അച്ഛൻ നല്ല മസാലദോശയുണ്ടാക്കുന്ന ആളല്ലേ? ഒരു ഹോട്ടൽ തുടങ്ങിയാലോ.. രാവിലെ മാത്രം തുറക്കുന്നത്…..

മസാലദോശയും പൂക്കളും പിന്നെ പാട്ടും

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

റിട്ടയ൪ ചെയ്തതിനുശേഷമാണ് ഗോവിന്ദേട്ടൻ ഒരു ഹോട്ടൽ തുടങ്ങിയാലോ എന്ന ആലോചനയിലെത്തിയത്. കാരണം വേറൊന്നുമല്ല, ഭാര്യക്ക് ആകസ്മികമായി ഒരു ഓപ്പറേഷൻ വേണ്ടിവന്നു. കാശ് ഇമ്മിണി ചിലവായി.

ഗോവിന്ദേട്ടന് മൂന്ന് പെൺമക്കളാണ്. രണ്ടുപേരെ കല്യാണം കഴിപ്പിച്ചു. ഇനി മൂന്നാമതൊരാൾ കൂടിയുണ്ട്. മൂന്നുപേരുടെയും പഠനം, കല്യാണം, ഓപ്പറേഷൻ ഒക്കെക്കൂടി ഗോവിന്ദേട്ടൻ കടത്തിൽ പെട്ടുപോയി. റിട്ടയറായപ്പോൾ കിട്ടിയ പണമെല്ലാം തീ൪ന്ന വഴിയില്ല.

വീടിനു തൊട്ടടുത്തായി ഒരു ക്ഷേത്രമുണ്ട്. അവിടെ പുനരുദ്ധാരണമൊക്കെ കഴിഞ്ഞ് ജനങ്ങളങ്ങനെ ധാരാളം വന്നുകൊണ്ടിരിക്കയാണ്. അടുത്തെങ്ങും ഒരു ചായപ്പീടികയില്ല.

അച്ഛാ, അച്ഛൻ നല്ല മസാലദോശയുണ്ടാക്കുന്ന ആളല്ലേ? ഒരു ഹോട്ടൽ തുടങ്ങിയാലോ.. രാവിലെ മാത്രം തുറക്കുന്നത്..

ഇളയമകളാണ് നിർദ്ദേശം മുന്നോട്ടുവെച്ചത്.

ആലോചിച്ചപ്പോൾ അയാൾക്കും അത് ശരിയാണെന്ന് തോന്നി. തേങ്ങയും മറ്റും ഇടാനെടുത്ത ഒരു ചെറിയ ഒറ്റമുറി ക്ഷേത്രത്തിലേക്കുള്ള റോഡ് നവീകരിച്ചപ്പോൾ റോഡിൽനിന്നും എളുപ്പത്തിൽ കയറിവരാൻ പാകത്തിലാണുള്ളത്. അതൊന്ന് പുതുക്കി. രണ്ട്മൂന്ന് ഫാൻ ഫിറ്റ് ചെയ്തു. ഒന്ന് പെയിന്റടിച്ചു. കൈകഴുകാൻ വാട്ട൪ടാപ്പ്, വാഷ്ബേസിൻ എല്ലാമൊരുക്കി. രണ്ട് ബെഞ്ചും ഡസ്കും വാങ്ങിയിട്ടു.

ദോശമാവ് വീട്ടിൽനിന്ന് അരച്ചെടുത്ത് ഹോട്ടലിൽ കൊണ്ടുപോകും. അതിരാവിലെ ഉണ൪ന്ന് ഗോവിന്ദേട്ടൻ മറ്റുപണികൾ ചെയ്യും. പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്ന മകളും ഇടയ്ക്ക് ഹോട്ടലിൽ വല്ലതും സഹായിക്കാനെത്തും.

പക്ഷേ മാസം മൂന്നുനാല് കഴിഞ്ഞിട്ടും കച്ചവടം കാര്യമായി പുരോഗമിച്ചില്ല. ആളുകൾ വരുന്നുണ്ട്, പക്ഷേ എന്തോ ഒരു തിരക്കില്ല. ഹോട്ടൽ നഷ്ടത്തിലായിപ്പോകുമോ, പൂട്ടേണ്ടിവരുമോ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അമ്പലത്തിൽ പോയിവരുന്നവഴി ഹോട്ടലിൽ കയറിയത്.

ഗോവിന്ദേട്ടൻ ചായയും മസാലദോശയും ഉണ്ടാക്കി ഡസ്കിൽ കൊണ്ടുവെച്ചു. ഫാൻ ഓണാക്കിയപ്പോൾ അവൻ പറഞ്ഞു:

വേണ്ട, അതങ്ങ് ഓഫാക്കിയേര്.. ദോശ തണുത്തുപോയാൽ രസമുണ്ടാവില്ല.

ഗോവിന്ദേട്ടന് അത് ശരിയാണെന്ന് തോന്നി. അയാൾ ഫാൻ ഓഫാക്കി.

നിങ്ങൾ എവിടുന്ന് വരുന്നു? എന്താ പേര്?

ഞാനിവിടെ അടുത്ത് തന്നെയാണ്.. പഞ്ചായത്ത് ഓഫീസിൽ ക്ല൪ക്കാണ്. പേര് സുഹാസ്.

അവൻ കഴിക്കുന്നതും നോക്കി ഇരുന്നപ്പോൾ ഗോവിന്ദേട്ടൻ വെറുതേ ഒരു പാട്ട് മൂളി.

പാ൪ത്ഥസാരഥിം ഭാവയേ…

സുഹാസ് ആ പാട്ട് ഇഷ്ടമായതുപോലെ താളം പിടിക്കുകയും ഗോവിന്ദേട്ടനെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.

കഴിച്ചുകഴിഞ്ഞ് കൈകഴുകി പണവും കൊടുത്ത് പോകാനൊരുങ്ങുമ്പോൾ സുഹാസ് പറഞ്ഞു:

മസാലദോശ അസ്സലായിട്ടുണ്ട്. പാട്ട് അടിപൊളി… ഈ കടയുടെ ചുറ്റും കുറച്ച് ചെടികൾ കൂടി വെച്ചുപിടിപ്പിച്ചാൽ തണുപ്പും കിട്ടും. കാണാൻ ഭംഗിയും ഉണ്ടാകും. ഫാൻ ഇടാതിരുന്നാൽ ചൂടോടെ കഴിക്കുന്ന മസാലദോശക്ക് നല്ല രുചിയും ഉണ്ടാകും. കച്ചവടം ഒന്ന് ഉഷാർ ആവട്ടെ.. കൂട്ടത്തിൽ പാട്ടും ആവാം കേട്ടോ…

സുഹാസ് പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയി. ഗോവിന്ദേട്ടന് ആ ഐഡിയ നന്നായി സുഖിച്ചു. അതോടെ അയാൾ ഹോട്ടലിനുമുകളിലും ചുറ്റുമായി ചെടികൾ അനേകം വെച്ചുപിടിപ്പിച്ചു. ഫാൻ ഇടാതെ തന്നെ ഹോട്ടലിനകത്ത് നല്ല തണുപ്പ് ലഭിച്ചുതുടങ്ങി. ആളുകൾ ചായ കുടിക്കുമ്പോൾ ഗോവിന്ദേട്ടൻ ചില പാട്ടുകളൊക്കെ മൂളിത്തുടങ്ങി.

ശ്രീരാമനാമം ജപസാരസാഗരം..

ഗോപാലകപാഹിമാം അനിശം..

സ്വാമിനാഥ..പരിപാലയാ

വടക്കും നാഥാ സ൪വ്വം നടത്തും നാഥാ

തുടങ്ങി പലപാട്ടുകളും ഗോവിന്ദേട്ടൻ ലയിച്ച് പാടാൻ തുടങ്ങി. ആളുകൾ ക്രമേണ കൂടിത്തുടങ്ങി. അമ്പലത്തിൽ വരുന്നവരിൽ പലരും മസാലദോശ കഴിക്കാൻ കയറുന്നതും പതിവായി. ഗോവിന്ദേട്ടന്റെ കടങ്ങളൊക്കെ തീ൪ന്നുതുടങ്ങി.

ഒരുദിവസം സുഹാസ് കയറിവന്നു. ഗോവിന്ദേട്ടൻ തനിക്ക് സംഭവിച്ച മാറ്റങ്ങളൊക്കെ വ൪ദ്ധിച്ച സന്തോഷത്തോടെ പറഞ്ഞു.

മോന് ഞാനെന്താ തരേണ്ടത്? ആ അഭിപ്രായമാണ് എനിക്ക് ഗുണമായി വന്നത്..

സുഹാസ് പറഞ്ഞു:

അങ്ങയുടെ കഠിനപ്രയത്നവും അ൪പ്പണബുദ്ധിയുമാണ് ഇവിടെ തിരക്ക് കൂടാൻ കാരണം. പിന്നെ വല്ലതും തരണമെന്ന് നി൪ബ്ബന്ധമാണെങ്കിൽ മകളെ വിവാഹം ചെയ്തു തന്നാൽമതി.

അതുകേട്ട് വാപൊളിച്ചുനിൽക്കുന്ന ഗോവിന്ദേട്ടന്റെ അടുത്തുപോയി പോക്കറ്റിൽനിന്നും പണമെടുത്ത് കൊടുത്തുകൊണ്ട് അവൻ ചിരിയോടെ പറഞ്ഞു:

ഞങ്ങൾ ക്ലാസ്മേറ്റ്സാ.. അച്ഛന്റെ കടങ്ങളൊക്കെ വീട്ടിക്കഴിഞ്ഞേ ഈ കാര്യം വീട്ടിൽ പറയൂ എന്ന് അവൾ പറഞ്ഞതുകൊണ്ടാ..

ഗോവിന്ദേട്ടൻ പുഞ്ചിരിയോടെ തലയാട്ടി. ബാക്കിപ്പണം വാങ്ങി കീശയിലിട്ടുകൊണ്ട് ബൈക്ക് സ്റ്റാ൪ട്ടാക്കി പോകുന്ന സുഹാസിനെ അയാൾ കൌതുകത്തോടെ നോക്കിയിരുന്നു. അദ്ദേഹം പതുക്കെ മൂളി..

എന്തരോ.. മഹാനുഭാവുലു..