എഴുത്ത്:-സാജുപി കോട്ടയം
രണ്ടു വർഷം മുൻപാണ്…. ഒരു ഓട്ടം പോയി തിരിച്ചു വരുമ്പോഴാണ്… റേഷൻ കടയുടെ മുന്നിൽ നിന്ന് ഒരു മെലിഞ്ഞു ഉണങ്ങിയ സ്ത്രീ എന്റെ വണ്ടിക്ക് കൈയ് കാണിക്കുന്നത്… ഞാൻ അവരോടു ചേർത്തു വണ്ടി നിറുത്തി…. നല്ല പരിചയമുള്ള മുഖം…. എന്നാലും പെട്ടന്ന് ഓർത്തെടുക്കാൻ പറ്റിയില്ല… അരിയും പഞ്ചാരയും മണ്ണെണ്ണയും ഗോതമ്പു മെല്ലാമുണ്ട് ചെറിയ ചെറിയ സാധനങ്ങളൊക്കെ അവർതന്നെ ഓരോന്നായി ഓട്ടോയിലേക്ക് കയറ്റി വച്ചു… അരിയുടെ സഞ്ചി…. അവരെക്കൊണ്ട് ആവുന്നത്ര ശ്രെമിച്ചു നോക്കിയിട്ടും പൊക്കാൻ സാധിക്കുന്നില്ല….
അവരെന്നെയൊന്നു ദയനീയമായി നോക്കിയിട്ട് വീണ്ടും ശ്രെമിച്ചു.
അതുകണ്ടു ഞാൻ വേഗത്തിൽ ഇറങ്ങിച്ചെന്നു അരി സഞ്ചി എടുത്തു വണ്ടിയിൽ വച്ചു ഏകദേശം ഇരുപതോ ഇരുപത്തിയഞ്ചോ കിലോ ഉണ്ടായിരുന്നു അത്.
എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചപ്പോൾ.
സ്ഥലം… പറഞ്ഞു…. അവിടെ വരെയും എത്ര രൂപാ ആവുമെന്ന് ചോദിച്ചു.
അൻപതു രൂപയാവുമെന്ന് ഞാൻ പറഞ്ഞു.
പോകുന്ന വഴിയിൽ ഞാനവരോട് ചോദിച്ചു വീട്ടിൽ വേറാരുമില്ലേ….? വയ്യാത്ത അമ്മച്ചിയെന്തിനാ കടയിൽ വന്നതെന്ന്…
എന്റെ കുഞ്ഞേ എനിക്കൊരു മോനുണ്ടായിരുന്നു . അവനുണ്ടായിരുന്നപ്പോ ഒരിടത്തും എന്നെ വിടില്ല… എല്ലാം അവനായിരുന്നു വാങ്ങിക്കൊണ്ട് വന്നിരുന്നത്..
എന്നിട്ട്…. മോനെന്തിയെ…?
അവൻ… മരിച്ചു പോയി…
എങ്ങനെ…?
ഭയങ്കര… കുടിയായിരുന്നു… അവനെ എല്ലാവർക്കും അറിയാം.
പേരെന്താ…. മോന്റെ
അമ്മച്ചി പേര് പറഞ്ഞു. ( അത് ഞാൻ വെളിപ്പെടുത്തുന്നില്ല )
പെട്ടന്ന് തന്നെ എനിക്ക് ആളെ മനസ്സിലായി…. സ്കൂളിൽ ഒരേ ബാച്ചിൽ പഠിച്ചതാണ്… നല്ലൊരു സ്പോർട്സ് മാനും എല്ലാവർക്കും അവനെയും അവന്റെ തമാശകളെയും ഒരുപാട് ഇഷ്ട്ടമായിരുന്നു.
സ്കൂൾ ജീവിതമൊക്കെ കഴിഞ്ഞു പലവഴിക്കും പിരിഞ്ഞെങ്കിലും പിന്നീട് പലപ്പോഴും കാണുമ്പോൾ…. അവൻ മദ്യ ലഹരിയിലായിരുന്നു…. എപ്പോഴോ ലിവർ സോറിസ്സ് പിടിച്ചു ഹോസ്പിറ്റലിൽ ആയിരുന്നുവെന്ന് അറിഞ്ഞു…. അതു കഴിഞ്ഞും പലപ്പോഴും കണ്ടിട്ടുണ്ട്…. സ്നേഹത്തോടെയും അല്ലാതെയും…. ഈ നശിച്ച കുടി… നിറുത്താൻ പറഞ്ഞു നോക്കിയിട്ടുണ്ട്.
എന്നാൽ പിനീട് കുട്ടുകാരെ കാണുമ്പോൾ അവൻ മുങ്ങി നടക്കും. ആരുടെയും മുന്നിൽ വന്നുപെടാതിരിക്കാൻ അവൻ ശ്രെദ്ധിച്ചിരുന്നു. പിന്നീട് എപ്പോഴോ ആരോ പറഞ്ഞറിഞ്ഞു അവൻ മരിച്ചു പോയെന്ന്. അന്ന് കുറച്ചു നേരം അവനെക്കുറി ച്ചോർത്ത് മനസ്സിൽ വിഷമം തോന്നി ഉള്ളിൽ കരഞ്ഞു.
പിനീട് ഇപ്പോഴാണ് ഓർമ്മ വന്നത്.
മോനേ….. ഇവിടം വരെയും…. മതി. അവന്റെ അമ്മ പുറകിലിരുന്നു പറഞ്ഞു.
അതെന്താ…. അമ്മേ.. വീട്ടിലേക്ക് ഇനിയും കുറച്ചു ദൂരമുണ്ടല്ലോ…?
അതല്ല.. മോനെ….. എന്റെ കയ്യിൽ ഇവിടം വരെയും വരാനുള്ള കാശ്ശെയുള്ളു…..
അമ്മ ചുരുട്ടിപ്പിടിച്ച രണ്ടു പത്തിന്റെ നോട്ടുകൾ എന്റെ നേരെ നീട്ടി.
ഇവിടം വരെയും മതി.. മോനെ.
എന്റെ മനസ്സ് ഭയങ്കരമായി വിഷമിച്ചു.. അവനുണ്ടായിരുന്നെങ്കിൽ ആ അമ്മയ്ക്ക് ഈ അവസ്ഥ വരില്ലായിരുന്നു അവന്റെ നശിച്ച കു ടി…. എനിക്ക് അവനോടു വെറുപ്പ് തോന്നി..
മരണം ആർക്കും സംഭവിക്കാം… പക്ഷെ നമ്മളെയൊക്കെ ആശ്രയിച്ചു നമ്മുടെ കണ്ണിലേക്കും കയ്യിലേക്കും മാത്രം നോക്കി ജീവിക്കുന്നവരെ നിസ്സഹായതയുടെയും ഏകാന്തതയുടെയും മുന്നിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞിട്ടു സ്വയം മരണപ്പെട്ടു പോകരുത്. ഇവിടെ മരിക്കുന്നത് ഒരാൾ മാത്രമല്ല….. നമ്മളെയൊക്കെ ആശ്രയിച്ചു ജീവിക്കുന്നവരുംകൂടിയാണ്.