനാണ് ഉമ്മ ഇങ്ങനെ തറപ്പിച്ചു നോക്കി ന്റെ കച്ചോടം പൂട്ടിച്ചത് ..
അല്ലേലും ഉമ്മാനെ പോലെ ഇൻവെസ്റ്റ് മെന്റ് ഇറക്കാൻ ഒരാളുണ്ടെങ്കിലല്ലേ ഇൻക് ബിസൻസ് ചെയ്യാൻ പറ്റൂ… ഏത്… അത്…
അന്ന് ഉമ്മ ന്റെ കച്ചോടം പൂട്ടിയില്ലെങ്കിൽ കേരളത്തിൽ മുഴുവൻ ഞാൻ ലിലുവിനു മുന്നേ മാളുകൾ തുറന്നേനെ ….
ബെർതെ.. ഇങ്ങള് എന്തെങ്കിലും ഓക്കേ കമന്റ് ഇടണം ട്ടോ… ഒരു രസാ വായിക്കാൻ പിന്നെ oto കമന്റായി കിട്ടുന്ന omg യും ലഡ്ഡുവിനു പല്ലുവെച്ചപോലെയുള്ള ഇമൊജിയും ഇടാണ്ട് രണ്ടക്ഷരം എഴുതിക്കോളി …
മുൻപ് വായിച്ചവർ കറുപ്പോ മഞ്ഞയോ ലവ് ഇട്ടാൽ മതി ചുവപ്പ് ലവ് ഇട്ടാൽ കെട്യോള് ഓടിച്ചിട്ട് തല്ലുമെന്ന് പറയാൻ പറഞ്ഞു …