മാസ്ക്ക് കില്ലർ – ഭാഗം 1 (കൈപ്പത്തി )
Story written by Dr Roshin
സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു .നഗരത്തിലെ ഒഴിഞ്ഞ പ്രദേശത്തുള്ള ഒരു ലോട്ജ്.അതിൽ ഒരു മുറിയിൽ ഒരാൾ ബാഗിലേക്ക് എന്തോ എടുത്ത വയ്ക്കുന്നു .
അഞ്ച് അടിയ്ക്ക് മുകളിൽ ഉയരം തോന്നിക്കുന്ന ഒരാൾ .അയാൾ മുറിൽ നിന്ന് ഇറങ്ങി ആ പഴയ ലോട്ജിൻ്റെ താഴത്തെ നിലയിലെ റിസപ്ഷനിലേക്ക് പതിയെ നടന്നു .വേഷം കറുപ്പ് ഷർട്ട് കറുത്ത ജീൻസ് അയാളുടെ കയ്യിൽ ആ ബാഗ് ഉണ്ട് .
” ചെക്ക് ഔട്ട് ചെയ്യുന്നു ” അയാൾ ശാന്തമായ് റിസപ്ഷനിലെ പ്രായമായ കണ്ണട വെച്ച ആളോട് പറയുന്നു .മുഖത്ത് ഭാഗ വ്യത്യാസങ്ങളില്ലാതെ .
ഒരു ദിവസം താമസിച്ചതിൻ്റെ പണം അടച്ച ശേഷം അയാൾ പതിയെ ലോട്ജിനു പുറത്തേക്ക് ഇറങ്ങി .ശബ്ദം ഉണ്ടാക്കാതെ വളരെ പതിയെയാണ് അയാൾ നടക്കുന്നത് .
അയാൾ ചുറ്റും നോക്കി .ആരേയും കാണാൻ ഇല്ല . അയാൾ കയ്യിൽ കരുതിയിരുന്ന കറുത്ത മാസ്ക്ക് മുഖത്തേക്ക് ഇടുന്നു .തലയും മുഖവും മൂടുന്ന തരത്തിലുള്ള ഒരു തരം മാസ്ക്ക് . എന്നിട്ട് അതിനു മുകളിലൂടെ ഹെൽമെറ്റ് വയ്ക്കുന്നു .ശേഷം ഒരു പഴയ മോഡൽ ബൈക്കിൽ കയറി സ്റ്റാർട്ട് ആക്കി അയാൾ ഇരുട്ടിലേക്ക് മറയുന്നു .
അയാളുടെ ബൈക്ക് വിജനമായ ഇരുട്ട് നിറഞ്ഞ വഴിയിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു . എന്തിനും മനസ്സു പോന്ന ഒരാളാണ് എന്ന ഭാവം അയാളുടെ കണ്ണുകളിൽ പ്രകടമായിരുന്നു . ആ വണ്ടി വഴികൾ പലതും താണ്ടി വന്നു നിന്നത് ഒരു വലിയ വീടിൻ്റെ മുന്നിലായിരുന്നു . അയാൾ ശ്രദ്ധിച്ചു ,വീടിനു മുന്നിൽ CCTV ,കൂടാതെ പട്ടിയും .പട്ടിയുടെ മുരൾച്ച അയാൾക്ക് കേൾക്കാം .
അയാൾ തൻ്റെ കയ്യിൽ കരുതിയിരിക്കുന്ന ബാഗിൽ നിന്ന് ഒരു പൊതി എടുത്ത് വീടിൻ്റെ കോമ്പൗഡിലേക്ക് എറിയുന്നു .അതിനു ശേഷം ആ വണ്ടി മുന്നോട്ട് എടുത്തു അയാൾ അകന്നു പോകുന്നു . ആ സമയം അയാളുടെ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം പ്രകടമായിരുന്നു . ഒരു ക്രൂരമായ ചിരി .
നഗരം ശാന്തമായ് ഉറങ്ങി ,പക്ഷെ അടുത്ത ദിവസത്തെ പ്രഭാതം ഒരു വാർത്തയോടു കൂടിയാണ് ആ നഗരം ഉണർന്നത് .
” നഗരത്തിൽ താമസിക്കുന്ന ഫോറൻസിക്ക് സർജൻ ഡോ. കാർത്തിക്കിൻ്റെ വീടിൻ്റെ കോമ്പൗഡിനുള്ളിൽ നിന്ന് ഒരു കവറിൽ പൊതിഞ്ഞ നിലയിൽ ഒരു കൈപ്പത്തി മാത്രം കിട്ടിയിരിക്കുന്നു”.
വാർത്ത നഗരം മൊത്തം പടർന്നു ,പോലീസും നാട്ടുകാരും കൂടി .നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് കഷ്ട്ടപ്പെട്ടു ഫോറൻസിക്ക്കാരും ,പോലീസും കാർത്തിക്കിൻ്റെ വീട്ടിൽ അന്വേഷണം നടത്തുന്നു .
സംഭവിച്ചത് എന്താണെന്ന് അറിയാതെ ഡോ. കാർത്തിക് ,പിന്നെ അയാളുടെ ഭാര്യ രേവതിയും വിഷമിച്ചു ഹാളിൽ ഇരിക്കുന്നു . അവർക്ക് കുട്ടികളില്ല .കല്യാണം കഴിഞ്ഞിട്ട് 7 വർഷമാകുന്നു .
പുറത്തെ പ്രാഥമിക്ക അന്വേഷണത്തിനു ശേഷം SP അശോക് ,ഡോ. കാർത്തിക്കിൻ്റെ മുന്നിൽ വന്നിരിക്കുന്നു . SP അശോക് ഒരു തമാശക്കാരനാണ് ,പക്ഷെ ആൾ ഒരു ബുദ്ധിരാക്ഷസനാണ് ,കേസ് തെളിയിക്കാൻ മിടുക്കൻ .അശോക് കുറച്ച് നേരം കാർത്തികിൻ്റെ മുഖത്തേക്ക് നോക്കിയിട്ട് പറയുന്നു .
അശോക് :- ഇതിപ്പോ എന്താ ഇങ്ങനെ സംഭവിക്കാൻ ? ,ഡോക്ടറിന് എന്താ തോന്നുന്നത് ?
സാധാരണ പോലീസുകാരെ പോലെയേയല്ല അശോകിൻ്റെ ചോദ്യം ചെയ്യൽ ,അയാൾ കുറ്റവാളികളെ കൊണ്ട് സംസാരിച്ച് പലതും കണ്ടെത്താൻ ശ്രമിക്കും .
കാർത്തിക് :- സാർ …. എനിക്ക് ശത്രുക്കളില്ല ,ഇത് എന്താ ഇങ്ങനെ സംഭവിക്കാൻ എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല ,ഞാൻ ആകെ ഞെട്ടിയിരിക്കുകയാണ് .
അശോക് :- ഡോക്ടറും കണ്ടതല്ലെ … കിട്ടിയ ശരീര ഭാഗം പഴക്കിയിട്ടില്ല,അതിനർത്ഥം കൊല നടന്നിട്ട് അതികമായിട്ടില്ല’….!
കാർത്തിക് :- അതു കൊണ്ട് …..! അത് എന്നെ എങ്ങനെ ബാധിക്കും .
കാർത്തിക്ക് അശോക് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകാതെ ചോദിച്ചു .
അശോക് :- ഡോക്ടറിനെ ഒന്നു ചോദ്യം ചെയ്യേണ്ടി വരും.
അശോക് അങ്ങനെയാണ് ചില സമയങ്ങളിൽ ആയാൾക്ക് മുന്നിൽ എല്ലാവരും കുറ്റവാളികളാണ് ,യാർത്ഥ പ്രതി പിടിയിലാകുന്നതു വരെ ….
ഇത് കേട്ട് ദേഷ്യപ്പെട്ട് ,കാർത്തിക്ക് അശോകിനെ നോക്കി പറയുന്നു .
കാർത്തിക് :- സീ ,മിസ്റ്റർ അശോക് ,ആരെങ്കിലും എൻ്റെ കോമ്പൗണ്ടിൽ എന്തെങ്കിലും കൊണ്ടു വന്ന് ഇട്ടാൽ ഞാനെങ്ങനെ അതിനു ഉത്തരവാദി …. ആകും ….!
ഇത് കേട്ട് അശോക് ചിരിക്കുന്നു . എന്നിട്ട് പറയുന്നു .
അശോക് :- ഇത്രയും ,CCTV ഉള്ള സ്ഥലത്ത് ,ഇത്രയും അടുത്ത് വീടുകൾ ഉള്ള സ്ഥലത്ത് ,ഇനി ആര് കൊണ്ടുവന്നിട്ടാലും …. why you ….! എന്ത് കൊണ്ട് താങ്കളുടെ കോമ്പൗണ്ടിൽ വന്നു .അയാൾക്ക് ,അല്ലെങ്കിൽ ആ കൊലയാളിയ്ക്ക് അതു കളയാൻ എത്രയൊ വിജനമായ സ്ഥലങ്ങൾ ഉണ്ട് …!അത് എന്താണെന്ന് അന്വേഷിക്കാതിരിക്കാൻ കഴിയില്ല ,മിസ്റ്റർ കാർത്തിക് .അശോകിൻ്റെ ആ മറുപടിയ്ക്ക് മുന്നിൽ കാർത്തിക് നിസ്സഹായനായ് നിന്നു .
പോലീസ് നായും ,ഫോറൻസിക്ക് ആളുകളും ഇതിനകം തന്നെ കാർത്തിക്കിൻ്റെ വീടും പരിസരവും മൊത്തം അരിച്ചു പെറുക്കി കഴിഞ്ഞിരുന്നു . കാർത്തിക്കിന് ഇങ്ങനെ തൻ്റെ വീട്ടിൽ ഒരു അവസ്ഥ ഉണ്ടായതിനെ പറ്റി ഓർത്ത് ആകെയൊരു വിഷമത്തിലേക്ക് അയാളുടെ മനസ്സ് ഇതിനകം എത്തിയിരുന്നു .അയാളുടെ ഭാര്യ രേവതി വിഷമിക്കണ്ട എന്ന രീതിയിൽ കാർത്തികിൻ്റെ കൈകൾ ചേർത്തു പിടിച്ചു .
അശോക് :- ഡോ. എപ്പോഴാണ് വീട്ടിൽ എത്താറ് !
കാർത്തിക് :- 10 മണി …
അശോക് :- എന്നും പത്ത് മണിക്കാണൊ ..അശോക് ഭാര്യ രേവതിയെ നോക്കി .
രേവതി :- ചില ദിവസം താമസിക്കും .
അശോക് :- ഇന്നലെ എത്ര മണിക്ക് എത്തി?
രേവതി കാർത്തിക്കിനെ നോക്കി പതിയെ പറഞ്ഞു .
രേവതി :- ഇന്നലെ 12 മണി കഴിഞ്ഞു …
അശോക് കാർത്തികിൻ്റെ മുഖത്തേക്ക് നോക്കി .
കാർത്തിക് :- ഇന്നലെ ഞാൻ ഒരു ഫ്രണ്ടിൻ്റെ വീട്ടിൽ പോയിരുന്നു .ചില ദിവസം ഞാനങ്ങനെ താമസിക്കാറുണ്ട്
അശോക് അതിനു മറുപടി പറയാതെ പറഞ്ഞു .
അശോക് :- ചോദ്യം ചെയ്യാൻ വിളിപ്പിക്കും ….പെട്ടെന്ന് കാർത്തിക്കിൻ്റെയും രേവതിയുടേയും മുഖം വിഷമം കൊണ്ട് മാറുന്നു .
ഒരു ദിവസത്തിനു ശേഷം ഡോ.കാർത്തികിനെ പോലീസ് ചോദ്യം ചെയ്യാനായ് വിളിച്ചു വരുത്തി .
പ്രത്യേക രീതിയിൽ സജ്ജമാക്കിയ ചോദ്യമുറി . അവിടെ അശോകും ഉണ്ട് .എന്തൊക്കെയാണ് താൻ ഫേസ് ചെയ്യുന്നതെന്ന് ഓർത്ത് വിഷമത്തിൽ കാർത്തിക്കും ഇരിക്കുന്നു .
അശോക് :- ഡോക്ടറിനു ആരാ ശത്രുക്കൾ ഉള്ളത് .
കാർത്തിക്ക് :- ആരുമില്ല .
അശോക് :- താങ്കളും ,ആ കൈപ്പത്തി കണ്ടതല്ലെ ,ഡോ.കാർത്തിക് ഒരു ഫോറൻസിക് സർജനല്ലെ .അസ്വഭാവികത ഒന്നും തോന്നുന്നില്ല ..?
അതിനു കാർത്തിക് ഒന്നും മിണ്ടിയില്ല .
അശോക് :- CCTV ചെക്ക് ചെയ്തു .മുഖം കൂടി ധരിച്ച ഒരാളാണ് ഇത് ചെയ്തിരിക്കുന്നത് .
കാർത്തിക് :- പിന്നെ എന്തിനു ബുദ്ധിമുട്ടിക്കണം ,അയാളെ പോയ് പിടിക്കൂ ..
കാർത്തിക് ദേഷ്യത്തോടെ പറഞ്ഞു .
അശോക് :- മുഖം മൂടി ധരിച്ചയാൾ സഞ്ചരിച്ച ബൈക്ക് മോഷണം പോയതാണ് .ആ വണ്ടി വിജനമായ ഒരു പ്രദേശത്ത് നിന്നു കണ്ടെടുത്തിട്ടുണ്ട് .
കാർത്തിക് :- എങ്കിൽ അതിനു ചുറ്റും ,അയാളെ തിരഞ്ഞു കണ്ടെത്താൻ ശ്രമിക്കൂ .. ..
അശോക് :- കൊല്ലപ്പെട്ടത് 28 വയസ്സ് അടുപ്പിച്ച് പ്രായമുള്ള പെൺകുട്ടിയാണ് .ആ കുട്ടിയുടെ ഇടതു കൈപ്പത്തിയാണത് .
കാർത്തിക് :- എനിക്കറിയാം ,ഞാനും കണ്ടതാണ് .
അശോക് ചിരിച്ചു കൊണ്ട് പറയുന്നു .
അശോക് :- ഹ ,ഹ … നിങ്ങൾ ഒരു ഫോറൻസിക്ക് സർജനാണ് എന്നു ഞാൻ ഇടയ്ക്ക് മറന്നു പോകുന്നു .
അതിനു കാർത്തിക് ,മറുപടി പറയാതെ ഇരുന്നു .
അശോക് :- ആ ഇടതു കൈപ്പത്തിയിൽ ആറ് വിരലുകൾ ഉണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നൊ?
കാർത്തിക് :- ഉവ്വാ … അതിന് ?!
അശോക് :- ഡോക്ടറല്ലെ ,ഒന്നു ഓർത്ത് നോക്ക് .
കാർത്തിക് :- എന്ത് …
അശോക് :- താങ്കളുടെ വീട്ടിൽ ജോലിയ്ക്ക് നിന്നിരുന്ന ,താങ്കൾ വഴക്ക് പറഞ്ഞ് ഇറക്കിവിട്ട പെൺകുട്ടിയ്ക്കും ആറ് വിരലുകൾ ഉണ്ടായിരുന്നോ എന്ന് .
അത് കേട്ട് അതിശയത്തോടെ കാർത്തിക് അശോകിനെ നോക്കുന്നു .
അശോക് :- യെസ് ,അത് അവള് തന്നെയാണ് … രമ്യ, അവളുടെ വീട്ടുകാർ മറ്റു അടയാളങ്ങൾ കൂടി വെച്ച് ആ കൈപ്പത്തി തിരിച്ചറിഞ്ഞു …
ഒരു നിശബ്ദതയ്ക്ക് ശേഷം അശോക് വീണ്ടും ചോദിക്കുന്നു .
“അവളെ കാണാതായ കാര്യം താങ്കൾ അറിഞ്ഞിരുന്നില്ലെ” ?
കാർത്തിക് :- ഉവ്വാ
കാർത്തിക് പതിയെ മൂളി …
അശോക് :- DNA ടെസ്റ്റ് റിസൾട്ട് കൂടി വരട്ടെ …
കാർത്തിക് :- സാർ ഞാനും ഈ കൊലപാതകം തമ്മിൽ എന്ത് ബന്ധം …!
അശോക് :- അതാണ് ,ഞങ്ങൾക്കും,അറിയേണ്ടത്, കൊലയാളി ആ പൊതി നിങ്ങളുടെ നിങ്ങളുടെ വീട്ടിൽ എറിഞ്ഞ ശേഷമാണ് ….താങ്കൾ വീട്ടിലേക്ക് എത്തിയിരിക്കുന്നത് .
കാർത്തിക് :- അതു കൊണ്ട് അത് ഞാനാണെന്നാണൊ!
അശോക് :- എന്നു പറഞ്ഞില്ലല്ലൊ …പക്ഷെ അയാൾക്ക് നിങ്ങളോടെന്തോ പറയുവാൻ ഉണ്ട് .
കാർത്തിക് :- എന്ത് …!
അശോക് :- വെറുമൊരു ,കൊലപാതകമല്ല ഇത് …!
ഇത് ഒരു സൂചനയാണ് …
വരാനിരിക്കുന്ന മറ്റെന്തിൻ്റെയോ ഒരു സൂചന …
അശോക് പറഞ്ഞു നിർത്തി.
തുടരും ….
ഡോ.റോഷിൻ