അങ്ങിനെ കണ്ണിൽ കണ്ട പേരുകളൊക്കെയുള്ള ജൂസുകൾ ഫൈസു അടിച്ചു തകർക്കുന്ന സമയം……..

എഴുത്ത്:-സൽമാൻ സാലി

നാട്ടിൽ ഓറഞ്ചും ലൈമും മുന്തിരിയും ജൂസടിച്ചു നടന്നോണ്ടിരുന്ന കാലത്താണ് ഞമ്മടെ ഫൈസൂന് ദുഫായിലേക്ക് ഒരു വിസ വരുന്നത്…..

ഫൈസൂന്റെ ലൈം കുടിച്ച് ഇഷ്ട്ടായി നാട്ടിലെ കഫ്റ്റീരിയ മുതലാളി വെച്ചു നീട്ടിയ വിസയും വാങ്ങി ഫൈസു എയർ ഇന്ത്യാ വിമാനത്തിൽ ദുഫായിൽ പറന്നിറങ്ങിയത്…

ദുഫായിലെ പേരുകേട്ട സ്ഥലമായ ബർദുബൈ തന്നെ ആയിരുന്നു ഫൈസൂന്റെ കഫ്റ്റീരിയ..

ജോലിക്ക് കയറി ആദ്യ ദിവസം തന്നെ ടൈറ്റാനിക് ജ്യൂസ്‌ ഓർഡർ വന്നപ്പോളാണ് ഫൈസൂന് സംഗതി കൈവിട്ടു പോയി എന്ന് മനസിലായത്.. മാങ്ങയും മുന്തിരിയുമൊക്കെ ജൂസടിക്കാം ഇതിപ്പോൾ കപ്പൽ ജൂസടിക്കാനൊന്നും എന്നെകൊണ്ട് പറ്റൂല എന്ന് കൂടെ ജോലിയെടുക്കുന്നവനോട് പറഞ്ഞു…

“” ഡാ.. മൊയന്തേ.. അത് കപ്പൽ ജൂസല്ല.. അത് മാങ്ങയും സ്ട്രോബറിയും ബട്ടറും കൂടി അടിക്കുന്നതാ ….

ഇത്രയേ ഉള്ളൂ എന്ന രീതിയിൽ അവനെ ഒന്ന് നോക്കി ഫൈസൂ ജൂസടിച്ചു കൊടുത്തു..

പിന്നീട് അങ്ങോട്ട്‌ “ഇമറാത്തിയും “കോക്ടിലും “ശൈകയും “റോളക്‌സും അങ്ങിനെ കണ്ണിൽ കണ്ട പേരുകളൊക്കെയുള്ള ജൂസുകൾ ഫൈസു അടിച്ചു തകർക്കുന്ന സമയം..

ഉച്ച സമയത്ത് മുതലാളിയും ഫൈസുവും മാത്രമാണ് കടയിൽ ഉണ്ടാവാറ്..

മുതലാളി നിസ്‌കരിക്കാൻ പോയ നേരത്താണ് ഒരാനകുട്ടി വലിപ്പത്തിലുള്ള പട്ടാണി (പാകിസ്താനി )കടയിലേക്ക് കയറി വന്നത്..

“”കൈസാഹേ.. ബായ്..

ബുർജുഖലീഫയുടെ താഴെ നിന്ന് മുകളിലോട്ട് നോക്കുമ്പോലെ പട്ടാണിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ഫൈസു പറഞ്ഞു..

“”അച്ഛാ ഹേ.. ബായ്…

“”ആപ്പ് നയാ ഹേ… (താൻ പുതിയ ആളാണോ )

ഫൈസുവിന്റെ തുടയുടെ വലുപ്പമുള്ള പട്ടാണിയുടെ കൈകളിൽതന്നെ നോക്കി നിന്ന ഫൈസുവിന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി…

“”ബായ്… ഏക് മംഗോ ജൂസ് ബനാന…

പട്ടാണിയുടെ മുന്നിൽ നിന്നും വേഗം തടി രക്ഷപെടുത്തി ഫൈസു ഉള്ളിലേക്ക് നടന്നു…

ജൂസ് മിഷീൻ കയ്യിലെടുത്തപ്പോളാണ് ഫൈസുവിന് ഒരു സംശയം പട്ടാണി എന്ത് ജൂസ് ആണ് പറഞ്ഞത് എന്ന്..

മംഗോ ജൂസ് ബനാന.. അപ്പോൾ മാങ്ങയും പഴവും ആണോ.. ഒരുമിച്ചാടിക്കണോ അതോ ഒരു മംഗോ ജൂസും ഒരു ബനാന ജൂസും അടിക്കണോ.. പഹയന്റെ കോലം കണ്ടിട്ട് ഒന്ന് കൂടി ചോദിക്കാനുള്ള ധൈര്യവും ഇല്ല.. ദേഷ്യം പിടിച്ചാൽ ചിലപ്പോൾ അയാൾ കടിച്ചു തിന്നുകളയും ആ വക സൈസ് ആണ് പട്ടാണി..

മുതലാളി വരുന്നതിന് മുൻപ് ഒരു മംഗോ ജൂസും ഒരു ബനാന ജൂസും അടിച്ചു പട്ടാണിയുടെ മുന്നിലേക്ക് കൊണ്ട് വച്ചു മാറി നിന്നു..

“”എ.. ക്യാ.. ഹേ.. ബായ്.. മേ.. ഏക് മംഗോ ജൂസ് ബനാനെ കേലിയെ ബോല.. ആപ്പ് ദോ ജൂസ് ക്യൂ ബനായ… (ഇതെന്താണ് ബായ് ഞാൻ ഒരു മാങ്ങാ ജൂസിനാണ് പറഞ്ഞത് താങ്കൾ എന്തിനാണ് രണ്ടു ജൂസ് കൊണ്ടുവന്നത് )

പട്ടാണിയുടെ ഹിന്ദി കേട്ടതും ഫൈസുവിന്ഹിന്ദിയുടെ ശാരദ ടീച്ചറെയാണ് ഓർമ വന്നത്..

ആകെ അറിയാവുന്ന മുറി ഹിന്ദിയിൽ ഒരു ജൂസ് ഫ്രീ ആണെന്ന് പറഞ്ഞപ്പോൾ പട്ടാണി ചിരിച്ചുകൊണ്ട് ഒറ്റവലിക്ക് രണ്ടു ജൂസും അകത്താക്കി അവിടെ ഇരിക്കുമ്പോളാണ് മുതലാളി കയറി വരുന്നത്…

“അബ്ദുല്ല ബായ് കൈസാ ഹേ… താങ്കളുടെ പുതിയ പണിക്കാരൻ ആള് നല്ലവനാണ് എനിക്ക് ഒരു ജൂസിന്റെ കൂടെ ഒരു ജൂസുകൂടി ഫ്രീ തന്നു എന്നൊക്കെ ഒറ്റ ശ്വാസത്തിൽ പട്ടാണി മുതലാളിയോട് പറഞ്ഞു നിർത്തിയതും കുടിക്കുന്ന വെള്ളത്തിന് വരെ പൈസ ചോദിച്ചുവാങ്ങുന്ന മൊതലാളി ഉള്ളിലെക്ക് ഒരു നോട്ടം പാസ്സാക്കി…

ഫൈസു അപ്പോഴും ശാരദ ടീച്ചറുടെ ഹിന്ദി ക്ലാസ്സിൽ ആയിരുന്നു..

കർത്താവ് പുല്ലിംഗമാണെങ്കിൽ കർത്തഹൂ…

കർത്താവ് സ്ത്രീലിംഗമാണെങ്കിൽ കർത്തി ഹൂ…

മുജേ… മുജേ… ഹിന്ദി… മാലൂം… ദൈവമേ… അറിഞ്ഞൂടാ എന്നുള്ളതിന്റെ ഹിന്ദി വാക്ക് എന്താണാവോ…

മുജേ.. ഹിന്ദി… മാലൂം….